JEREMIA 12

12
സർവേശ്വരനോടു പരാതിപ്പെടുന്നു
1സർവേശ്വരാ, ഞാൻ അങ്ങയോടു പരാതിപ്പെടുമ്പോഴും അവിടുന്നു നീതിമാനാകുന്നു; എന്റെ ആവലാതി അങ്ങയുടെ മുമ്പിൽ വയ്‍ക്കുന്നു; ദുഷ്ടൻ എന്തുകൊണ്ടാണ് അഭിവൃദ്ധിപ്പെടുന്നത്? വഞ്ചകർ നിർഭയരായിരിക്കുന്നതും എന്ത്? 2അവിടുന്ന് അവരെ നട്ടു; അവർ വേരൂന്നി വളർന്നു ഫലം കായ്‍ക്കുന്നു. അവരുടെ അധരങ്ങളിൽ അങ്ങുണ്ട്. എന്നാൽ അവരുടെ ഹൃദയത്തിൽനിന്നോ അവിടുന്ന് വിദൂരസ്ഥനായിരിക്കുന്നു. 3സർവേശ്വരാ, അവിടുന്ന് എന്നെ അറിയുന്നു; എന്നെ കാണുന്നു; എന്റെ ഹൃദയം അങ്ങയിലാണോ എന്ന് അവിടുന്നു പരിശോധിക്കുന്നു; കൊല്ലാനുള്ള ആടുകളെപ്പോലെ വലിച്ചിഴച്ച് കൊലദിവസത്തേക്ക് അവരെ മാറ്റി നിർത്തണമേ. 4എത്രനാൾ ദേശം വിലപിക്കും? എല്ലാ വയലിലെയും പുല്ലു വാടും. മൃഗങ്ങളും പക്ഷികളും ഇല്ലാതാകും. ദേശവാസികളുടെ ദുഷ്ടതയാണ് അതിനു കാരണം. ‘നാം ചെയ്യുന്നത് അവിടുന്നു കാണുന്നില്ല’ എന്ന് അവർ പറയുന്നു.
5ഓട്ടക്കാരോടുകൂടെ ഓടിയിട്ടു നീ തളർന്നുപോയെങ്കിൽ കുതിരകളോടൊപ്പം നീ എങ്ങനെ മത്സരിച്ചോടും? സുരക്ഷിതമായ സ്ഥലത്തു നീ വീണുപോയാൽ, യോർദ്ദാൻ വനപ്രദേശത്ത് നീ എന്തു ചെയ്യും? 6നിന്റെ സഹോദരന്മാരും പിതൃഭവനവും പോലും നിന്നോടു ചതിവായി പെരുമാറിയിരിക്കുന്നു; അവരും നിനക്കെതിരെ മുറവിളി കൂട്ടുകയാണ്; നിന്നോടു മധുരവാക്കുകൾ പറഞ്ഞാലും അവരെ വിശ്വസിക്കരുത്.
സർവേശ്വരന്റെ ദുഃഖം
7എന്റെ ഭവനം ഞാൻ ഉപേക്ഷിച്ചു; എന്റെ അവകാശം ഞാൻ പരിത്യജിച്ചിരിക്കുന്നു; എന്റെ പ്രാണപ്രിയയെ അവളുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു. 8എനിക്ക് അവകാശപ്പെട്ടവൾ കാട്ടിലെ സിംഹം പോലെ ആയിരിക്കുന്നു; അവൾ എനിക്കെതിരെ ഗർജിക്കുന്നു; അതുകൊണ്ട് ഞാൻ അവളെ വെറുക്കുന്നു. 9എന്റെ ജനം കഴുകന്മാർ ചുറ്റിവളഞ്ഞാക്രമിക്കുന്ന പുള്ളിപ്പക്ഷിയെപ്പോലെ ആയിരിക്കുകയാണോ? അവരെ വിഴുങ്ങുന്നതിനു സകല വന്യമൃഗങ്ങളെയും ഒരുമിച്ചു കൂട്ടുവിൻ. 10അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു; എന്റെ അവകാശം അവർ ചവുട്ടി മെതിച്ചിരിക്കുന്നു; മനോഹരമായ എന്റെ അവകാശത്തെ ശൂന്യമായ മരുഭൂമി ആക്കിയിരിക്കുന്നു. 11അവർ അതു ശൂന്യമാക്കി; ശൂന്യാവസ്ഥയിൽനിന്ന് അത് എന്നോടു നിലവിളിക്കുന്നു; ദേശം മുഴുവൻ ശൂന്യമായിരിക്കുകയാണ്; ആരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലല്ലോ. 12മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകർ എത്തിയിരിക്കുന്നു; ദേശത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവേശ്വരന്റെ വാൾ സംഹാരം നടത്തുന്നു; യാതൊരു ജീവിക്കും സമാധാനമില്ല. 13അവർ കോതമ്പു വിതച്ചെങ്കിലും മുള്ളു കൊയ്തു; കഠിനാധ്വാനം ചെയ്തെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല; സർവേശ്വരന്റെ ഉഗ്രകോപം നിമിത്തം തങ്ങളുടെ വിളവുകളെക്കുറിച്ച് അവർ ലജ്ജിക്കും.
സർവേശ്വരന്റെ വാഗ്ദാനം
14എന്റെ ജനമായ ഇസ്രായേലിന് അവകാശമായി കൊടുത്ത ദേശത്തിന്മേൽ കൈവച്ച ദുഷ്ടരായ എല്ലാ അയൽക്കാരോടും സർവേശ്വരൻ അരുളിച്ചെയ്യുന്നു: 15“അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാൻ പിഴുതെറിയും; യെഹൂദാഗൃഹത്തെ അവരുടെ ഇടയിൽനിന്നു ഞാൻ പിഴുതെടുക്കും. അതിനുശേഷം ഞാൻ അവരോടു കരുണകാണിക്കും; ഓരോ ജനതയെയും അവരുടെ അവകാശത്തിലേക്കും സ്വന്തം സ്ഥലത്തേക്കും മടക്കിക്കൊണ്ടുവരും.” 16അവർ ബാലിന്റെ നാമത്തിൽ ആണയിടാൻ എന്റെ ജനത്തെ പഠിപ്പിച്ചതുപോലെ, “ജീവിക്കുന്ന സർവേശ്വരനായ എന്റെ പേരിൽ ആണയിട്ടുകൊണ്ട് എന്റെ ജനത്തിന്റെ വഴികളിൽ നടക്കാൻ പഠിച്ചാൽ എന്റെ ജനത്തിന്റെ ഇടയിൽ അവരും അഭിവൃദ്ധി പ്രാപിക്കും.” 17എന്നാൽ ഏതെങ്കിലും ജനത എന്നെ അനുസരിക്കാതിരുന്നാൽ, ഞാൻ അവരെ വേരോടെ പിഴുതെടുത്തു നശിപ്പിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

JEREMIA 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക