അതുകൊണ്ട് യേശു സ്പഷ്ടമായി പറഞ്ഞു: “ലാസർ മരിച്ചുപോയി; ഞാൻ അവിടെ ഇല്ലാതിരുന്നതിനാൽ നിങ്ങൾ നിമിത്തം ഞാൻ സന്തോഷിക്കുന്നു. എന്തെന്നാൽ നിങ്ങൾ വിശ്വസിക്കുവാൻ ഇതു കാരണമാകുമല്ലോ. ഏതായാലും നമുക്ക് അയാളുടെ അടുക്കലേക്കു പോകാം.” അപ്പോൾ ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്: “അവിടുത്തോടുകൂടി മരിക്കുവാൻ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞു. യേശു അവിടെയെത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വച്ചിട്ടു നാലു ദിവസം കഴിഞ്ഞു എന്നറിഞ്ഞു. യെരൂശലേമിനു വളരെ അടുത്താണ് ബേഥാന്യ. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം മാത്രം. അതുകൊണ്ടു സഹോദരന്റെ നിര്യാണംമൂലം ദുഃഖിതരായ മാർത്തയെയും മറിയമിനെയും ആശ്വസിപ്പിക്കുവാൻ ഒട്ടേറെ യെഹൂദന്മാർ അവിടെയെത്തിയിരുന്നു. യേശു വരുന്നു എന്നു കേട്ടപ്പോൾ അവിടുത്തെ സ്വീകരിക്കുവാൻ മാർത്ത ഇറങ്ങിച്ചെന്നു. മറിയമാകട്ടെ വീട്ടിൽത്തന്നെ ഇരുന്നു. മാർത്ത യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എങ്കിലും അങ്ങു ചോദിക്കുന്നതെന്തും ദൈവം നല്‌കുമെന്ന് ഇപ്പോഴും എനിക്കറിയാം” എന്നു പറഞ്ഞു. യേശു മാർത്തയോട്, “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നു പറഞ്ഞു. അപ്പോൾ മാർത്ത പറഞ്ഞു: “അന്തിമനാളിലെ പുനരുത്ഥാനത്തിൽ എന്റെ സഹോദരൻ ഉയിർത്തെഴുന്നേല്‌ക്കുമെന്ന് എനിക്കറിയാം.” യേശു അവളോട് അരുൾചെയ്തു: “ഞാൻ തന്നെയാണു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരിക്കുമ്പോൾ എന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും ഒരുനാളും മരിക്കുകയില്ല; ഇതു നീ വിശ്വസിക്കുന്നുവോ?” “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു മാർത്ത പ്രതിവചിച്ചു.
JOHANA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 11:14-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ