അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാൽ യേശു യെരൂശലേമിലേക്കു പോയി. അവിടെ ‘ആട്ടിൻ വാതിൽ’ എന്ന നഗരഗോപുരത്തിനു സമീപം ’ബേത്‍സഥാ’ എന്ന് എബ്രായ ഭാഷയിൽ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്. അവിടെ അന്ധന്മാർ, മുടന്തന്മാർ, ശരീരം തളർന്നവർ തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തർ കിടന്നിരുന്നു. കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവർ. ഇടയ്‍ക്കിടെ ഒരു ദൈവദൂതൻ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു. മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. യേശു ആ രോഗിയെ കണ്ടു; ദീർഘകാലമായി അയാൾ ഈ അവസ്ഥയിൽ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു. രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിലിറക്കുവാൻ ആരുമില്ല; ഞാൻ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.” യേശു അയാളോട്, “എഴുന്നേറ്റ്, നിന്റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു തുടങ്ങി. അതൊരു ശബത്തു ദിവസമായിരുന്നു. സുഖംപ്രാപിച്ച മനുഷ്യനോട് യെഹൂദന്മാർ ചോദിച്ചു: “ഇന്ന് ശബത്തല്ലേ? ശബത്തു ദിവസം കിടക്ക എടുത്തുകൊണ്ടു നടക്കുന്നത് നമ്മുടെ മതനിയമത്തിനു വിരുദ്ധമല്ലേ?” അപ്പോൾ അയാൾ പറഞ്ഞു: “എന്നെ സുഖപ്പെടുത്തിയ മനുഷ്യൻ കിടക്ക എടുത്തുകൊണ്ടു നടക്കുക എന്ന് എന്നോടു പറഞ്ഞു.” അവർ വീണ്ടും അയാളോടു ചോദിച്ചു: “കിടക്കയെടുത്തു നടക്കുവാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആരാണ്?” എന്നാൽ യേശു സൗഖ്യം നല്‌കിയ ആ മനുഷ്യന് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തെന്നാൽ അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിൽ യേശു മറഞ്ഞുകഴിഞ്ഞിരുന്നു. പിന്നീട് യേശു അയാളെ ദേവാലയത്തിൽവച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേൽ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു. ആ മനുഷ്യൻ ചെന്ന് യെഹൂദന്മാരോട്, തന്നെ സുഖപ്പെടുത്തിയത് യേശു ആണെന്നു പറഞ്ഞു. യേശു ശബത്തിൽ ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്തതുകൊണ്ട് യെഹൂദന്മാർ അവിടുത്തെ പീഡിപ്പിക്കുവാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്. അതുകൊണ്ടു ഞാനും പ്രവർത്തിക്കുന്നു.” ശബത്തു ലംഘിച്ചു എന്നതു മാത്രമല്ല, ദൈവത്തെ തന്റെ പിതാവ് എന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തോടു സമനാക്കി എന്നതുകൊണ്ടും യെഹൂദന്മാർ യേശുവിനെ വധിക്കുവാനുള്ള ഉപായം എന്തെന്നു പൂർവാധികം അന്വേഷിച്ചു. യേശു അവരോടു പറഞ്ഞു: “സത്യം ഞാൻ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയിൽ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രൻ ചെയ്യുന്നുള്ളൂ. പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താൻ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികൾ അവിടുന്നു കാണിച്ചുകൊടുക്കും. പിതാവു മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ നല്‌കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവർക്ക് ജീവൻ നല്‌കുന്നു. പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവൻ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
JOHANA 5 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 5:1-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ