RORELTUTE 2:11-23

RORELTUTE 2:11-23 MALCLBSI

പിന്നീട് ഇസ്രായേൽജനം ബാൽദേവന്മാരെ ആരാധിച്ച് സർവേശ്വരന്റെ സന്നിധിയിൽ തിന്മ ചെയ്തു. അവരുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്ന അവരുടെ ദൈവമായ സർവേശ്വരനെ അവർ ഉപേക്ഷിച്ചു; തദ്ദേശവാസികളുടെ ദേവന്മാരായ അന്യദേവന്മാരെ അവർ പിൻചെന്ന് ആരാധിക്കുകയും ചെയ്തു. അങ്ങനെ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. അവർ സർവേശ്വരനെ ഉപേക്ഷിച്ച് ബാൽദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു. അതുകൊണ്ട് അവിടുത്തെ കോപം ഇസ്രായേൽജനത്തിന്റെ നേരെ ജ്വലിച്ചു. അവിടുന്ന് അവരെ കൊള്ളക്കാരുടെ കൈയിൽ ഏല്പിച്ചു. അവർ അവരെ കവർച്ച ചെയ്തു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവിടുന്ന് അവരെ വിട്ടുകൊടുത്തു. ശത്രുക്കളെ ചെറുത്തുനില്‌ക്കാൻ അവർക്കു കഴിഞ്ഞില്ല. സർവേശ്വരന്റെ പ്രതിജ്ഞപോലെയും അവർക്കു മുന്നറിയിപ്പ് നല്‌കിയിരുന്നതുപോലെയും യുദ്ധത്തിനു പോയിടങ്ങളിലെല്ലാം അവർ പരാജിതരായി. അവിടുത്തെ കരം അവർക്ക് എതിരായിരുന്നുവല്ലോ; അങ്ങനെ അവർ വലിയ കഷ്ടതയിലായി. കവർച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിക്കാൻ സർവേശ്വരൻ ന്യായാധിപന്മാരെ നിയോഗിച്ചു. എങ്കിലും അവർ അവരെ അനുസരിച്ചില്ല; സർവേശ്വരനോട് അവർ അവിശ്വസ്തരായി അന്യദേവന്മാരെ ആരാധിച്ചു. അവിടുത്തെ കല്പനകൾ അനുസരിച്ചുനടന്ന പിതാക്കന്മാരുടെ വഴിയിൽനിന്ന് അവർ വ്യതിചലിച്ചു. അവർക്കു ന്യായാധിപന്മാരെ നല്‌കിയപ്പോഴെല്ലാം സർവേശ്വരൻ ആ ന്യായാധിപന്മാരോടൊപ്പം ഇരുന്ന് അവരെ ശത്രുക്കളിൽനിന്നു രക്ഷിച്ചു. കാരണം പീഡനങ്ങളിലും മർദനങ്ങളിലും അവർ നിലവിളിക്കുമ്പോൾ സർവേശ്വരന് അവരോടു കനിവു തോന്നുമായിരുന്നു. എന്നാൽ ആ ന്യായാധിപന്മാരുടെ കാലശേഷം ഇസ്രായേൽജനം തിരിഞ്ഞ് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികമായി മ്ലേച്ഛത പ്രവർത്തിക്കുകയും അന്യദേവന്മാരെ ആരാധിക്കുകയും ചെയ്തുവന്നു. അവർ തങ്ങളുടെ ദുരാചാരങ്ങളോ ദുശ്ശാഠ്യങ്ങളോ ഉപേക്ഷിച്ചില്ല; അപ്പോഴെല്ലാം സർവേശ്വരന്റെ കോപം ഇസ്രായേൽജനത്തിനെതിരെ ജ്വലിക്കും; അവിടുന്ന് അവരോട് അരുളിച്ചെയ്യും; “ഞാൻ അവരുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടി അവർ ലംഘിക്കുകയും എന്റെ വാക്ക് ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് യോശുവ മരിക്കുമ്പോൾ അവരുടെ ദേശത്ത് അവശേഷിച്ചിരുന്ന ജനതകളിൽ ഒന്നിനെപ്പോലും അവരുടെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളയുകയില്ല. അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന എന്റെ വഴിയിൽ അവർ നടക്കുമോ ഇല്ലയോ എന്നറിയുന്നതിന് ഇസ്രായേലിനെ ഞാൻ പരീക്ഷിച്ചുനോക്കും.” അതുകൊണ്ട് സർവേശ്വരൻ ആ ജനതകളെ യോശുവയുടെ കൈയിൽ ഏല്പിക്കുകയോ, ഒറ്റയടിക്ക് പുറത്താക്കുകയോ ചെയ്യാതെ അവരെ അവശേഷിപ്പിച്ചു.

RORELTUTE 2 വായിക്കുക