JEREMIA 25
25
വടക്കുനിന്നുള്ള ശത്രു
1യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം വർഷം; അതായത് നെബുഖദ്നേസർ ബാബിലോണിൽ ഭരണം ആരംഭിച്ചതിന്റെ ഒന്നാം വർഷം യെഹൂദ്യനിവാസികളെക്കുറിച്ചു യിരെമ്യാക്ക് അരുളപ്പാടു ലഭിച്ചു. 2യിരെമ്യാപ്രവാചകൻ അതു യെഹൂദ്യയിലെ സർവജനത്തോടും യെരൂശലേമിലെ സകല നിവാസികളോടും അറിയിച്ചു; 3ആമോന്റെ പുത്രനും യെഹൂദാരാജാവുമായ യോശീയായുടെ വാഴ്ചയുടെ പതിമൂന്നാം വർഷം മുതൽ ഇന്നുവരെ ഇരുപത്തിമൂന്നു വർഷക്കാലം സർവേശ്വരനിൽനിന്ന് എനിക്ക് അരുളപ്പാടു ലഭിച്ചു; അവ ഞാൻ നിങ്ങളോടു തുടർച്ചയായി അറിയിച്ചുകൊണ്ടിരുന്നു; എന്നാൽ നിങ്ങൾ അവ ശ്രദ്ധിച്ചില്ല. 4അവിടുന്നു തന്റെ ദാസരായ പ്രവാചകരെ തുടർച്ചയായി നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ അവരെ ശ്രദ്ധിക്കുകയോ ചെവികൊടുക്കുകയോ ചെയ്തില്ല. 5പ്രവാചകർ പറഞ്ഞു: “സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾ ഓരോരുത്തനും തന്റെ ദുർമാർഗത്തിൽനിന്നും ദുഷ്പ്രവൃത്തികളിൽനിന്നും പിന്തിരിയുക. എന്നാൽ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും പണ്ടുതന്നെ ശാശ്വതാവകാശമായി തന്ന ദേശത്തു നിങ്ങൾക്കു പാർക്കാം. 6നിങ്ങൾ അന്യദേവന്മാരുടെ പുറകേ പോയി അവയെ സേവിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്; നിങ്ങളുടെ കരങ്ങൾ സൃഷ്‍ടിച്ച വസ്തുക്കൾകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയും അരുത്; അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല. 7എന്നിട്ടും നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല; നിങ്ങളുടെ നാശത്തിനായി നിങ്ങളുടെ കരങ്ങൾ സൃഷ്‍ടിച്ചവയെക്കൊണ്ട് എന്നെ പ്രകോപിപ്പിച്ചു.”
8അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ വാക്കു നിങ്ങൾ അനുസരിക്കാതിരുന്നതുകൊണ്ട്, 9ഉത്തരദേശത്തുള്ള ഗോത്രങ്ങളെയും എന്റെ ദാസനായ ബാബിലോണിലെ നെബുഖദ്നേസർരാജാവിനെയും ഞാൻ വിളിച്ചു വരുത്തും; അവർ ഈ ദേശത്തെയും അതിലെ നിവാസികളെയും ചുറ്റുമുള്ള സകല ജനതകളെയും നിശ്ശേഷം നശിപ്പിക്കും; ഞാൻ അവരെ ഭീതിദവിഷയവും പരിഹാസപാത്രവും ശാശ്വതമായ നാശകൂമ്പാരവും ആക്കും. 10ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു ഞാൻ നീക്കിക്കളയും. 11ഈ ദേശം മുഴുവൻ ശൂന്യമായിത്തീരും; ഈ ജനത ബാബിലോൺരാജാവിനെ എഴുപതു വർഷം സേവിക്കും. 12എഴുപതു വർഷത്തിനുശേഷം ബാബിലോൺരാജാവിനെയും ആ ജനതയെയും അവരുടെ അകൃത്യങ്ങൾ നിമിത്തം ശിക്ഷിക്കും; കല്ദയരുടെ ആ ബാബിലോൺ എന്നും ശൂന്യമായിരിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 13ആ ദേശത്തിനെതിരെ ഞാൻ പറഞ്ഞിട്ടുള്ള എല്ലാ വാക്കുകളും സകല ജനതകൾക്കുമെതിരെ യിരെമ്യാ പ്രവചിച്ചതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഞാൻ അതിന്മേൽ വരുത്തും. 14അനേകം ജനതകളും മഹാരാജാക്കന്മാരും അവരെ അടിമകളാക്കും; അവരുടെ പ്രവൃത്തികൾക്കും അവരുടെ കരങ്ങളുടെ സൃഷ്‍ടികൾക്കും അനുസൃതമായി ഞാൻ അവർക്കു പ്രതിഫലം നല്‌കും.”
ജനതകളുടെമേൽ ന്യായവിധി
15ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ എന്നോടരുളിച്ചെയ്തു: “ക്രോധമദ്യം നിറഞ്ഞ ഈ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി, ആരുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നുവോ ആ ജനതകളെയെല്ലാം കുടിപ്പിക്കുക. 16അവർ അതു കുടിക്കും; ഞാൻ അവരുടെ ഇടയിൽ അയയ്‍ക്കുന്ന വാൾ നിമിത്തം അവർ ഭ്രാന്തരായി ആടി നടക്കും.
17ഞാൻ സർവേശ്വരനിൽനിന്നു പാനപാത്രം വാങ്ങി, അവിടുന്ന് എന്നെ ആരുടെ അടുക്കലേക്ക് അയച്ചുവോ, ആ ജനതകളെയെല്ലാം കുടിപ്പിച്ചു. 18ഇന്നത്തേതുപോലെ യെരൂശലേമിനെയും യെഹൂദ്യയിലെ നഗരങ്ങളെയും ശൂന്യവും പാഴുമാക്കുവാനും പരിഹാസവിഷയവും ശാപവുമാക്കുവാനും അവയെയും അവരുടെ രാജാക്കന്മാർ പ്രഭുക്കന്മാർ എന്നിവരെയും 19ഈജിപ്തുരാജാവായ ഫറവോ, അയാളുടെ ദാസന്മാർ, പ്രഭുക്കന്മാർ, ജനങ്ങൾ, 20അവരുടെ ഇടയിൽ പാർക്കുന്ന വിദേശികൾ എന്നിവരെയും ഊസ്ദേശത്തിലെ രാജാക്കന്മാരെയും ഫെലിസ്ത്യയിലെ അസ്കലോൻ, ഗസ്സാ, എക്രോൻ, അസ്ദോദിലെ ശേഷിപ്പ് എന്നിവിടങ്ങളിലെ രാജാക്കന്മാർ, 21എദോം, മോവാബ്, അമ്മോന്യർ എന്നിവരുടെ രാജാക്കന്മാർ, 22സോരിലും സീദോനിലും കടലിനക്കരെയുള്ള ദ്വീപുകളിലും ഉള്ള രാജാക്കന്മാർ, 23ദേദാൻ, തേമ, ബൂസ്, തലയുടെ അരികു വടിക്കുന്നവർ എന്നിവരുടെ രാജാക്കന്മാർ, അറേബ്യയിലെ രാജാക്കന്മാർ, 24മരുഭൂമിയിലെ സങ്കരവർഗങ്ങളുടെ രാജാക്കന്മാർ, 25സിമ്രി, ഏലാം, മേദ്യ എന്നിവിടങ്ങളിലെ രാജാക്കന്മാർ, 26ഉത്തരദേശത്ത് ഒന്നിനു പുറകേ ഒന്നായി അടുത്തും അകലെയുമുള്ള രാജാക്കന്മാർ എന്നിവരെയും ഭൂമുഖത്തുള്ള സകല ജനതകളെയും ഞാൻ അതു കുടിപ്പിക്കും; അവസാനം ബാബിലോൺ രാജാവും അതു കുടിക്കും.
27നീ അവരോടു പറയണം: “സർവശക്തനും ഇസ്രായേലിന്റെ ദൈവവുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങൾ കുടിച്ചു ലഹരി പിടിച്ചു ഛർദിക്കുവിൻ; നിങ്ങളുടെ ഇടയിലേക്കു ഞാൻ അയയ്‍ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്‌ക്കാത്തവിധം വീഴുവിൻ. 28നിന്റെ കൈയിൽനിന്നു പാനപാത്രം വാങ്ങി കുടിക്കാൻ അവർ വിസമ്മതിച്ചാൽ നീ അവരോടു പറയണം: “നീ കുടിച്ചേ തീരൂ” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 29എന്റെ നാമത്തിൽ അറിയപ്പെടുന്ന ഈ നഗരത്തിനു ഞാൻ അനർഥം വരുത്താൻ പോകുകയാണ്; അപ്പോൾ നിങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുമോ? നിങ്ങൾ ശിക്ഷിക്കപ്പെടാതിരിക്കയില്ല; സകല ഭൂവാസികളുടെയുംമേൽ ഞാൻ വാൾ അയയ്‍ക്കും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.
30അതുകൊണ്ട് നീ ഈ വചനം അവർക്കെതിരായി പ്രവചിക്കണം; ഉന്നതങ്ങളിൽനിന്നു സർവേശ്വരൻ ഗർജിക്കുന്നു; തന്റെ വിശുദ്ധനിവാസത്തിൽനിന്നു ശബ്ദം ഉയർത്തുന്നു; തന്റെ ആട്ടിൻപറ്റത്തിന്റെ നേരേ ഉച്ചത്തിൽ ഗർജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ സകല ഭൂവാസികൾക്കുമെതിരേ അവിടുന്നു ശബ്ദമുയർത്തുന്നു. 31ആ ശബ്ദം ഭൂമിയുടെ അറുതികൾ വരെ മുഴങ്ങുന്നു; ജനതകൾക്കെതിരെ സർവേശ്വരൻ കുറ്റം ചുമത്തുന്നു. അവിടുന്നു സകല മനുഷ്യരാശിയെയും ന്യായംവിധിച്ചു ദുഷ്ടരെ വാളിനിരയാക്കും. ഇതു സർവേശ്വരന്റെ വചനം. 32സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അനർഥം ഒരു ജനതയിൽനിന്നു മറ്റൊരു ജനതയിലേക്കു വ്യാപിക്കുന്നു; ഭൂമിയുടെ അറുതികളിൽനിന്നു കൊടുങ്കാറ്റ് ഇളകി വരുന്നു. 33അന്നാളിൽ സർവേശ്വരനാൽ വധിക്കപ്പെടുന്നവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വീണു കിടക്കും; അവർക്കുവേണ്ടി ആരെങ്കിലും വിലപിക്കുകയോ ആരെങ്കിലും അവരെ സംസ്കരിക്കുകയോ ചെയ്യുകയില്ല; അവർ നിലത്തിനു വളമായിത്തീരും. 34ഇടയന്മാരേ, അലമുറയിട്ടു നിലവിളിക്കുവിൻ; ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിൻ; നിങ്ങളെ കശാപ്പുചെയ്യുന്ന സമയം ആഗതമായിരിക്കുന്നു; കൊഴുത്ത ആടുകളെപ്പോലെ നിങ്ങൾ വധിക്കപ്പെടും. 35ഇടയന്മാർക്ക് ഒളിക്കാനോ, ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാർക്ക് ഓടി രക്ഷപെടാനോ സാധിക്കയില്ല. 36ഇടയന്മാരുടെ നിലവിളിയും ആട്ടിൻപറ്റത്തിന്റെ ഇടയശ്രേഷ്ഠന്മാരുടെ വിലാപവും ശ്രദ്ധിക്കുക; സർവേശ്വരൻ അവരുടെ മേച്ചിൽപ്പുറം നശിപ്പിക്കുന്നുവല്ലോ. 37അവിടുത്തെ ഉഗ്രകോപം നിമിത്തം പ്രശാന്തമായ ആലകൾ നശിച്ചിരിക്കുന്നു. 38സിംഹം അതിന്റെ ഒളിയിടം വിട്ടു പുറത്തുവന്നിരിക്കുന്നു; മർദകന്റെ വാളും അവന്റെ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം ശൂന്യമായിരിക്കുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 25: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.