ഞാൻ, ഞാൻ തന്നെയാണു നിന്നെ ആശ്വസിപ്പിക്കുന്നവൻ. പുല്ലിനു സമനായുള്ള മർത്യനെ നീ എന്തിനു ഭയപ്പെടണം? ഭൂമിക്ക് അടിസ്ഥാനമിടുകയും ആകാശത്തെ നിവർത്തുകയും ചെയ്തവനും നിന്നെ സൃഷ്‍ടിച്ചവനുമായ സർവേശ്വരനെ നീ വിസ്മരിച്ചോ? മർദകന്റെ ക്രോധം നിമിത്തം നീ എന്തിനു നിരന്തരം ഭയപ്പെടുന്നു? അതു നിന്നെ സ്പർശിക്കുകയില്ല. തടവിലാക്കപ്പെട്ടവർ അതിവേഗം മോചിതരാകും. അവർ മരിക്കുകയോ, പാതാളത്തിലേക്കു പോകുകയോ ഇല്ല. അവർക്ക് ആഹാരത്തിനു ബുദ്ധിമുട്ടുണ്ടാവുകയില്ല. തിരമാലകൾ ഗർജിക്കുംവിധം സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ സർവേശ്വരനാണു ഞാൻ. സർവശക്തനായ സർവേശ്വരൻ എന്നാണ് എന്റെ നാമം. ആകാശത്തെ നിവർത്തുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത ഞാൻ, നീ എന്റെ ജനമാകുന്നു എന്നു സീയോനോടു പറഞ്ഞുകൊണ്ടു നിന്റെ നാവിൽ എന്റെ ഉപദേശം നിക്ഷേപിച്ചു. നിന്നെ എന്റെ കരത്തിന്റെ നിഴലിൽ മറച്ചു. സർവേശ്വരന്റെ കൈയിൽനിന്നു ക്രോധത്തിന്റെ പാനപാത്രം വാങ്ങി കുടിക്കുകയും പരിഭ്രാന്തിയുടെ പാനപാത്രം മട്ടുവരെ ഊറ്റി കുടിക്കുകയും ചെയ്ത യെരൂശലേമേ, ഉണരുക, ഉണർന്നെഴുന്നേല്‌ക്കുക. നീ പ്രസവിച്ച മക്കളിൽ ആരും നിന്നെ നയിക്കാനില്ല. നീ പോറ്റി വളർത്തിയവരിൽ ആരും നിന്നെ കൈക്കു പിടിച്ചു നടത്താനില്ല. രണ്ടു കാര്യങ്ങൾ നിനക്കു സംഭവിച്ചിരിക്കുന്നു; വാളുകൊണ്ട് ഉന്മൂലനാശവും ക്ഷാമംമൂലമുള്ള കെടുതിയും. ആരു നിന്നോടൊത്തു സഹതപിക്കും? ആരു നിന്നെ ആശ്വസിപ്പിക്കും? വലയിൽപ്പെട്ട മാനിനെപ്പോലെ നിന്റെ പുത്രന്മാർ എല്ലാ വഴിക്കവലകളിലും ബോധംകെട്ടു കിടക്കുന്നു. അവർ സർവേശ്വരന്റെ ക്രോധത്തിൽ നിന്റെ ദൈവത്തിന്റെ ശാസനത്തിൽ അമർന്നിരിക്കുന്നു. പീഡിതയും വീഞ്ഞു കുടിക്കാതെ തന്നെ ലഹരിപിടിച്ചവളുമായ യെരൂശലേമേ, ഇതു കേൾക്കുക. നിന്റെ ദൈവമായ സർവേശ്വരൻ നിനക്കുവേണ്ടി വാദിക്കുന്ന ദൈവം അരുളിച്ചെയ്യുന്നു: “ഇതാ, പരിഭ്രാന്തിയുടെ പാനപാത്രം ഞാൻ നിങ്കൽനിന്നു നീക്കിയിരിക്കുന്നു. എന്റെ ക്രോധത്തിന്റെ പാനപാത്രത്തിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല. തങ്ങൾക്കു കടന്നുപോകത്തക്കവിധം കുനിഞ്ഞു നില്‌ക്കാൻ പറയുകയും അങ്ങനെ നിങ്ങളുടെ മുതുകത്തു ചവുട്ടി തെരുവീഥിയിലൂടെയും നിലത്തുകൂടെയും എന്നപോലെ നടന്നുപോകുകയും ചെയ്തവരുടെ കൈയിൽ, അതേ നിന്നെ പീഡിപ്പിച്ചവരുടെ കൈയിൽ തന്നെ എന്റെ ക്രോധത്തിന്റെ പാനപാത്രം ഞാൻ വച്ചുകൊടുക്കും.
ISAIA 51 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 51:12-23
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ