JOHANA 6:25-35

JOHANA 6:25-35 MALCLBSI

തടാകത്തിന്റെ മറുകരയിൽവച്ച് യേശുവിനെ കണ്ടപ്പോൾ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവർ ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ കാണിച്ച അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങൾ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നല്‌കും; എന്തുകൊണ്ടെന്നാൽ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനിൽ പതിച്ചിരിക്കുന്നു.” അപ്പോൾ അവർ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവാൻ ഞങ്ങൾ എന്തു ചെയ്യണം?” യേശു ഉത്തരമരുളി: “ദൈവം അയച്ചവനിൽ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.” അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്? നമ്മുടെ പൂർവികന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു. അവർക്കു ഭക്ഷിക്കുവാൻ സ്വർഗത്തിൽനിന്നു മോശ അപ്പം നല്‌കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.” യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വർഗത്തിൽനിന്നുള്ള അപ്പം മോശയല്ല നിങ്ങൾക്കു നല്‌കിയത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം എന്റെ പിതാവാണു നിങ്ങൾക്കു നല്‌കുന്നത്. ദൈവത്തിന്റെ അപ്പമാകട്ടെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നവൻ തന്നെ.” അപ്പോൾ അവർ: “ഗുരോ, ഞങ്ങൾക്കു ആ അപ്പം എപ്പോഴും നല്‌കണമേ” എന്ന് അപേക്ഷിച്ചു. യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല.

JOHANA 6 വായിക്കുക