RORELTUTE 15
15
1കുറെ നാളുകൾ കഴിഞ്ഞ് കോതമ്പിന്റെ കൊയ്ത്തുകാലത്ത് ശിംശോൻ ഒരു ആട്ടിൻകുട്ടിയെയുംകൊണ്ട് ഭാര്യയെ കാണാൻ ചെന്നു. ഭാര്യയുടെ ഉറക്കറയിൽ പ്രവേശിക്കാൻ അയാൾ ഭാര്യാപിതാവിനോട് അനുവാദം ചോദിച്ചു; എന്നാൽ അയാൾ അതിന് അനുവദിച്ചില്ല. 2അവളുടെ പിതാവ് ശിംശോനോടു പറഞ്ഞു: “നീ അവളെ വളരെയധികം വെറുത്തിരുന്നു എന്നു ഞാൻ കരുതി; അതുകൊണ്ട് അവളെ നിന്റെ സ്നേഹിതനു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയാണ്; അവളെ ഇവൾക്കു പകരം സ്വീകരിച്ചുകൊള്ളുക.” 3“ഇപ്രാവശ്യം ഫെലിസ്ത്യരോടു ദ്രോഹം ചെയ്താൽ ഞാൻ നിർദ്ദോഷി ആയിരിക്കും” എന്നു ശിംശോൻ പറഞ്ഞു; 4അവൻ പോയി മുന്നൂറു നരികളെ പിടിച്ച് ഈരണ്ടെണ്ണത്തിന്റെ വാൽ ഓരോ പന്തം ചേർത്തുവച്ചു കൂട്ടിക്കെട്ടി. 5പന്തത്തിനു തീ കൊളുത്തിയശേഷം അവയെ ഫെലിസ്ത്യരുടെ ധാന്യവിളവിലേക്കു വിട്ടു. അങ്ങനെ കൊയ്തുവച്ച കറ്റകളും കൊയ്യാനുള്ള വിളകളും ഒലിവുതോട്ടങ്ങളും അഗ്നിക്കിരയായി. 6ഇതു ചെയ്തത് ആരെന്നു ഫെലിസ്ത്യർ അന്വേഷിച്ചപ്പോൾ തിമ്നാക്കാരന്റെ ജാമാതാവായ ശിംശോനാണെന്ന് അറിഞ്ഞു. ശിംശോന്റെ ഭാര്യയെ അവളുടെ പിതാവ് ശിംശോന്റെ സ്നേഹിതന് നല്‌കിയതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും അവർ ഗ്രഹിച്ചു. അപ്പോൾ ഫെലിസ്ത്യർ അവളെയും പിതാവിനെയും അഗ്നിക്കിരയാക്കി. 7ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പ്രവർത്തിച്ചതുകൊണ്ട് ഞാൻ പ്രതികാരം ചെയ്യാതെ അടങ്ങുകയില്ല; 8അയാൾ ഫെലിസ്ത്യരിൽ അനേകംപേരെ ക്രൂരമായി സംഹരിച്ചു. പിന്നീട് അയാൾ ഏതാംപാറയിടുക്കിൽ ചെന്നുപാർത്തു.
ഫെലിസ്ത്യരെ പരാജയപ്പെടുത്തുന്നു
9ഫെലിസ്ത്യർ യെഹൂദ്യയിൽ ചെന്നു പാളയമടിച്ച് ലേഹി പട്ടണം ആക്രമിച്ചു. 10“ഞങ്ങളെ എന്തിന് ആക്രമിക്കുന്നു” എന്നു യെഹൂദാനിവാസികൾ അവരോടു ചോദിച്ചപ്പോൾ “ശിംശോനെ ബന്ധിച്ച് അവനോട് പകരം വീട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് അവർ പറഞ്ഞു; 11മൂവായിരം യെഹൂദാനിവാസികൾ ഏതാംപാറയിടുക്കിൽ ചെന്നു ശിംശോനോടു ചോദിച്ചു: “ഫെലിസ്ത്യരാണു നമ്മെ ഭരിക്കുന്നതെന്നു നിനക്ക് അറിഞ്ഞുകൂടേ? ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്?” “അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു” എന്ന് അയാൾ ഉത്തരം പറഞ്ഞു. 12അവർ പറഞ്ഞു: “നിന്നെ ബന്ധിച്ച് അവരുടെ കൈയിൽ ഏല്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്.” ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾ നേരിട്ട് എന്നെ കൊല്ലുകയില്ലെന്നു സത്യം ചെയ്യണം.” 13“ഇല്ല, ഞങ്ങൾ നിന്നെ നിശ്ചയമായും കൊല്ലുകയില്ല; നിന്നെ ബന്ധിച്ച് ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കുകയേയുള്ളൂ” എന്ന് അവർ പറഞ്ഞു. അവർ രണ്ടു പുതിയ കയറുകൾകൊണ്ട് അയാളെ കെട്ടി പാറക്കെട്ടിൽനിന്നു കൊണ്ടുപോയി. 14ശിംശോൻ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ ആർത്തിരമ്പിക്കൊണ്ട് അയാളുടെ നേരെ ചെന്നു. അപ്പോൾ സർവേശ്വരന്റെ ആത്മാവ് ശക്തിയോടെ അയാളുടെമേൽ വന്നു; അയാളെ ബന്ധിച്ചിരുന്ന കയർ തീയിൽ ചണനാരെന്നപോലെ കരിഞ്ഞുപോയി. അയാളുടെ കെട്ടുകൾ അഴിഞ്ഞു; 15അടുത്തിടെ ചത്ത ഒരു കഴുതയുടെ താടിയെല്ലു കണ്ട് അയാൾ അതെടുത്തു; അതുകൊണ്ട് ആയിരം പേരെ അടിച്ചുകൊന്നു.
16പിന്നീട് ശിംശോൻ ഇങ്ങനെ പാടി:
കഴുതയുടെ താടിയെല്ലുകൊണ്ട്
ഞാൻ ആയിരം പേരെ കൊന്നു
കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ
അവരെ കൊന്നു കൂനകൂട്ടി.
17അയാൾ ആ താടിയെല്ല് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിനു #15:17 രാമത്ത്-ലേഹി = താടിയെല്ലിന്റെ കുന്ന്.രാമത്ത്-ലേഹി എന്നു പേരുണ്ടായി. 18ശിംശോന് വല്ലാതെ ദാഹിച്ചു. അയാൾ സർവേശ്വരനോടു വിളിച്ചുപറഞ്ഞു: “അവിടുത്തെ ദാസനിലൂടെ അവിടുന്ന് ഈ വൻവിജയം നല്‌കിയിരിക്കുന്നു; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു വലയുന്നു. പരിച്ഛേദനം ചെയ്തിട്ടില്ലാത്തവരുടെ കൈയിൽ ഞാൻ അകപ്പെടണമോ”? 19അപ്പോൾ ദൈവം ലേഹിയിൽ ഭൂമി പിളർന്ന് ഒരു കുഴി ഉണ്ടാക്കി. അതിൽനിന്നു പുറപ്പെട്ട ജലം പാനം ചെയ്തു ശിംശോൻ ശക്തി പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിനു #15:19 എൻ-ഹക്കോരേ = അപേക്ഷിക്കുന്നവന്റെ ഉറവ.എൻ-ഹക്കോരേ എന്നു പേരായി; അത് ഇന്നും ലേഹിയിലുണ്ട്. 20ഫെലിസ്ത്യരുടെ കാലത്ത് ശിംശോൻ ഇസ്രായേലിൽ ഇരുപതു വർഷം ന്യായപാലനം നടത്തി.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
RORELTUTE 15: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.