ISAIA 48:12-19

ISAIA 48:12-19 MALCLBSI

യാക്കോബേ, ഞാൻ വിളിച്ചിരിക്കുന്ന ഇസ്രായേലേ, എന്റെ വാക്കു ശ്രദ്ധിച്ചുകേൾക്കുവിൻ! ഞാനാണു ദൈവം, ഞാൻ ആദിയും അന്തവുമാകുന്നു. ഭൂമിക്ക് അടിസ്ഥാനമിട്ടത് എന്റെ കൈയാണ്, ആകാശത്തെ വിരിച്ചത് എന്റെ വലതുകരമാണ്; ഞാൻ അവയെ വിളിക്കുമ്പോൾ അവ ഒരുമിച്ചു മുമ്പോട്ടുവന്നു നില്‌ക്കുന്നു. നിങ്ങൾ എല്ലാവരും ഒന്നിച്ചുകൂടി കേൾക്കുവിൻ! അവരിൽ ആരാണ് ഈ കാര്യങ്ങൾ പ്രഖ്യാപിച്ചത്? സർവേശ്വരൻ അവനെ സ്നേഹിക്കുന്നു; ബാബിലോണിൽ അവിടുത്തെ ലക്ഷ്യം നിറവേറ്റും; കൽദായർക്ക് എതിരായിരിക്കും അവന്റെ കരം. ഞാൻ, ഞാനാണ് അവനെ വിളിച്ച് അവനോട് സംസാരിച്ചത്; ഞാനാണ് അവനെ കൊണ്ടുവന്നത് അവൻ അവന്റെ മാർഗം വിജയകരമാക്കും. എന്റെ അടുക്കൽവന്നു നിങ്ങൾ ഇതു കേൾക്കൂ: “ആദിമുതൽ ഞാൻ രഹസ്യത്തിലല്ല സംസാരിച്ചത്; അത് ഉണ്ടായതു മുതൽ ഞാനവിടെ ഉണ്ടായിരുന്നു. ഇപ്പോൾ സർവേശ്വരനായ ദൈവം എന്നെയും അവിടുത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.” ഇസ്രായേലിന്റെ പരിശുദ്ധനും നിന്റെ വീണ്ടെടുപ്പുകാരനുമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്ക് നന്മയുണ്ടാകാൻ അഭ്യസിപ്പിക്കുകയും നീ പോകേണ്ട വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന ഞാനാണ് നിന്റെ ദൈവമായ സർവേശ്വരൻ.” ഹാ, നീ എന്റെ കല്പനകൾ ശ്രദ്ധിച്ചു കേട്ടിരുന്നെങ്കിൽ! നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി കടലിലെ തിരമാലകൾപോലെയും ആകുമായിരുന്നു. നിന്റെ സന്തതികൾ മണൽപോലെയും നിന്റെ പിൻഗാമികൾ മണൽത്തരിപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്നിൽനിന്ന് ഒരിക്കലും വിച്ഛേദിക്കപ്പെടുകയോ നശിപ്പിക്കുകയോ ഇല്ലായിരുന്നു.

ISAIA 48 വായിക്കുക