JOHANA 6:4-15

JOHANA 6:4-15 MALCLBSI

യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. യേശു തല ഉയർത്തി നോക്കി. ഒരു വലിയ ജനസഞ്ചയം തന്റെ അടുക്കലേക്കു വരുന്നതു കണ്ടിട്ട് അവിടുന്നു ഫീലിപ്പോസിനോട് ചോദിച്ചു: “ഇവർക്കു ഭക്ഷിക്കുവാൻ നാം എവിടെനിന്നാണ് അപ്പം വാങ്ങുക?” ഫീലിപ്പോസിനെ പരീക്ഷിക്കുന്നതിനായിരുന്നു യേശു ഇപ്രകാരം ചോദിച്ചത്. താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. “ഇരുനൂറു ദിനാറിന് അപ്പം വാങ്ങിയാൽപോലും ഇവരിൽ ഓരോരുത്തനും അല്പമെങ്കിലും കൊടുക്കുവാൻ മതിയാകുകയില്ല” എന്നു ഫീലിപ്പോസ് മറുപടി പറഞ്ഞു. ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് എന്ന ശിഷ്യൻ യേശുവിനോട്, “ഇവിടെ ഒരു ബാലനുണ്ട്; അവന്റെ കൈയിൽ അഞ്ചു ബാർലി അപ്പവും രണ്ടു മീനുമുണ്ട്; പക്ഷേ, ഇത്ര വളരെ ആളുകൾക്ക് അത് എന്താകാനാണ്?” എന്നു പറഞ്ഞു. യേശു ശിഷ്യന്മാരോട്, “ആളുകളെ എല്ലാം ഇരുത്തുക” എന്നാജ്ഞാപിച്ചു. ധാരാളം പുല്ലുള്ള സ്ഥലമായിരുന്നു അത്. പുരുഷന്മാർ ഏകദേശം അയ്യായിരം പേരുണ്ടായിരുന്നു. യേശു അപ്പമെടുത്തു സ്തോത്രം ചെയ്തശേഷം ഇരുന്നവർക്കു പങ്കിട്ടു കൊടുത്തു. അങ്ങനെതന്നെ മീനും വേണ്ടുവോളം വിളമ്പി. എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോട്: “ശേഷിച്ച കഷണങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ ശേഖരിക്കുക” എന്നു പറഞ്ഞു. അങ്ങനെ അഞ്ചപ്പത്തിൽനിന്ന് അയ്യായിരം പേർ ഭക്ഷിച്ചശേഷം ബാക്കി വന്ന കഷണങ്ങൾ അവർ ശേഖരിച്ചു; അവ പന്ത്രണ്ടു കുട്ട നിറയെ ഉണ്ടായിരുന്നു. യേശു ചെയ്ത ഈ അദ്ഭുതപ്രവൃത്തി കണ്ട്: “തീർച്ചയായും ലോകത്തിലേക്കു വരുവാനിരിക്കുന്ന പ്രവാചകൻ ഇദ്ദേഹം തന്നെ” എന്ന് ആളുകൾ പറഞ്ഞു. അവർ വന്നു തന്നെ പിടിച്ചുകൊണ്ടുപോയി രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കി യേശു തനിച്ചു മലയിലേക്കു വീണ്ടും പിൻവാങ്ങി.

JOHANA 6 വായിക്കുക