ISAIA 7:1-17

ISAIA 7:1-17 MALCLBSI

ഉസ്സിയായുടെ പുത്രനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായിരിക്കുമ്പോൾ രെമല്യായുടെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും സിറിയാരാജാവായ രെസീനും ചേർന്ന് യെരൂശലേമിനെ ആക്രമിച്ചു. എന്നാൽ അവർക്ക് അതു പിടിച്ചടക്കാൻ കഴിഞ്ഞില്ല. സിറിയായും എഫ്രയീമും സഖ്യത്തിലാണെന്നറിഞ്ഞപ്പോൾ യെഹൂദാരാജാവും ജനങ്ങളും ഭയന്ന് കാറ്റിൽ ആടിയുലയുന്ന വൃക്ഷംപോലെ വിറച്ചു. അപ്പോൾ സർവേശ്വരൻ യെശയ്യായോട് അരുളിച്ചെയ്തു: “നീയും നിന്റെ പുത്രൻ ശെയാർ -യാശൂബും കൂടി അലക്കുകാരന്റെ വയലിലേക്കുള്ള പൊതുനിരത്തിലൂടെ ചെന്നു മേലെക്കുളത്തിൽ നിന്നുള്ള നീർച്ചാലിന്റെ അറ്റത്തുവച്ച് ആഹാസിനെ ചെന്നു കണ്ട് ഇപ്രകാരം പറയുക: ‘ഞാൻ പറയുന്നതു ശ്രദ്ധിക്കുക; സമാധാനമായിരിക്കുക, ഭയപ്പെടേണ്ടാ. സിറിയായുടെയും അവരുടെ രാജാവായ രെസീന്റെയും ഇസ്രായേലിന്റെ രാജാവായ പേക്കഹിന്റെയും ഉഗ്രകോപം നിമിത്തം നീ അധൈര്യപ്പെടരുത്. അവർ പുകയുന്ന തീക്കൊള്ളികൾ മാത്രമാണ്. നമുക്ക് യെഹൂദായുടെ നേരെ ചെന്നു ഭയപ്പെടുത്തി, അതു പിടിച്ചടക്കി താബെയിലിന്റെ പുത്രനെ അവിടെ രാജാവായി വാഴിക്കാം” എന്നു പറഞ്ഞൊത്തുകൊണ്ടു സിറിയായും എഫ്രയീമും രെമല്യായുടെ പുത്രനും നിനക്കെതിരെ ഗൂഢാലോചന നടത്തി. അതിനാൽ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അതു സംഭവിക്കുകയില്ല. കാരണം സിറിയായുടെ തലസ്ഥാനം ദമാസ്കസും ദമാസ്കസിന്റെ രാജാവ് രെസീനുമാണ്. എഫ്രയീം ഒരു ജനതയായി ശേഷിക്കാത്തവിധം അറുപത്തഞ്ചു വർഷത്തിനുള്ളിൽ അതു തകർന്നുപോകും. എഫ്രയീമിന്റെ തലസ്ഥാനം ശമര്യയും ശമര്യയുടെ തലവൻ രെമല്യായുടെ പുത്രനുമാണ്. വിശ്വസിച്ചില്ലെങ്കിൽ നിങ്ങൾ നിലനില്‌ക്കുകയില്ല.” സർവേശ്വരൻ വീണ്ടും ആഹാസിനോട് അരുളിച്ചെയ്തു: “നിന്റെ ദൈവമായ സർവേശ്വരനോട് ഒരടയാളം ചോദിച്ചുകൊള്ളുക. താഴെ പാതാളത്തിലോ മുകളിൽ സ്വർഗത്തിലോ ഉള്ള ഏതും ആയിക്കൊള്ളട്ടെ.” ആഹാസ് പറഞ്ഞു: “ഞാൻ ചോദിക്കുകയില്ല; ദൈവത്തെ പരീക്ഷിക്കുകയുമില്ല.” അപ്പോൾ യെശയ്യാ പറഞ്ഞു: “ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, നിങ്ങൾ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടാണോ സർവേശ്വരന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതുകൊണ്ട് അവിടുന്ന് ഒരടയാളം കാണിച്ചുതരും. കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, ദൈവം നമ്മോടുകൂടെ എന്നർഥമുള്ള ഇമ്മാനുവേൽ എന്ന പേരിൽ അവൻ അറിയപ്പെടും. തിന്മ കൈവെടിയാനും നന്മ കൈക്കൊള്ളാനും കഴിയുന്ന പ്രായത്തിൽ അവൻ തൈരും തേനും ഭക്ഷിക്കും. നന്മതിന്മകൾ തിരിച്ചറിയാൻ ആ ബാലനു പ്രായമാകുന്നതിനു മുമ്പുതന്നെ നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യങ്ങൾ വിജനമായിത്തീരും. യെഹൂദ്യയിൽനിന്നു എഫ്രയീം വേർപെട്ടശേഷം ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള നാളുകൾ നിന്റെയും നിന്റെ ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയുംമേൽ സർവേശ്വരൻ വരുത്തും. അത് അസ്സീറിയാരാജാവിന്റെ ഭരണംതന്നെ.

ISAIA 7 വായിക്കുക