JEREMIA മുഖവുര
മുഖവുര
ബി. സി. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും ആറാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലുമാണു യിരെമ്യാ ജീവിച്ചത്. യോശീയായുടെ പതിമൂന്നാം ഭരണവർഷമാണ് അദ്ദേഹം പ്രവാചകവൃത്തി ആരംഭിച്ചത്. പിഴുതെറിയാനും ഇടിച്ചുകളയാനും നശിപ്പിക്കാനും നടാനും പണിതുയർത്താനുമായാണ് അദ്ദേഹത്തെ ദൈവം വിളിച്ചത്. വരാനിരിക്കുന്ന ദൈവശിക്ഷ ജനങ്ങളെ അദ്ദേഹം അറിയിച്ചു. തന്റെ ദൗത്യം നിറവേറ്റിയതിന്റെ പേരിൽ ശാരീരികമായും മാനസികമായും വളരെയേറെ പീഡനങ്ങൾ അദ്ദേഹത്തിനു സഹിക്കേണ്ടിവന്നു. ജനത്തിന്റെ വിഗ്രഹാരാധനയുടെയും പാപത്തിന്റെയും ഫലമായി ദേശത്തിന്മേൽ നിപതിക്കാൻ പോകുന്ന ശിക്ഷ ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പ് യിരെമ്യാ നല്‌കി.
ജനസ്നേഹിയായ പ്രവാചകന് ഇതു വേദനാജനകമായിരുന്നെങ്കിലും ഉള്ളിൽ തീപോലെ ജ്വലിച്ചുകൊണ്ടിരുന്ന ദൈവവചനത്തിന്റെ പ്രചോദനത്തിന് അദ്ദേഹത്തിന് വഴങ്ങേണ്ടി വന്നു. ബാബിലോണിലെ നെബുഖദ്നേസർ രാജാവ് യെരൂശലേം ദേവാലയം നശിപ്പിച്ചതോടെ യിരെമ്യായുടെ ഈ പ്രവചനം നിറവേറപ്പെട്ടു.
യെരൂശലേമിന്റെ നാശത്തെപ്പറ്റി പ്രവചിച്ചെങ്കിലും ദൈവം തന്റെ ജനത്തെയും നഗരത്തെയും പൂർണമായി കൈവിടുകയില്ലെന്നും അവിടുന്നു പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്നും രാജ്യം പുനഃസ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചു. പുതിയ ഒരു പുറപ്പാടിന്റെ അനുഭവമായി പ്രവാചകൻ അതിനെ ദർശിച്ചു.
താൻ പ്രവചിച്ച അനർഥങ്ങൾ തന്റെ ജീവിതകാലത്തുതന്നെ അദ്ദേഹം കണ്ടു. പ്രവാസികളാക്കപ്പെട്ടവരോടൊപ്പം അദ്ദേഹത്തെ ബാബിലോണിലേക്കു കൊണ്ടുപോയില്ല. യെരൂശലേമിലെ നാശാവശിഷ്ടങ്ങൾക്കിടയിൽ പാർത്ത യിരെമ്യാക്ക് പിന്നീട് ഈജിപ്തിലേക്കു പോകേണ്ടി വന്നു. അദ്ദേഹം അവിടെവച്ചു മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. ഈ പുസ്തകത്തിന്റെ അധികഭാഗങ്ങളും അദ്ദേഹംതന്നെ പറഞ്ഞു കൊടുത്ത് ശിഷ്യനായ ബാരൂക്കിനെക്കൊണ്ട് എഴുതിച്ചതാണ്.
പ്രതിപാദ്യക്രമം
യിരെമ്യായുടെ വിളി 1:1-19
യെരൂശലേമിനും യെഹൂദായ്‍ക്കും എതിരെ 2:1-25:38
യിരെമ്യായുടെ ജീവിതാനുഭവങ്ങൾ 26:1-45:5
ജനതകൾക്കെതിരെ പ്രവചനങ്ങൾ 46:1-51:64
യെരൂശലേമിന്റെ പതനം 52:1-34
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA മുഖവുര: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.