JEREMIA 3

3
അവിശ്വസ്തയായ ഇസ്രായേൽ
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഒരാൾ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ മറ്റൊരാളിന്റെ ഭാര്യയായിത്തീരുകയും ചെയ്താൽ അയാൾ പിന്നീട് അവളുടെ അടുക്കലേക്കു മടങ്ങിപ്പോകുമോ? അങ്ങനെയുള്ളവർ പാർക്കുന്ന ദേശം പൂർണമായി മലിനമാകയില്ലേ? അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ട നീ വീണ്ടും എന്റെ അടുക്കൽ മടങ്ങിവരുന്നുവോ? 2മൊട്ടക്കുന്നുകളിലേക്കു നോക്കുക; അവയിൽ നീ പരസംഗം ചെയ്യാത്ത ഏതെങ്കിലും സ്ഥലമുണ്ടോ? യാത്രക്കാരെ കവർച്ച ചെയ്യാൻ വിജനപ്രദേശത്തു കാത്തിരിക്കുന്ന അറബിയെപ്പോലെ വഴിയരികിൽ കാമുകന്മാർക്കായി നീ കാത്തിരുന്നു. നിന്റെ നിന്ദ്യമായ വേശ്യാവൃത്തി നിമിത്തം നീ ദേശം മലിനമാക്കി. 3അതുകൊണ്ടു മഴ നിന്നുപോയി; വസന്തകാലത്തെ മഴ വന്നെത്തിയുമില്ല; നീ വേശ്യയെപ്പോലിരിക്കുന്നു; നിനക്കു നിശ്ശേഷം ലജ്ജയില്ല. 4‘എന്റെ പിതാവേ, അങ്ങ് എന്റെ യൗവനത്തിലെ സുഹൃത്താണ്’ എന്നു നീ ഇപ്പോൾ പറയുന്നു. 5അവിടുന്ന് എന്നും കോപിച്ചിരിക്കുമോ? എന്നേക്കും ക്രോധം വച്ചുകൊണ്ടിരിക്കുമോ? ഇങ്ങനെ നീ സംസാരിക്കുന്നു എങ്കിലും നിനക്കു ചെയ്യാവുന്ന തിന്മകളെല്ലാം നീ ചെയ്തു.
6യോശീയാരാജാവിന്റെ കാലത്തു സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ ചെയ്തതെന്താണെന്നു നീ കണ്ടോ? ഉയർന്ന ഓരോ മലമുകളിലും എല്ലാ പച്ചമരത്തിന്റെയും ചുവട്ടിലും പോയി അവൾ വേശ്യാവൃത്തിയിലേർപ്പെട്ടു. 7ഇതെല്ലാം ചെയ്തശേഷവും അവൾ എങ്കലേക്കു മടങ്ങിവരും എന്നു ഞാൻ വിചാരിച്ചു; എന്നാൽ അവൾ വന്നില്ല; അവളുടെ വഞ്ചകിയായ സഹോദരി യെഹൂദായും അതു കണ്ടു. 8അവിശ്വസ്തയായ ഇസ്രായേലിന്റെ സകല വേശ്യാവൃത്തികളും നിമിത്തം മോചനപത്രം നല്‌കി ഞാൻ അവളെ പറഞ്ഞയച്ചതു യെഹൂദാ കണ്ടതാണ്; എങ്കിലും അവൾ ഭയപ്പെട്ടില്ല. 9അവളും വേശ്യാവൃത്തിയിലേർപ്പെട്ടു. വേശ്യാവൃത്തി അവൾക്ക് അത്ര നിസ്സാരമായിരുന്നതുകൊണ്ട് കല്ലിനെയും മരത്തെയും ആരാധിച്ചു. അങ്ങനെ വ്യഭിചാരം ചെയ്ത് അവൾ ദേശം മലിനമാക്കി. 10ഇതെല്ലാമായിട്ടും അവളുടെ വഞ്ചകിയായ സഹോദരി യെഹൂദാ പൂർണഹൃദയത്തോടെയല്ല, കപടവേഷമണിഞ്ഞാണ് എന്റെ അടുക്കലേക്കു വന്നത് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
11സർവേശ്വരൻ വീണ്ടും എന്നോട് അരുളിച്ചെയ്തു: “അവിശ്വസ്തയായ ഇസ്രായേൽ, വഞ്ചകിയായ യെഹൂദായോളം കുറ്റക്കാരിയല്ലെന്നു തെളിയിച്ചിരിക്കുന്നു. 12നീ ഇവ വടക്കേദേശത്തോടു പ്രഖ്യാപിക്കുക; അവിശ്വസ്തയായ ഇസ്രായേലേ, മടങ്ങിവരിക; ഞാൻ നിന്നോടു കോപിക്കയില്ല; ഞാൻ കരുണാസമ്പന്നനാണ്. ഞാൻ എന്നേക്കും കോപിച്ചുകൊണ്ടിരിക്കുകയില്ല” എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 13നിന്റെ ദൈവമായ സർവേശ്വരനോടു നീ മത്സരിച്ചു; ഓരോ പച്ചമരത്തിന്റെയും ചുവട്ടിൽ നീ അന്യദേവന്മാർക്കു കാഴ്ചകളർപ്പിച്ചു; എന്റെ വാക്കുകൾ നീ അനുസരിച്ചില്ല. നിന്റെ അകൃത്യങ്ങൾ ഏറ്റുപറയുക എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 14അവിശ്വസ്തരായ മക്കളേ, മടങ്ങിവരുവിൻ; ഞാനാണല്ലോ നിങ്ങളുടെ നാഥൻ; ഒരു നഗരത്തിൽനിന്ന് ഒരാളെയും ഒരു കുടുംബത്തിൽനിന്നു രണ്ടുപേരെയും വീതം ഞാൻ തിരഞ്ഞെടുത്തു സീയോനിലേക്കു മടക്കിക്കൊണ്ടുവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
15എന്റെ ഹിതാനുവർത്തികളായ ഇടയന്മാരെ ഞാൻ നിങ്ങൾക്കു നല്‌കും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടി നിങ്ങളെ പാലിക്കും. 16നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ സർവേശ്വരന്റെ ഉടമ്പടിപെട്ടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; അതിനെപ്പറ്റി ആരെങ്കിലും ചിന്തിക്കുകയോ ഓർക്കുകയോ ഇല്ല; അതിന്റെ അഭാവം ആർക്കും അനുഭവപ്പെടുകയില്ല; ആരും മറ്റൊന്നു നിർമിക്കയുമില്ല. 17അന്നു യെരൂശലേം സർവേശ്വരന്റെ സിംഹാസനം എന്നു വിളിക്കപ്പെട്ടും; സകല ജനതകളും അവിടെ സർവേശ്വരന്റെ സന്നിധിയിൽ വന്നുകൂടും; ഇനി ഒരിക്കലും അവർ തങ്ങളുടെ ദുഷ്ടവിചാരങ്ങൾക്കു കീഴ്പെട്ടു ജീവിക്കുകയുമില്ല. 18അന്നു യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേരും. അവർ വടക്കുനിന്ന് ഒരുമിച്ചു പുറപ്പെട്ട് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായി കൊടുത്ത ദേശത്തു വരും.
വിഗ്രഹാരാധന
19“എന്റെ മക്കളുടെകൂടെ നിന്നെ ഉൾപ്പെടുത്തി സർവജനത്തിനുമുള്ളതിലും അതിമനോഹരമായ ദേശം, ചേതോഹരമായ അവകാശഭൂമി നിനക്കു നല്‌കണമെന്നു ഞാൻ ആഗ്രഹിച്ചു. നീ എന്നെ ‘എന്റെ പിതാവേ’ എന്നു വിളിക്കുമെന്നും എന്നിൽനിന്നു പിന്തിരിഞ്ഞുപോകയില്ലെന്നും ഞാൻ വിചാരിച്ചു. 20അല്ലയോ ഇസ്രായേൽഗൃഹമേ, അവിശ്വസ്തയായ ഭാര്യ തന്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നതുപോലെ നീ എന്നോടു വിശ്വാസവഞ്ചന കാട്ടിയിരിക്കുന്നു.
21ഇസ്രായേൽജനം അവരുടെ മാർഗം വിട്ടു തങ്ങളുടെ ദൈവമായ സർവേശ്വരനെ ഉപേക്ഷിച്ചതുകൊണ്ടു മൊട്ടക്കുന്നുകളിൽനിന്ന് അവരുടെ വിലാപത്തിന്റെയും അഭയയാചനയുടെയും സ്വരം കേൾക്കുന്നു. 22അവിശ്വസ്തരായ മക്കളേ മടങ്ങിവരുവിൻ, നിങ്ങളുടെ അവിശ്വസ്തത ഞാൻ നീക്കിക്കളയാം.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുത്തേക്കുവരുന്നു; അവിടുന്നാണു ഞങ്ങളുടെ ദൈവമായ സർവേശ്വരൻ. 23കുന്നുകളും അവിടെ നടന്ന മദിരോത്സവങ്ങളും തീർച്ചയായും വ്യർഥമാണ്; ഇസ്രായേലിന്റെ രക്ഷ ഞങ്ങളുടെ ദൈവമായ സർവേശ്വരനിൽ മാത്രമാകുന്നു.
24ഞങ്ങളുടെ പിതാക്കന്മാർ അധ്വാനിച്ചു നേടിയ ആട്ടിൻപറ്റങ്ങൾ, കന്നുകാലികൾ, പുത്രീപുത്രന്മാർ എന്നിവയെല്ലാം ഞങ്ങൾക്കു യൗവനംമുതൽ ലജ്ജാകരമായ വിഗ്രഹാരാധനമൂലം നഷ്ടമായിരിക്കുന്നു. 25ലജ്ജിതരായി ഞങ്ങൾ കിടക്കട്ടെ; ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെ ഞങ്ങളുടെ ദൈവമായ സർവേശ്വരനെതിരെ പാപം ചെയ്തിരിക്കുന്നുവല്ലോ. ഞങ്ങൾ അവിടുത്തെ അനുസരിച്ചില്ല.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക