ISAIA 50:4-9

ISAIA 50:4-9 MALCLBSI

ക്ഷീണിച്ചവനെ ആശ്വസിപ്പിക്കാനുള്ള വാക്കുകൾ ദൈവമായ സർവേശ്വരൻ എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു. പ്രഭാതംതോറും അവിടുന്നു പഠിപ്പിക്കുന്നതു കേൾക്കാൻ എന്റെ കാതുകളെ അവിടുന്ന് ഉണർത്തുന്നു. ദൈവമായ സർവേശ്വരൻ എന്റെ കാതുകൾ തുറന്നു; ഞാൻ എതിർത്തില്ല, പിന്തിരിഞ്ഞുമില്ല. അടിക്കുന്നവർക്ക് എന്റെ പുറവും മീശ പറിക്കുന്നവർക്ക് എന്റെ മുഖവും ഞാൻ കാണിച്ചുകൊടുത്തു. നിന്ദിക്കുകയും തുപ്പുകയും ചെയ്തപ്പോൾ ഞാൻ മുഖം മറച്ചില്ല. ദൈവമായ സർവേശ്വരൻ എന്നെ സഹായിക്കുന്നതുകൊണ്ട് ഞാൻ അപമാനിതനായിട്ടില്ല. അതുകൊണ്ട് ഞാനെന്റെ മുഖം തീക്കല്ലിനു തുല്യമാക്കി. ഞാൻ ലജ്ജിതനാകയില്ലെന്ന് എനിക്കറിയാം. എന്റെ നിരപരാധിത്വം തെളിയിക്കുന്നവൻ എന്റെ സമീപത്തുണ്ട്. ആര് എന്നെ എതിർക്കും? നമുക്കു നേരിടാം. എന്റെ പ്രതിയോഗി ആര്? അയാൾ എന്റെ നേരെ വരട്ടെ. ദൈവമായ സർവേശ്വരൻ എന്നെ സഹായിക്കുന്നുണ്ട്. ആരാണ് എന്നെ കുറ്റം വിധിക്കുക? ഇരട്ടവാലൻ കരളുന്ന വസ്ത്രംപോലെ അവർ ദ്രവിച്ച് ഇല്ലാതെയാകും.

ISAIA 50 വായിക്കുക