RORELTUTE 1

1
അദോനീ-ബേസെക്കിനെ പരാജയപ്പെടുത്തുന്നു
1“ഞങ്ങളിൽ ഏതു ഗോത്രക്കാരാണ് കനാന്യരോടു യുദ്ധം ചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽജനം യോശുവയുടെ മരണശേഷം സർവേശ്വരനോട് ആരാഞ്ഞു. 2അവിടുന്ന് അരുളിച്ചെയ്തു: “യെഹൂദാ ഗോത്രക്കാർ ആദ്യം പുറപ്പെടട്ടെ; ഞാൻ ദേശം അവരെ ഏല്പിച്ചിരിക്കുന്നു.” 3യെഹൂദാഗോത്രക്കാർ തങ്ങളുടെ സഹോദരരായ ശിമെയോന്യരോടു പറഞ്ഞു: “കനാന്യരോടു യുദ്ധം ചെയ്ത് ഞങ്ങൾക്കുവേണ്ടി നിശ്ചയിച്ച ദേശം കൈവശപ്പെടുത്താൻ ഞങ്ങളോടൊത്തു വരിക; നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദേശത്ത് യുദ്ധം ചെയ്യാൻ നിങ്ങളോടൊപ്പം ഞങ്ങളും വരാം.” ശിമെയോൻഗോത്രക്കാർ അവരുടെ കൂടെ പോയി; 4യെഹൂദാഗോത്രക്കാർ കനാന്യരോടും പെരിസ്യരോടും യുദ്ധം ചെയ്തു; അവരിൽ പതിനായിരം പേരെ ബേസെക്കിൽ വച്ചു സംഹരിച്ചു. അങ്ങനെ സർവേശ്വരൻ യെഹൂദാഗോത്രക്കാർക്കു വിജയം നല്‌കി. 5ബേസെക്കിൽവച്ച് അവർ അദോനീ-ബേസെക്കുമായി ഏറ്റുമുട്ടി; അയാളോടൊപ്പം യുദ്ധം ചെയ്തിരുന്ന കനാന്യരെയും പെരിസ്യരെയും അവർ തോല്പിച്ചു. 6അദോനീ-ബേസെക്ക് അവിടെനിന്നു പലായനം ചെയ്തു; എന്നാൽ അവർ അയാളെ പിന്തുടർന്നു പിടിച്ച് അയാളുടെ കൈകാലുകളിലെ പെരുവിരലുകൾ മുറിച്ചുകളഞ്ഞു. 7അപ്പോൾ അദോനീ-ബേസെക് പറഞ്ഞു: “കൈകാലുകളിലെ പെരുവിരലുകൾ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാർ എന്റെ മേശയിൽനിന്നു പൊഴിഞ്ഞുവീണ ഉച്ഛിഷ്ടം പെറുക്കി തിന്നിരുന്നു. ഞാൻ അവരോടു ചെയ്തതുപോലെ സർവേശ്വരൻ എന്നോടും ചെയ്തിരിക്കുന്നു.” അവർ അയാളെ യെരൂശലേമിലേക്കു കൊണ്ടുപോയി; അവിടെവച്ച് അയാൾ മരിച്ചു.
യെരൂശലേമും ഹെബ്രോനും കീഴടക്കുന്നു
8യെഹൂദാഗോത്രക്കാർ യെരൂശലേം ആക്രമിച്ചു കീഴടക്കി, അതിലെ നിവാസികളെ വാളാൽ നശിപ്പിക്കുകയും പട്ടണം അഗ്നിക്ക് ഇരയാക്കുകയും ചെയ്തു. 9അതിനുശേഷം യെഹൂദാഗോത്രക്കാർ മലനാട്ടിലും നെഗെബുദേശത്തും താഴ്‌വരകളിലും പാർത്തിരുന്ന കനാന്യരോടു യുദ്ധത്തിനു പുറപ്പെട്ടു. 10അവർ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരെ നേരിടാൻ അവിടേക്കു നീങ്ങി. കിര്യത്ത്-അർബ എന്ന പേരിലാണ് ഹെബ്രോൻ മുമ്പ് അറിയപ്പെട്ടിരുന്നത്. അവർ ശേശായി, അഹീമാൻ, തൽമായി എന്നീ ഗോത്രങ്ങളെ പരാജയപ്പെടുത്തി.
ഒത്നീയേൽ ദെബീർ പട്ടണം പിടിച്ചടക്കുന്നു
(യോശു. 15:13-19)
11അവിടെനിന്നു യെഹൂദാഗോത്രക്കാർ കിര്യത്ത്-സേഫെർ എന്ന പേരിൽ പണ്ട് അറിയപ്പെട്ടിരുന്ന ദെബീർ പട്ടണവാസികൾക്കെതിരെ യുദ്ധം ചെയ്യാൻ പോയി. 12കിര്യത്ത്- സേഫെർ പിടിച്ചടക്കുന്നവനു തന്റെ മകൾ അക്സായെ ഭാര്യയായി നല്‌കും എന്ന് കാലേബ് വാഗ്ദാനം ചെയ്തു. 13കാലേബിന്റെ അനുജനായ കെനസിന്റെ പുത്രൻ ഒത്നീയേൽ അതു പിടിച്ചടക്കി; കാലേബ് തന്റെ മകളെ അവനു ഭാര്യയായി നല്‌കി. 14പിതാവായ കാലേബിനോട് ഒരു നിലം ആവശ്യപ്പെടാൻ ഒത്നീയേൽ അക്സായെ #1:14 നിർബന്ധിച്ചു = അവൾ ഒത്നീയേലിനെ നിർബന്ധിച്ചു എന്നു മൂലഭാഷയിൽ.നിർബന്ധിച്ചു. അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ “നിനക്ക് എന്തുവേണം” എന്നു കാലേബ് ചോദിച്ചു. 15അവൾ പറഞ്ഞു: “എന്നെ നെഗെബുദേശത്താണല്ലോ പാർപ്പിച്ചിരിക്കുന്നത്. ഏതാനും നീരുറവുകൾ എനിക്കു തരിക.” അവൾ ആവശ്യപ്പെട്ടതനുസരിച്ച് കാലേബ് ഉയർന്ന സ്ഥലത്തും താഴ്‌വരയിലുമുള്ള നീരുറവുകൾ അവൾക്കു കൊടുത്തു.
യെഹൂദാ-ബെന്യാമീൻ ഗോത്രങ്ങളുടെ വിജയം
16മോശയുടെ ഭാര്യാപിതാവായ കേന്യന്റെ പിൻഗാമികൾ യെഹൂദാഗോത്രക്കാരോടൊപ്പം ഈന്തപ്പനകളുടെ നഗരത്തിൽനിന്ന് അരാദിനു തെക്കുവശമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവർ അവിടെയുള്ള ജനത്തോടുകൂടെ പാർത്തു. 17പിന്നീട് യെഹൂദാഗോത്രക്കാരും ശിമെയോൻഗോത്രക്കാരും കൂടി സെഫാത്തിൽ പാർത്തിരുന്ന കനാന്യരെ ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അതുകൊണ്ട് ആ പട്ടണത്തിനു #1:17 ഹോർമ്മാ = വിനാശം.ഹോർമ്മാ എന്നു പേരുവന്നു. 18-19സർവേശ്വരൻ യെഹൂദാഗോത്രക്കാരുടെ കൂടെ ഉണ്ടായിരുന്നു; അവർ മലനാടു പിടിച്ചടക്കി. ഗസ്സ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അവയ്‍ക്കു ചുറ്റുമുള്ള സ്ഥലങ്ങളും അവർ കൈവശമാക്കി. എന്നാൽ താഴ്‌വരയിൽ പാർത്തിരുന്നവർക്ക് ഇരുമ്പു രഥങ്ങൾ ഉണ്ടായിരുന്നതിനാൽ അവരെ #1:18, 19 കീഴടക്കി = പിടിച്ചടക്കി എന്നാണു മൂലഭാഷയിൽ കാണുന്നത്.കീഴടക്കാൻ അവർക്കു കഴിഞ്ഞില്ല. 20മോശ കല്പിച്ചിരുന്നതുപോലെ അവർ ഹെബ്രോൻ പട്ടണം കാലേബിനു കൊടുത്തു. അയാൾ അനാക്കിന്റെ വംശജരായ മൂന്നു ഗോത്രങ്ങളെ അവിടെനിന്നു പുറത്താക്കി. 21യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ ബെന്യാമീൻഗോത്രക്കാർ അവിടെനിന്ന് ഓടിച്ചുകളഞ്ഞില്ല; യെബൂസ്യർ, ബെന്യാമീൻഗോത്രക്കാരുടെ കൂടെ യെരൂശലേമിൽ ഇപ്പോഴും പാർത്തുവരുന്നു.
ബേഥേൽ പിടിച്ചടക്കുന്നു
22യോസേഫ്ഗോത്രക്കാർ ബേഥേൽ ആക്രമിച്ചു; സർവേശ്വരൻ അവരോടൊപ്പം ഉണ്ടായിരുന്നു. 23പണ്ടു ലൂസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബേഥേലിലേക്ക് ഒറ്റുനോക്കുന്നതിന് അവർ ചാരന്മാരെ അയച്ചു. 24അവർ അവിടെ ചെന്നപ്പോൾ പട്ടണത്തിൽനിന്നു പുറത്തുവരുന്ന ഒരാളിനെ കണ്ടു; അവർ അവനോടു പറഞ്ഞു: “പട്ടണത്തിൽ പ്രവേശിക്കുന്നതിനുള്ള വഴി കാണിച്ചുതന്നാൽ ഞങ്ങൾ നിന്നോടു ദയാപൂർവം വർത്തിക്കാം.” 25അങ്ങനെ പട്ടണത്തിലേക്കുള്ള വഴി അയാൾ അവർക്കു കാണിച്ചുകൊടുത്തു; അയാളെയും അയാളുടെ കുടുംബക്കാരെയും ഒഴിച്ചു സകല പട്ടണവാസികളെയും അവർ വാളിനിരയാക്കി. 26പിന്നീട് അയാൾ ഹിത്യരുടെ ദേശത്തു ചെന്ന് അവിടെ ഒരു പട്ടണം നിർമ്മിച്ചു; അതിനു ലൂസ് എന്നു പേരിട്ടു. ആ പട്ടണം ഇന്നും ആ പേരിൽ അറിയപ്പെടുന്നു.
പുറത്താക്കപ്പെടാതിരുന്ന ജനത
27ബേത്ത്-ശെയാൻ, താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലെയും അവയ്‍ക്കു ചുറ്റുമുള്ള ഗ്രാമങ്ങളിലെയും നിവാസികളെ മനശ്ശെഗോത്രക്കാർ ഓടിച്ചുകളഞ്ഞില്ല. കനാന്യർ അവിടെത്തന്നെ പാർത്തു. 28ഇസ്രായേല്യർ ശക്തിപ്രാപിച്ചപ്പോൾ കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
29എഫ്രയീംഗോത്രക്കാർ, ഗേസെരിൽ പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളഞ്ഞില്ല. കനാന്യർ ഗേസെരിൽ അവരുടെ കൂടെ പാർത്തു.
30സെബൂലൂൻഗോത്രക്കാർ, കിത്രോനിലും നഹലോലിലും പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
31ആശേർഗോത്രക്കാർ, അക്കോവ്, സീദോൻ, അഹ്‍ലാബ്, അക്സീബ്, ഹെൽബാ, അഫീക്, രെഹോബ് എന്നീ പട്ടണങ്ങളിൽ പാർത്തിരുന്നവരെ പുറത്താക്കിയില്ല. 32അതുകൊണ്ട് ആശേർഗോത്രക്കാർ തദ്ദേശവാസികളായ കനാന്യരുടെ ഇടയിൽത്തന്നെ പാർത്തു.
33നഫ്താലിഗോത്രക്കാർ ബേത്ത്-ശേമെശ്, ബേത്ത്-അനാത്ത് എന്നീ പട്ടണങ്ങളിൽ പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരുടെ ഇടയിൽത്തന്നെ പാർത്തു. ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും ജനങ്ങളെക്കൊണ്ട് അവർ അടിമവേല ചെയ്യിച്ചു.
34അമോര്യർ ദാൻഗോത്രക്കാരെ മലനാട്ടിലേക്കു തള്ളിനീക്കി; താഴ്‌വരയിലേക്ക് ഇറങ്ങി വരാൻ അമോര്യർ അവരെ അനുവദിച്ചില്ല. 35ഹർ-ഹേരെസ്, അയ്യാലോൻ, ശാൽബീം എന്നീ സ്ഥലങ്ങളിൽ അമോര്യർ തുടർന്നു പാർത്തു. എന്നാൽ യോസേഫ്ഗോത്രക്കാർക്കു ശക്തി ലഭിച്ചപ്പോൾ അവർ അമോര്യരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
36അമോര്യരുടെ അതിര്, സേലമുതൽ അക്രബ്ബീം കയറ്റംവരെ വ്യാപിച്ചിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

RORELTUTE 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക