JOHANA 4:13-26

JOHANA 4:13-26 MALCLBSI

യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. ഞാൻ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.” സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു. അപ്പോൾ യേശു: “നീ പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു. “എനിക്കു ഭർത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭർത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവൻ യഥാർഥത്തിൽ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.” അപ്പോൾ ആ സ്‍ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. ഞങ്ങളുടെ പൂർവികന്മാർ ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാൽ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങൾ പറയുന്നു.” യേശു അവളോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങൾ യഥാർഥത്തിൽ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങൾക്കറിയാം, ഞങ്ങൾ ആരെയാണ് ആരാധിക്കുന്നതെന്ന്; രക്ഷ യെഹൂദന്മാരിൽനിന്നാണല്ലോ വരുന്നത്. യഥാർഥ ആരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്. “ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോൾ സമസ്തവും ഞങ്ങൾക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു. യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണു മിശിഹാ.”

JOHANA 4 വായിക്കുക