യേശു അവരോടു പറഞ്ഞു: “സത്യം ഞാൻ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയിൽ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രൻ ചെയ്യുന്നുള്ളൂ. പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താൻ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികൾ അവിടുന്നു കാണിച്ചുകൊടുക്കും. പിതാവു മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ നല്‌കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവർക്ക് ജീവൻ നല്‌കുന്നു. പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവൻ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനിൽ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവൻ ന്യായവിധിക്കു വിധേയനാകാതെ മരണത്തിൽനിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവൻ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. താൻ തന്നെ ജീവന്റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. അവൻ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. ഇതിൽ ആരും ആശ്ചര്യപ്പെടേണ്ടാ. ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവർ ഉയിർത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവർ ഉയിർത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു. “എനിക്കു സ്വയമേവ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാൻ ന്യായം വിധിക്കുന്നു. എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാൻ ചെയ്യുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് എന്റെ വിധി നീതിയുക്തവുമാണ്. “ഞാൻ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല. എന്നാൽ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. നിങ്ങൾ യോഹന്നാന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു. മനുഷ്യന്റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങൾ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്. യോഹന്നാൻ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്റെ പ്രകാശത്തിൽ അല്പകാലം ആഹ്ലാദിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തു. എന്നാൽ യോഹന്നാൻ നല്‌കിയ സാക്ഷ്യത്തെക്കാൾ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാൻ ചെയ്തു പൂർത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികൾതന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്. എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങൾ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദർശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളിൽ വസിക്കുന്നുമില്ല. എന്തെന്നാൽ അവിടുന്ന് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. വേദലിഖിതങ്ങളിൽ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങൾ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങൾ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. “മനുഷ്യരുടെ പ്രശംസയ്‍ക്ക് ഞാൻ വില കല്പിക്കുന്നില്ല. എന്നാൽ എനിക്കു നിങ്ങളെ അറിയാം; നിങ്ങളിൽ ദൈവസ്നേഹം ഇല്ല. എന്റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാൾ തന്റെ സ്വന്തം അധികാരത്തിൽ വന്നാൽ അയാളെ നിങ്ങൾ സ്വീകരിക്കും. ഏക ദൈവത്തിൽനിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങൾക്കു വിശ്വസിക്കുവാൻ എങ്ങനെ കഴിയും? എന്റെ പിതാവിന്റെ സന്നിധിയിൽ ഞാൻ നിങ്ങളുടെമേൽ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങൾ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേൽ കുറ്റം ആരോപിക്കുക. മോശയെ നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാൽ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?”
JOHANA 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 5:19-47
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ