JOHANA 12:25-33

JOHANA 12:25-33 MALCLBSI

തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തിൽവച്ചു തന്റെ ജീവനെ വെറുക്കുന്നവൻ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. എന്നെ സേവിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും. “ഇപ്പോൾ എന്റെ മനസ്സ് അസ്വസ്ഥമായിരിക്കുന്നു. ഞാൻ എന്താണു പറയേണ്ടത്? പിതാവേ, ഈ നാഴികയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നോ? എന്നാൽ ഈ പ്രതിസന്ധിയിൽക്കൂടി കടക്കുന്നതിനാണല്ലോ ഞാൻ ഈ നാഴികയിലെത്തിയിരിക്കുന്നത്. പിതാവേ, അവിടുത്തെ നാമം മഹത്ത്വപ്പെടുത്തിയാലും.” അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തുകയും ചെയ്യും” എന്ന് ഒരു അശരീരിയുണ്ടായി. അടുത്തു നിന്നിരുന്ന ജനസഞ്ചയം ആ ശബ്ദം കേട്ടിട്ട് “ഇടിമുഴങ്ങി” എന്നു പറഞ്ഞു. മറ്റുചിലർ “ഒരു ദൈവദൂതൻ” അദ്ദേഹത്തോടു സംസാരിച്ചതാണ്” എന്നു പറഞ്ഞു. അപ്പോൾ യേശു അരുൾചെയ്തു: “ഈ പ്രഖ്യാപനം ഉണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയത്രേ. ഈ ലോകത്തിന്റെ ന്യായവിധി ഇപ്പോൾത്തന്നെയാകുന്നു. ലോകത്തിൻറ അധിപതി ഇപ്പോൾ പുറത്തു തള്ളപ്പെടും. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാവരെയും എന്നിലേക്ക് ആകർഷിക്കും. തനിക്കു സംഭവിക്കുവാൻ പോകുന്ന മരണം എങ്ങനെയുള്ളതായിരിക്കും എന്നു സൂചിപ്പിക്കുവാനത്രേ യേശു ഇതു പറഞ്ഞത്.

JOHANA 12 വായിക്കുക