JOHANA 11:18-46

JOHANA 11:18-46 MALCLBSI

യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം മാത്രം. അതുകൊണ്ടു സഹോദരന്റെ നിര്യാണംമൂലം ദുഃഖിതരായ മാർത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാൻ ഒട്ടേറെ യെഹൂദന്മാർ അവിടെയെത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അവിടുത്തെ സ്വീകരിക്കുവാൻ മാർത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു. യേശു മാർത്തയോട്, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നു പറഞ്ഞു. അപ്പോൾ മാർത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ എന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.” യേശു അവളോട് അരുൾചെയ്തു: “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?” “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു മാർത്ത പ്രതിവചിച്ചു. ഇത്രയും പറഞ്ഞിട്ട് മാർത്ത തിരിച്ചുപോയി മറിയമിനെ രഹസ്യമായി വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു. ഉടനെ മറിയം എഴുന്നേറ്റ് യേശുവിന്റെ അടുക്കലേക്കു പോയി. അതുവരെ യേശു ഗ്രാമത്തിൽ പ്രവേശിക്കാതെ മാർത്ത അദ്ദേഹത്തെ എതിരേറ്റ സ്ഥലത്തുതന്നെ നില്‌ക്കുകയായിരുന്നു. മറിയം തിടുക്കത്തിൽ എഴുന്നേറ്റു പോകുന്നത് അവളെ സാന്ത്വനപ്പെടുത്തിക്കൊണ്ടു വീട്ടിൽ ഇരുന്ന യെഹൂദന്മാർ കണ്ടു. അവൾ ശവക്കല്ലറയ്‍ക്കടുത്തു ചെന്നു വിലപിക്കുവാൻ പോകുകയായിരിക്കുമെന്നു വിചാരിച്ച് അവർ അവളുടെ പിന്നാലെ ചെന്നു. യേശു നിന്നിരുന്ന സ്ഥലത്ത് മറിയം എത്തി. അവിടുത്തെ കണ്ടപ്പോൾ മറിയം അവിടുത്തെ കാല്‌ക്കൽ വീണു, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു. അവളും കൂടെയുണ്ടായിരുന്ന യെഹൂദന്മാരും കരയുന്നതു കണ്ടപ്പോൾ ദുഃഖംകൊണ്ട് യേശുവിന്റെ അന്തരംഗം നൊന്തുകലങ്ങി. അവിടുന്ന് അവരോട് ചോദിച്ചു: “അവനെ എവിടെയാണു സംസ്കരിച്ചത്?” അവർ മറുപടിയായി, “കർത്താവേ, വന്നു കണ്ടാലും” എന്നു പറഞ്ഞു. യേശു കണ്ണുനീർ ചൊരിഞ്ഞു. അപ്പോൾ യെഹൂദന്മാർ പറഞ്ഞു: “നോക്കൂ, അദ്ദേഹം അയാളെ എത്രയധികം സ്നേഹിച്ചിരുന്നു!” എന്നാൽ ചിലർ ചോദിച്ചു: “അന്ധനു കാഴ്ചനല്‌കിയ ഇദ്ദേഹത്തിന് ഈ മനുഷ്യന്റെ മരണം ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ?” യേശു വീണ്ടും ദുഃഖാർത്തനായി ലാസറിന്റെ കല്ലറയ്‍ക്കു സമീപമെത്തി. അതൊരു ഗുഹ ആയിരുന്നു. അതിന്റെ വാതില്‌ക്കൽ ഒരു കല്ലും വച്ചിരുന്നു. “ആ കല്ലെടുത്തു മാറ്റുക” എന്ന് യേശു ആജ്ഞാപിച്ചു. മരിച്ചുപോയ ലാസറിന്റെ സഹോദരി മാർത്ത പറഞ്ഞു: “കർത്താവേ, മരിച്ചിട്ട് നാലു ദിവസമായല്ലോ; ഇപ്പോൾ ദുർഗന്ധം ഉണ്ടായിരിക്കും.” യേശു അവളോട്, “നീ വിശ്വസിക്കുന്നു എങ്കിൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ?” എന്നു ചോദിച്ചു. അവർ ഗുഹാദ്വാരത്തിൽനിന്നു കല്ലു നീക്കി. യേശു കണ്ണുകൾ ഉയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, എന്റെ പ്രാർഥന അങ്ങു കേട്ടതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു. അങ്ങ് എപ്പോഴും എന്റെ പ്രാർഥന കേൾക്കുന്നു എന്നു ഞാൻ അറിയുന്നു; എന്നാൽ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്ന് എന്റെ ചുറ്റും നില്‌ക്കുന്ന ജനങ്ങൾ വിശ്വസിക്കുന്നതിനുവേണ്ടിയത്രേ ഞാനിതു പറയുന്നത്. ഇങ്ങനെ പറഞ്ഞശേഷം അവിടുന്ന് “ലാസറേ, പുറത്തുവരിക” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ഉടനെ മരിച്ചവൻ പുറത്തുവന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ടു ചുറ്റപ്പെട്ടിരുന്നു; മുഖം ഒരു തുവാലകൊണ്ടു മൂടിയുമിരുന്നു. യേശു അവരോട് “അവന്റെ കെട്ടുകൾ അഴിക്കുക; അവൻ പൊയ്‍ക്കൊള്ളട്ടെ” എന്നു കല്പിച്ചു. മാർത്തയെയും മറിയമിനെയും സന്ദർശിക്കുവാൻ വന്ന യെഹൂദന്മാരിൽ പലരും യേശു ചെയ്ത ഈ അദ്ഭുതം കണ്ട് തന്നിൽ വിശ്വസിച്ചു. എന്നാൽ അവരിൽ ചിലർ യേശു ചെയ്തത് പരീശന്മാരോടു പോയി അറിയിച്ചു.

JOHANA 11 വായിക്കുക