JOBA 42
42
ഇയ്യോബിന്റെ മറുപടി
1അപ്പോൾ ഇയ്യോബ് സർവേശ്വരനോടു പറഞ്ഞു:
2“അവിടുത്തേക്കു സകലവും ചെയ്യാൻ കഴിയുമെന്നും
അവിടുത്തെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്താൻ സാധ്യമല്ലെന്നും എനിക്കറിയാം.
3‘അറിവില്ലാതെ ഉപദേശം മറച്ചുവയ്‍ക്കുന്ന ഇവനാര്?’
എന്ന് അവിടുന്നു ചോദിച്ചുവല്ലോ?
എനിക്കു ദുർഗ്രഹമായ അദ്ഭുതകാര്യങ്ങൾ തിരിച്ചറിയാതെ ഞാൻ അങ്ങനെ പറഞ്ഞുപോയി.
4ഞാൻ പറയാം; നീ കേൾക്കണം;
ഞാൻ ചോദിക്കും; നീ ഉത്തരം പറയണം എന്ന് അവിടുന്നു പറഞ്ഞു.
5ഞാൻ അവിടുത്തെക്കുറിച്ചു കേട്ടിട്ടേയുള്ളൂ;
എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു.
6അതിനാൽ ഞാൻ എന്നെക്കുറിച്ചു ലജ്ജിക്കുന്നു.
പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.
7ഇയ്യോബിനോടു സംസാരിച്ചശേഷം, സർവേശ്വരൻ തേമാന്യനായ എലീഫസിനോട് ഇങ്ങനെ അരുളിച്ചെയ്തു: “നിന്റെയും നിന്റെ സ്നേഹിതന്മാരുടെയും നേർക്ക് എന്റെ രോഷം ജ്വലിച്ചിരിക്കുന്നു; കാരണം, എന്റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, എന്നെക്കുറിച്ചു നിങ്ങൾ ശരിയായിട്ടല്ല സംസാരിച്ചത്. 8അതുകൊണ്ടു നിങ്ങൾ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്കുവേണ്ടി ഹോമയാഗം അർപ്പിക്കുക. ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു യോഗ്യമായതു സംസാരിച്ചില്ലെങ്കിലും നിങ്ങളുടെ ആ ഭോഷത്തത്തിന് ഞാൻ നിങ്ങളെ ശിക്ഷിക്കുകയില്ല. 9തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫറും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു. സർവേശ്വരൻ ഇയ്യോബിന്റെ പ്രാർഥന സ്വീകരിച്ചു. 10ഇയ്യോബ് തന്റെ സ്നേഹിതർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ സർവേശ്വരൻ അയാൾക്കു സമ്പൽസമൃദ്ധി വീണ്ടും നല്‌കി; അതു മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി ആയിരുന്നു. 11ഇയ്യോബിന്റെ എല്ലാ സഹോദരീസഹോദരന്മാരും മുമ്പുണ്ടായിരുന്ന എല്ലാ മിത്രങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. സർവേശ്വരൻ ഇയ്യോബിനു വരുത്തിയ അനർഥങ്ങളെക്കുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുകയും ചെയ്തു. ഓരോരുത്തനും ഇയ്യോബിന് ഓരോ പൊൻനാണയവും പൊൻമോതിരവും സമ്മാനിച്ചു. 12ഇങ്ങനെ സർവേശ്വരൻ ഇയ്യോബിന്റെ ജീവിതസായാഹ്നം മുമ്പിലത്തേതിനെക്കാൾ അനുഗൃഹീതമാക്കി. അദ്ദേഹം പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും ആയിരം ജോടി കാളകളും ആയിരം പെൺകഴുതകളും സമ്പാദിച്ചു. 13ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അദ്ദേഹത്തിനു ജനിച്ചു. 14മൂത്തമകൾക്ക് യെമീമാ എന്നും രണ്ടാമത്തവൾക്ക് കെസീയാ എന്നും മൂന്നാമത്തെ മകൾക്കു കേരെൻ ഹപ്പൂക്ക് എന്നും പേരിട്ടു. 15ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായി മറ്റാരും ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. അവർക്കു സഹോദരന്മാരോടൊപ്പം പിതൃസ്വത്ത് നല്‌കി. 16പിന്നീട് ഇയ്യോബ് നൂറ്റിനാല്പതു വർഷം ജീവിച്ചു. അദ്ദേഹം മക്കളും മക്കളുടെ മക്കളുമായി നാലാം തലമുറവരെയുമുള്ള സന്തതികളെ കണ്ടു. 17അങ്ങനെ ഇയ്യോബ് വയോവൃദ്ധനായി മരിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JOBA 42: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.