JOHANA 4:1-13

JOHANA 4:1-13 MALCLBSI

യേശു യോഹന്നാനെക്കാൾ അധികം ആളുകളെ ശിഷ്യരാക്കുകയും സ്നാപനം നടത്തുകയും ചെയ്യുന്നു എന്നു പരീശന്മാർ കേട്ടു. യഥാർഥത്തിൽ യേശുവല്ല അവിടുത്തെ ശിഷ്യന്മാരാണ് സ്നാപനം നടത്തിയത്. ഇതറിഞ്ഞപ്പോൾ യേശു യെഹൂദ്യവിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി. അവിടുത്തേക്കു ശമര്യയിൽ കൂടിയാണ് പോകേണ്ടിയിരുന്നത്. അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്‌കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം. യാക്കോബിന്റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്റെ അരികിലിരുന്നു; അപ്പോൾ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു. ഒരു ശമര്യക്കാരി വെള്ളം കോരാൻ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരിക” എന്നു പറഞ്ഞു. ഈ സമയത്ത് ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു. ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാൻ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ യാതൊരു സമ്പർക്കവുമില്ലായിരുന്നു. അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.” അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാൻ അങ്ങയുടെ കൈയിൽ പാത്രമില്ലല്ലോ; കിണറാണെങ്കിൽ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക? നമ്മുടെ പൂർവപിതാവായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങൾക്ക് ഈ കിണർ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.” യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല.

JOHANA 4 വായിക്കുക