ഒരു വഞ്ചി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും ശിഷ്യന്മാരോടുകൂടി യേശു വഞ്ചിയിൽ കയറിയിരുന്നില്ല എന്നും ശിഷ്യന്മാർ തനിച്ചാണു പോയത് എന്നും പിറ്റേദിവസം മറുകരെയുണ്ടായിരുന്ന ജനങ്ങൾ മനസ്സിലാക്കി. കർത്താവു വാഴ്ത്തിക്കൊടുത്ത അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തിനടുത്തേക്കു തിബെര്യാസ് പട്ടണത്തിൽനിന്നു വഞ്ചികളിൽ ആളുകൾ ചെന്നു. യേശുവോ, ശിഷ്യന്മാരോ, അവിടെയില്ലെന്നു മനസ്സിലാക്കിയപ്പോൾ ആ ജനം വഞ്ചികളിൽ കയറി യേശുവിനെ അന്വേഷിച്ചു കഫർന്നഹൂമിലെത്തി. തടാകത്തിന്റെ മറുകരയിൽവച്ച് യേശുവിനെ കണ്ടപ്പോൾ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവർ ചോദിച്ചു. യേശു പറഞ്ഞു: “ഞാൻ കാണിച്ച അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങൾ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നല്‌കും; എന്തുകൊണ്ടെന്നാൽ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനിൽ പതിച്ചിരിക്കുന്നു.” അപ്പോൾ അവർ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവാൻ ഞങ്ങൾ എന്തു ചെയ്യണം?” യേശു ഉത്തരമരുളി: “ദൈവം അയച്ചവനിൽ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.” അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്? നമ്മുടെ പൂർവികന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു. അവർക്കു ഭക്ഷിക്കുവാൻ സ്വർഗത്തിൽനിന്നു മോശ അപ്പം നല്‌കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.” യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വർഗത്തിൽനിന്നുള്ള അപ്പം മോശയല്ല നിങ്ങൾക്കു നല്‌കിയത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം എന്റെ പിതാവാണു നിങ്ങൾക്കു നല്‌കുന്നത്. ദൈവത്തിന്റെ അപ്പമാകട്ടെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നവൻ തന്നെ.” അപ്പോൾ അവർ: “ഗുരോ, ഞങ്ങൾക്കു ആ അപ്പം എപ്പോഴും നല്‌കണമേ” എന്ന് അപേക്ഷിച്ചു. യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. പിതാവ് എനിക്ക് ആരെയെല്ലാം നല്‌കുന്നുവോ അവർ എല്ലാവരും എന്റെ അടുക്കൽ വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. എന്തെന്നാൽ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ്. എനിക്കു നല്‌കിയിരിക്കുന്നവരിൽ ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്. പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവർക്കും അനശ്വരജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ അഭീഷ്ടം. അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.” സ്വർഗത്തിൽനിന്നു വന്ന അപ്പമാണു താൻ എന്ന് യേശു പറഞ്ഞതിനാൽ അവിടുത്തെക്കുറിച്ചു യെഹൂദന്മാർ പിറുപിറുത്തു. അവർ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യൻ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാൾ പറയുന്നത്?” യേശു പ്രതിവചിച്ചു: “നിങ്ങൾ അന്യോന്യം പിറുപിറുക്കേണ്ടാ. എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ല. അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും.
JOHANA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 6:22-44
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ