JOHANA 13:6-16

JOHANA 13:6-16 MALCLBSI

യേശു ശിമോൻപത്രോസിന്റെ അടുക്കൽ ചെന്നപ്പോൾ, “ഗുരോ, അങ്ങ് എന്റെ കാലു കഴുകുന്നുവോ” എന്നു ചോദിച്ചു. യേശു അതിനു മറുപടിയായി പറഞ്ഞു: “ഞാൻ ചെയ്യുന്നത് എന്താണെന്നു നീ ഇപ്പോൾ മനസ്സിലാക്കുന്നില്ല, എന്നാൽ പിന്നീടു മനസ്സിലാക്കും.” അപ്പോൾ പത്രോസ്, “അങ്ങ് എന്റെ കാലു കഴുകാൻ ഞാൻ ഒരിക്കലും സമ്മതിക്കുകയില്ല” എന്നു പറഞ്ഞു. യേശു പ്രതിവചിച്ചു: “ഞാൻ നിന്റെ കാലു കഴുകുന്നില്ലെങ്കിൽ ഇനി ഒരിക്കലും നീ എന്റെ ശിഷ്യനായിരിക്കുകയില്ല.” അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഗുരോ, അങ്ങനെയാണെങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല കൈയും തലയുംകൂടി കഴുകിയാലും.” യേശു പത്രോസിനോട്, “കുളി കഴിഞ്ഞിരിക്കുന്നവനു കാലുമാത്രമേ കഴുകേണ്ടതുള്ളൂ. അവൻ മുഴുവൻ ശുദ്ധിയുള്ളവനാണ്. നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു, എന്നാൽ എല്ലാവരും അല്ലതാനും” എന്നു പറഞ്ഞു. തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയശേഷം യേശു പുറങ്കുപ്പായം ധരിച്ചു സ്വസ്ഥാനത്തു വീണ്ടും ഇരുന്നു. അനന്തരം അവിടുന്നു ചോദിച്ചു: “ഞാൻ നിങ്ങൾക്കു ചെയ്തത് എന്താണെന്നു മനസ്സിലായോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു. ഞാൻ ഗുരുവും കർത്താവും ആകുന്നതുകൊണ്ട് നിങ്ങൾ അങ്ങനെ വിളിക്കുന്നതു ശരിതന്നെ. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും അന്യോന്യം പാദങ്ങൾ കഴുകേണ്ടതാണ്. ഞാൻ നിങ്ങൾക്ക് ഒരു മാതൃക കാണിച്ചുതന്നിരിക്കുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം. ഞാൻ ഉറപ്പിച്ചു പറയുന്നു: ഭൃത്യൻ യജമാനനെക്കാൾ വലിയവനല്ല. ദൂതനും തന്നെ അയച്ചവനെക്കാൾ വലിയവനല്ല.

JOHANA 13 വായിക്കുക