“തീരദേശങ്ങളേ, ഞാൻ പറയുന്നതു കേൾക്കുവിൻ. വിദൂരസ്ഥരായ ജനതകളേ, ശ്രദ്ധിക്കുവിൻ. അമ്മയുടെ ഉദരത്തിൽ വച്ചു സർവേശ്വരൻ എന്നെ വിളിച്ചു. ഗർഭത്തിൽവച്ചു തന്നെ എനിക്കു പേരിട്ടു. അവിടുന്ന് എന്റെ നാവു മൂർച്ചയുള്ള വാളുപോലെ ആക്കി. തന്റെ കൈനിഴലിൽ അവിടുന്ന് എന്നെ മറച്ചു. അവിടുന്ന് എന്നെ മിനുക്കിയ അസ്ത്രമാക്കി തന്റെ ആവനാഴിയിൽ ഒളിപ്പിച്ചു. “ഇസ്രായേലേ, നീ എന്റെ ദാസൻ! നീ നിമിത്തം ഞാൻ പ്രകീർത്തിക്കപ്പെടും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. “ഞാൻ അധ്വാനിക്കുകയായിരുന്നു; എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും വിനിയോഗിച്ചു, എങ്കിലും നിശ്ചയമായും എന്റെ അവകാശവും എന്റെ പ്രയത്നത്തിനുള്ള പ്രതിഫലവും സർവേശ്വരന്റെ പക്കലുണ്ട്” എന്നു ഞാൻ പറഞ്ഞു. യാക്കോബിനെ തന്റെ അടുക്കലേക്കു തിരിച്ചുകൊണ്ടുവരാനും ഇസ്രായേലിനെ ഒരുമിച്ചു കൂട്ടാനും അമ്മയുടെ ഗർഭത്തിൽ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്തെന്നാൽ അവിടുത്തെ ദൃഷ്ടിയിൽ ഞാൻ ബഹുമാനിതനായി. എന്റെ ദൈവം എന്റെ ബലം ആയിത്തീർന്നിരിക്കുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിന്റെ ഗോത്രങ്ങളെ ഉദ്ധരിക്കാനും ഇസ്രായേലിൽ അവശേഷിക്കുന്നവരെ മടക്കിക്കൊണ്ടുവരാനും നീ എന്റെ ദാസനായിരിക്കുക എന്നതു നിസ്സാരകാര്യമാണ്. എന്റെ രക്ഷ ഭൂമിയുടെ അതിരുകൾവരെ എത്താൻ ഞാൻ നിന്നെ ജനതകൾക്കു പ്രകാശമാക്കിത്തീർക്കും. സർവജനതകളാലും നിന്ദിതനും വെറുക്കപ്പെട്ടവനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്റെ പരിശുദ്ധനും വീണ്ടെടുപ്പുകാരനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്നെ തിരഞ്ഞെടുത്തവനും ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ സർവേശ്വരൻ നിമിത്തം രാജാക്കന്മാർ നിന്നെ കാണുമ്പോൾ എഴുന്നേല്ക്കും. പ്രഭുക്കന്മാർ നിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്നിൽ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാൻ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിക്കുകയും ജനത്തിന് ഒരു ഉടമ്പടിയായി നല്കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാൻ പറഞ്ഞു. യാത്രയിൽ അവർ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചിൽപ്പുറങ്ങളായി മാറും. അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവർ അവരെ വഴി നടത്തുകയും നീരുറവകൾക്കരികിലൂടെ നയിക്കുകയും ചെയ്യും. പർവതങ്ങളെ ഞാൻ വഴിയാക്കി മാറ്റും. എന്റെ ജനത്തിനു പോകാനുള്ള രാജവീഥികൾ ഉയർന്നു വരും. കണ്ടുകൊൾക, എന്റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും.
ISAIA 49 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 49:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ