JOHANA 20:24-31

JOHANA 20:24-31 MALCLBSI

യേശു ചെന്ന സമയത്ത് പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ ദിദിമോസ് എന്ന തോമസ് ഇതരശിഷ്യന്മാരോടുകൂടി ഇല്ലായിരുന്നു. “ഞങ്ങൾ കർത്താവിനെ കണ്ടു” എന്ന് അവർ തോമസിനോടു പറഞ്ഞു. തോമസ് ആകട്ടെ, “അവിടുത്തെ കൈകളിലെ ആണിപ്പഴുതുകൾ കാണുകയും അവയിൽ എന്റെ വിരലിടുകയും അവിടുത്തെ പാർശ്വത്തിൽ എന്റെ കൈയിടുകയും ചെയ്താലല്ലാതെ ഞാൻ വിശ്വസിക്കുകയില്ല” എന്ന് അവരോടു പറഞ്ഞു. എട്ടാം ദിവസം യേശുവിന്റെ ശിഷ്യന്മാർ വീണ്ടും വാതിലടച്ചു വീടിനകത്ത് ഇരിക്കുകയായിരുന്നു. തോമസും അവരോടുകൂടി ഉണ്ടായിരുന്നു. യേശു അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു. പിന്നീട് അവിടുന്നു തോമസിനോട് അരുൾചെയ്തു: “എന്റെ കൈകൾ കാണുക; നിന്റെ വിരൽ ഇങ്ങോട്ടു നീട്ടൂ; നിന്റെ കൈ നീട്ടി എന്റെ പാർശ്വത്തിലിടുക; അവിശ്വസിക്കാതെ വിശ്വാസിയായിരിക്കുക.” അപ്പോൾ തോമസ് “എന്റെ കർത്താവേ! എന്റെ ദൈവമേ!” എന്നു പ്രതിവചിച്ചു. യേശു തോമസിനോട് “എന്നെ കണ്ടതു കൊണ്ടാണല്ലോ നീ വിശ്വസിക്കുന്നത്; കാണാതെതന്നെ വിശ്വസിക്കുന്നവർ! എത്ര അനുഗ്രഹിക്കപ്പെട്ടവർ!” എന്നു പറഞ്ഞു. ഈ പുസ്തകത്തിൽ രേഖപ്പെടുത്താത്ത മറ്റനേകം അടയാളപ്രവൃത്തികൾ ശിഷ്യന്മാരുടെ കൺമുമ്പിൽവച്ച് യേശു ചെയ്തിട്ടുണ്ട്. യേശു ദൈവപുത്രനായ ക്രിസ്തു ആകുന്നു എന്നു നിങ്ങൾ വിശ്വസിക്കുന്നതിനും അങ്ങനെ അവിടുത്തെ നാമത്തിൽ നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനുമാണ് ഇവ എഴുതപ്പെട്ടിരിക്കുന്നത്.

JOHANA 20 വായിക്കുക