JOBA 30

30
1എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായം കുറഞ്ഞവർ എന്നെ പരിഹസിക്കുന്നു
അവരുടെ പിതാക്കന്മാരെ എന്റെ ആട്ടിൻകൂട്ടത്തിന്റെ
നായ്‍ക്കളുടെ കൂടെ കാവൽ നിർത്താൻ പോലും ഞാൻ മടിച്ചിരുന്നു.
2അവരുടെ ദുർബലകരങ്ങൾകൊണ്ട് എനിക്ക് എന്തുണ്ടു നേടാൻ?
3ദാരിദ്ര്യവും വിശപ്പും നിമിത്തം അവർ വരണ്ടഭൂമിയിലെ ഉണക്കവേരുകൾ കാർന്നു തിന്നുന്നു.
4അവർ മരുച്ചീരയും മുള്ളിലകളും ആഹാരമാക്കുന്നു;
കാട്ടുകിഴങ്ങുകളും പറിച്ചുതിന്നുന്നു.
5ജനമധ്യത്തിൽനിന്ന് അവർ തുരത്തപ്പെടുന്നു;
കള്ളന്മാരെ എന്നപോലെ അവരെ ആട്ടിപ്പായിക്കുന്നു.
6കാട്ടാറുകളുടെ തീരത്തെ മലയിടുക്കുകളിലും
കുഴികളിലും പാറകളുടെ വിള്ളലുകളിലും അവർക്ക് പാർക്കേണ്ടിവരുന്നു.
7കുറ്റിക്കാടുകളിൽ കിടന്ന് അവർ മോങ്ങുന്നു.
കൊടിത്തൂവയ്‍ക്കിടയിൽ അവർ ഒന്നിച്ചു കൂടുന്നു.
8ഭോഷരും നിന്ദ്യരുമായ ആ കൂട്ടം നാട്ടിൽനിന്നു തുരത്തപ്പെടുന്നു.
9ഇപ്പോൾ ഞാൻ അവർക്കൊരു പാട്ടും പഴമൊഴിയും ആയിത്തീർന്നിരിക്കുന്നു.
10അവർ അറപ്പോടെ എന്നിൽനിന്ന് അകന്നു മാറിനില്‌ക്കുന്നു.
എന്നെ കാണുമ്പോൾ തുപ്പാൻപോലും അവർ മടിക്കുന്നില്ല.
11ദൈവം എന്റെ വില്ലിന്റെ ഞാണയച്ച് എന്നെ എളിമപ്പെടുത്തിയിരിക്കുന്നതിനാൽ
അവർ എന്റെ മുമ്പിൽ ആത്മനിയന്ത്രണം വെടിഞ്ഞിരിക്കുന്നു.
12നീചന്മാർ വലത്തുവശത്തുനിന്ന് എന്നെ ആക്രമിക്കുന്നു.
അവർ വിനാശകരമായ തന്ത്രങ്ങൾ എന്റെ നേരേ പ്രയോഗിക്കുന്നു.
13എന്റെ പാത അവർ തകർക്കുന്നു;
എന്റെ അനർഥങ്ങൾ വർധിപ്പിക്കുന്നു.
ആരും അവരെ തടയുന്നില്ല.
14വലിയ ഒരു വിടവിൽക്കൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു.
പൊളിഞ്ഞുവീണിടത്തു കൂടി അവർ പാഞ്ഞു കയറുന്നു.
15ഭീകരതകൾ എന്റെ നേരേ തിരിഞ്ഞിരിക്കുന്നു.
എന്റെ അഭിമാനം കാറ്റിൽപ്പെട്ടപോലെ പറക്കുന്നു.
എന്റെ ഐശ്വര്യം മേഘമെന്നപോലെ അപ്രത്യക്ഷമാകുന്നു.
16എന്റെ ആത്മവീര്യം ചോർന്നുപോയിരിക്കുന്നു.
കഷ്ടകാലം എന്നെ പിടികൂടി.
17രാത്രിയിൽ എന്റെ അസ്ഥികൾക്ക് തുളച്ചു കയറുന്ന വേദനയാണ്;
എന്നെ കാർന്നുതിന്നുന്ന വേദനയ്‍ക്ക് അറുതിയില്ല.
18അത് എന്റെ വസ്ത്രത്തെപ്പോലും ബലമായി പിടികൂടിയിരിക്കുന്നു.
പുറംകുപ്പായത്തിന്റെ കഴുത്തുപോലെ അത് എന്നെ ബന്ധിച്ചിരിക്കുന്നു.
19ദൈവം എന്നെ ചെളിക്കുണ്ടിലേക്ക് എറിഞ്ഞിരിക്കുന്നു.
ഞാൻ മണ്ണോ ചാരമോ പോലെ ആയിത്തീർന്നു.
20ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നില്ല.
ഞാൻ തിരുമുമ്പിൽ നില്‌ക്കുന്നു;
അവിടുന്ന് എന്നെ ശ്രദ്ധിക്കുന്നില്ല.
21അവിടുന്ന് എന്റെ നേരേ ക്രൂരനായിരിക്കുന്നു;
കരബലത്താൽ എന്നെ പീഡിപ്പിക്കുന്നു.
22അവിടുന്ന് എന്നെ പൊക്കിയെടുത്ത് കാറ്റിന്മേൽ സവാരി ചെയ്യിക്കുന്നു.
ഇരമ്പുന്ന കൊടുങ്കാറ്റിൽ അവിടുന്ന് എന്നെ അമ്മാനമാടുന്നു.
23അതേ, മരണത്തിലേക്കു സർവജീവികൾക്കും വേണ്ടി ഒരുക്കിയിട്ടുള്ള സങ്കേതത്തിലേക്ക്
അവിടുന്ന് എന്നെ കൊണ്ടുപോകുമെന്ന് എനിക്കറിയാം.
24എങ്കിലും നാശക്കൂനയിൽപ്പെടുമ്പോൾ ഒരുവൻ കൈ നീട്ടുകയില്ലേ?
അത്യാഹിതത്തിൽപ്പെട്ടവൻ സഹായത്തിനു വേണ്ടി നിലവിളിക്കുകയില്ലേ?
25കഷ്ടതയിൽപ്പെട്ടവനുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ?
എളിയവനെപ്രതി എന്റെ മനസ്സു വേദനിച്ചിട്ടില്ലേ?
26എന്നാൽ നന്മ പ്രതീക്ഷിച്ചിരുന്നപ്പോൾ എനിക്കു തിന്മ വന്നു;
വെളിച്ചം കാത്തിരുന്നപ്പോൾ ഇരുട്ടു വന്നുചേർന്നു.
27എന്റെ ഹൃദയം ഇളകിമറിയുന്നു;
അതിനു സ്വസ്ഥത ലഭിക്കുന്നില്ല.
കഷ്ടതയുടെ ദിനങ്ങൾ എന്നെ നേരിടുന്നു.
28സൂര്യപ്രകാശം കാണാതെ ഞാൻ ഇരുണ്ടു പോയിരിക്കുന്നു.
ഞാൻ സഭയിൽ എഴുന്നേറ്റുനിന്ന് സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
29ഞാൻ കുറുക്കനു സഹോദരനും ഒട്ടകപ്പക്ഷിക്കു കൂട്ടുകാരനും ആയിരിക്കുന്നു.
30എന്റെ തൊലി കറുത്തു പൊളിയുന്നു;
എന്റെ അസ്ഥി ചൂടുകൊണ്ടു പൊരിയുന്നു.
31എന്റെ വീണാലാപം വിലാപമായും എന്റെ കുഴൽനാദം രോദനമായും തീർന്നിരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JOBA 30: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക