JEREMIA 29:1-11

JEREMIA 29:1-11 MALCLBSI

നെബുഖദ്നേസർ യെരൂശലേമിൽനിന്നു ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയ ജനപ്രമുഖന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ജനങ്ങൾക്കും യെരൂശലേമിൽനിന്നു യിരെമ്യാപ്രവാചകൻ അയച്ചു കൊടുത്ത കത്ത്: യെഹോയാഖീൻ രാജാവ്, രാജമാതാവ്, കൊട്ടാര ഉദ്യോഗസ്ഥന്മാർ, യെഹൂദ്യയിലെയും യെരൂശലേമിലെയും പ്രഭുക്കന്മാർ, കരകൗശലോഹപ്പണിക്കാർ എന്നിവർ യെരൂശലേം വിട്ടു പോയതിനു ശേഷമാണ് ഈ കത്ത് എഴുതിയത്. യെഹൂദാരാജാവായ സിദെക്കീയ ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെ അടുക്കലേക്ക് അയച്ച ശാഫാന്റെ പുത്രൻ എലാസാ, ഹില്‌ക്കീയായുടെ പുത്രൻ ഗെമര്യാ എന്നിവർ വഴി കത്ത് ബാബിലോണിലേക്കു കൊടുത്തയച്ചു. കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ യെരൂശലേമിൽനിന്നു ബാബിലോണിലേക്ക് അയച്ച പ്രവാസികളോട് അരുളിച്ചെയ്യുന്നു. നിങ്ങൾ വീടുകൾ നിർമിച്ച് അവയിൽ പാർക്കുവിൻ, തോട്ടങ്ങളുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുവിൻ. വിവാഹം കഴിച്ചു പുത്രീപുത്രന്മാർക്കു ജന്മം നല്‌കുവിൻ; പുത്രന്മാർക്കു ഭാര്യമാരെ സ്വീകരിക്കയും പുത്രിമാരെ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുവിൻ, അവർക്കും പുത്രീപുത്രന്മാരുണ്ടായി നിങ്ങൾ പെരുകട്ടെ; നിങ്ങളുടെ സംഖ്യ കുറഞ്ഞുപോകരുത്. പ്രവാസികളായി ഞാൻ നിങ്ങളെ അയച്ചിരിക്കുന്ന ദേശത്തിന്റെ ക്ഷേമം അന്വേഷിക്കുവിൻ; അതിനുവേണ്ടി സർവേശ്വരനോടു പ്രാർഥിക്കുവിൻ; നിങ്ങളുടെ ക്ഷേമം അതിനെ ആശ്രയിച്ചാണല്ലോ ഇരിക്കുന്നത്. ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാൻ ഇടയാകരുത്; അവരുടെ സ്വപ്നങ്ങളെ നിങ്ങൾ ശ്രദ്ധിക്കരുത്; എന്റെ നാമത്തിൽ അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്; ഞാൻ അവരെ അയച്ചിട്ടില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ബാബിലോൺ രാജ്യത്തിന് എഴുപതു വർഷം തികയുമ്പോൾ ഞാൻ നിങ്ങളെ സന്ദർശിക്കും. ഈ സ്ഥലത്തേക്ക് നിങ്ങളെ മടക്കിക്കൊണ്ടു വരികയും അങ്ങനെ നിങ്ങളോടു ചെയ്തിരുന്ന വാഗ്ദാനം നിറവേറ്റുകയും ചെയ്യും. നിങ്ങൾക്കുവേണ്ടി ഞാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്; തിന്മയ്‍ക്കല്ല ക്ഷേമത്തിനു വേണ്ടി, നിങ്ങൾക്കൊരു ശുഭഭാവിയും പ്രത്യാശയും ഉണ്ടാകുന്നതിനുവേണ്ടിതന്നെ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

JEREMIA 29 വായിക്കുക