ISAIA 35:1-7

ISAIA 35:1-7 MALCLBSI

വിജനപ്രദേശവും വരണ്ട നിലവും സന്തോഷിക്കും. മരുഭൂമി ആനന്ദിച്ചു പുഷ്പിക്കും. കുങ്കുമച്ചെടിപോലെ സമൃദ്ധമായി പൂക്കൾ വിരിയും. ആനന്ദഗീതം ആലപിച്ച് ആഹ്ലാദിക്കും. ലെബാനോനെപ്പോലെ അതു മനോഹരമായിരിക്കും. ശാരോനിന്റെയും കർമ്മേലിന്റെയും പ്രൗഢി അതിനു ലഭിക്കും. അവർ സർവേശ്വരന്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ മഹിമ ദർശിക്കും. ദുർബലമായ കരങ്ങളെ ശക്തിപ്പെടുത്തുവിൻ. തളർന്ന കാൽമുട്ടുകളെ ഉറപ്പിക്കുവിൻ. ഭീതിയിൽ കഴിയുന്നവനോട്, “ഭയപ്പെടേണ്ടാ, ധൈര്യമായിരിക്കൂ” എന്നു പറയുക. ഇതാ സർവേശ്വരൻ പ്രതികാരവുമായി വരുന്നു! അവിടുന്നു നിങ്ങളുടെ ശത്രുക്കളോടു പകരം വീട്ടുകയും നിങ്ങളെ രക്ഷിക്കുകയും ചെയ്യും. അന്ന് അന്ധന്മാരുടെ കണ്ണു തുറക്കും; ബധിരരുടെ ചെവി അടഞ്ഞിരിക്കുകയില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും. മൂകൻ ആനന്ദിച്ചുപാടും. മരുഭൂമിയിൽ നീരുറവകൾ ഉണ്ടാകും. വരണ്ട പ്രദേശത്ത് അരുവികൾ പൊട്ടിപ്പുറപ്പെടും. ചുട്ടുപഴുത്ത മണൽപ്പരപ്പ് ജലാശയമായി മാറും. വരണ്ട ഭൂമി നീരുറവകളായിത്തീരും. കുറുനരികൾ വിഹരിച്ചിരുന്ന വരണ്ട ഭൂമി ചതുപ്പുനിലമായി മാറും. അവിടെ പുല്ലും ഞാങ്ങണയും കോരപ്പുല്ലും വളരും.

ISAIA 35 വായിക്കുക