യേശു ഒലിവുമലയിലേക്കു പോയി. അടുത്ത ദിവസം രാവിലെ അവിടുന്നു വീണ്ടും ദേവാലയത്തിലെത്തി. ജനമെല്ലാം അവിടുത്തെ അടുക്കൽ വന്നുകൂടി. യേശു അവിടെയിരുന്ന് അവരെ പഠിപ്പിച്ചുതുടങ്ങി. വ്യഭിചാരക്കുറ്റത്തിൽ പിടിക്കപ്പെട്ട ഒരു സ്‍ത്രീയെ മതപണ്ഡിതന്മാരും പരീശന്മാരുംകൂടി കൊണ്ടുവന്ന് അവരുടെ മധ്യത്തിൽ നിറുത്തി. അവർ യേശുവിനോടു പറഞ്ഞു: “ഗുരോ, വ്യഭിചാരകർമത്തിൽ ഏർപ്പെട്ടിരിക്കെത്തന്നെ പിടിക്കപ്പെട്ടവളാണ് ഈ സ്‍ത്രീ. ഇങ്ങനെയുള്ളവരെ കല്ലെറിഞ്ഞു കൊല്ലണമെന്നാണ് മോശയുടെ നിയമസംഹിത അനുശാസിച്ചിട്ടുള്ളത്. അങ്ങ് എന്തു പറയുന്നു?” യേശുവിന്റെ പേരിൽ കുറ്റം ആരോപിക്കുന്നതിനുവേണ്ടി അവിടുത്തെ പരീക്ഷിക്കുന്നതിനാണ് അവർ ഇങ്ങനെ ചോദിച്ചത്. യേശുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്നാൽ അവർ ഈ ചോദ്യം ആവർത്തിച്ചതുകൊണ്ട് യേശു നിവർന്ന് “നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ” എന്ന് അവരോടു പറഞ്ഞു. പിന്നെയും യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. ഇതു കേട്ടപ്പോൾ പ്രായം കൂടിയവർ തുടങ്ങി ഓരോരുത്തരായി എല്ലാവരും സ്ഥലം വിട്ടു. ഒടുവിൽ ആ സ്‍ത്രീയും യേശുവും മാത്രം ശേഷിച്ചു. യേശു നിവർന്ന് അവളോട് “അവരെല്ലാവരും എവിടെ? നീ കുറ്റവാളിയാണെന്ന് ആരും വിധിച്ചില്ലേ?” എന്നു ചോദിച്ചു. “ഇല്ല പ്രഭോ” എന്ന് അവൾ മറുപടി പറഞ്ഞു. അപ്പോൾ യേശു, “ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‍ക്കൊള്ളുക; ഇനിമേൽ പാപം ചെയ്യരുത്” എന്ന് അരുൾചെയ്തു.
JOHANA 8 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 8:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ