ISAIA 14
14
തിരിച്ചുവരവ്
1സർവേശ്വരന് ഇസ്രായേലിനോടു കരുണയുണ്ടാകും, അവിടുന്ന് അവരെ വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്തു പാർപ്പിക്കും. പരദേശികൾ അവരോടു ചേരും. അവർ ഇസ്രായേൽഭവനത്തിൽ ലയിക്കും. 2ജനതകൾ ഇസ്രായേലിനെ സ്വീകരിച്ച് അവരുടെ ദേശത്തേക്ക് ആനയിക്കും. വിജാതീയർ സർവേശ്വരന്റെ ദേശത്ത് ഇസ്രായേലിന്റെ ദാസീദാസന്മാരായിത്തീരും. തങ്ങളെ അടിമകളാക്കിയവരെ അവർ അടിമകളാക്കും. തങ്ങളെ പീഡിപ്പിച്ചവരെ അവർ ഭരിക്കും.
ബാബിലോൺ രാജാവ്
3കഷ്ടതകളിൽനിന്നും വേദനകളിൽനിന്നും നിർബന്ധപൂർവം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളിൽനിന്നും സർവേശ്വരൻ നിങ്ങൾക്കു സ്വസ്ഥത നല്‌കുമ്പോൾ 4ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസഗാനം പാടുക: മർദകൻ എങ്ങനെ ഇല്ലാതായി! ഗർവം എങ്ങനെ നിലച്ചു. 5സർവേശ്വരൻ ദുർജനത്തിന്റെ ദണ്ഡും ഭരണാധികാരികളുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 6അവൻ ജനങ്ങളെ നിരന്തരം പ്രഹരിക്കുകയും നിർദയം പീഡിപ്പിച്ചു ഭരിക്കുകയും ചെയ്തിരുന്നല്ലോ. 7സർവലോകവും സ്വസ്ഥവും ശാന്തവുമായിരിക്കുന്നു. എല്ലാവരും ആനന്ദഗീതം പാടുന്നു. 8ലെബാനോനിലെ ദേവദാരുമരങ്ങളും സരളവൃക്ഷങ്ങളും നിന്നെക്കുറിച്ച് ആഹ്ലാദിച്ചു പറയുന്നു: 9“നീ വീണു കിടക്കുന്നതിനാൽ ഒരു മരംവെട്ടുകാരനും ഞങ്ങൾക്കെതിരെ വരുന്നില്ല. നിന്നെ എതിരേല്‌ക്കാൻ അധോലോകം ഇളകിയിരിക്കുന്നു. ഭൂപാലകരായിരുന്ന എല്ലാവരുടെയും പ്രേതങ്ങളെ അത് ഉണർത്തും. ജനതകളുടെ രാജാക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്ന് അത് എഴുന്നേല്പിക്കും. 10അവരൊക്കെയും ഞങ്ങളെപ്പോലെ ദുർബലരായിത്തീർന്നല്ലോ, നീയും ഞങ്ങൾക്കു തുല്യരായിത്തീർന്നുവോ എന്നു പറയും. 11നിന്റെ പ്രതാപവും വീണയുടെ നാദവും അധോലോകത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. പുഴുക്കളാണ് നിന്റെ കിടക്ക. കൃമികളാണ് നിന്റെ പുതപ്പ്.
12ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രമേ, നീ എങ്ങനെ താഴെ വീണു! ജനതകളെ കീഴടക്കിയ നീ എങ്ങനെ വെട്ടേറ്റു നിലംപതിച്ചു?” 13“ഞാൻ ആകാശമണ്ഡലത്തിലേക്കു കയറും, അത്യുന്നത നക്ഷത്രങ്ങൾക്കു മീതെ എന്റെ സിംഹാസനം സ്ഥാപിക്കും. അന്നു വടക്കേ അറ്റത്തുള്ള സമ്മേളനപർവതത്തിൽ ഞാൻ ഉപവിഷ്ടനാകും. 14ഞാൻ മേഘങ്ങൾക്കു മീതെ കയറും. ഞാൻ അത്യുന്നതനെപ്പോലെ ആയിത്തീരും.” 15എന്നാൽ നീ അധോലോകത്തിന്റെ അഗാധഗർത്തത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. 16നിന്നെ കാണുന്നവർ തുറിച്ചുനോക്കും. അവർ ഇങ്ങനെ ആത്മഗതം ചെയ്യും: “ഭൂമിയെ പ്രകമ്പനം കൊള്ളിച്ചത് ഇവനല്ലേ? 17രാജ്യങ്ങളെ കിടുകിടെ വിറപ്പിച്ചതും ഭൂതലത്തെ മരുഭൂമിയാക്കിയതും നഗരങ്ങളെ കീഴ്മേൽ മറിച്ചതും തടവുകാരെ വിട്ടയയ്‍ക്കാതിരുന്നതും ഇയാൾ തന്നെയല്ലേ? 18ജനതകളുടെ രാജാക്കന്മാർ അവരുടെ മനോഹരങ്ങളായ ശവകുടീരങ്ങളിൽ വിശ്രമിക്കുന്നു. 19നീയാകട്ടെ നിന്റെ ശവകുടീരത്തിൽനിന്നു ചവുട്ടിമെതിക്കപ്പെട്ട മുള എന്നപോലെ പറിച്ചെറിയപ്പെടും. വാളിനാൽ വധിക്കപ്പെട്ട് അധോലോകത്തിലെ അഗാധതയിലുള്ള ശിലകൾക്കിടയിലേക്കു താഴ്ത്തപ്പെട്ടവരാൽ ആവൃതനായ നീ ചവുട്ടിമെതിക്കപ്പെട്ട മൃതദേഹംപോലെ ആയിരിക്കുന്നു. 20നിന്റെ ദേശത്തെ നശിപ്പിക്കുകയും സ്വജനത്തെ കൊന്നൊടുക്കുകയും ചെയ്തതിനാൽ നീ മറ്റുള്ളവരെപ്പോലെ സംസ്കരിക്കപ്പെടുകയില്ല. ദുർവൃത്തരുടെ സന്താനപരമ്പരകളുടെ പേരു നിലനില്‌ക്കാതിരിക്കട്ടെ. 21അയാളുടെ പുത്രന്മാരെ അവരുടെ പിതാക്കന്മാരുടെ അധർമം നിമിത്തം വധിക്കാനൊരുങ്ങുക. അല്ലെങ്കിൽ അവർ ഭൂതലം കൈയടക്കി അതിനെ നഗരങ്ങൾകൊണ്ടു നിറയ്‍ക്കും.
ബാബിലോണിനെ നശിപ്പിക്കും
22“ഞാൻ അവർക്ക് എതിരെ എഴുന്നേല്‌ക്കും” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. ബാബിലോണിൽനിന്ന് അതിന്റെ നാമത്തെയും അവിടെ അവശേഷിക്കുന്നവരെയും അവരുടെ സന്താനപരമ്പരകളെയും സമൂലം തുടച്ചുനീക്കും. ആരും അവശേഷിക്കുകയില്ല! എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 23“ഞാൻ അതിനെ മുള്ളൻപന്നിയുടെ വാസസ്ഥലവും നീർപ്പൊയ്കകളും ആക്കും. വിനാശത്തിന്റെ ചൂലുകൊണ്ട് ഞാനതിനെ അടിച്ചുവാരും” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.
അസ്സീറിയായുടെ നാശം
24ഞാൻ തീരുമാനിച്ചതുപോലെ സംഭവിക്കും; ഞാനുദ്ദേശിച്ചതുപോലെ അതു നിറവേറും എന്നിങ്ങനെ സർവശക്തനായ സർവേശ്വരൻ ശപഥം ചെയ്തിരിക്കുന്നു. 25എന്റെ ദേശത്തുവച്ച് അസ്സീറിയായെ ഞാൻ തകർക്കും. എന്റെ പർവതങ്ങളുടെ മുകളിൽവച്ച് അവരെ ചവുട്ടിമെതിക്കും. അങ്ങനെ അവരുടെ നുകത്തിൽനിന്ന് എന്റെ ജനത്തെ സ്വതന്ത്രമാക്കും. അവർ ചുമട് തലയിൽനിന്നു നീക്കുകയും ചെയ്യും. 26സർവലോകത്തെയും സംബന്ധിച്ചുള്ള എന്റെ നിശ്ചയമാണിത്. സർവജനതകളെയും ശിക്ഷിക്കാൻ എന്റെ കൈ നീട്ടിയിരിക്കുന്നു. 27സർവശക്തനായ സർവേശ്വരൻ തീരുമാനിച്ചിരിക്കുന്നു, ആരാണ് അതിനെ അസാധുവാക്കുക? അവിടുത്തെ കൈ നീട്ടിയിരിക്കുന്നു. ആരാണതിനെ പിന്തിരിപ്പിക്കുക.
ഫെലിസ്ത്യർക്കു മുന്നറിയിപ്പ്
28ആഹാസ് രാജാവ് മരിച്ച ആണ്ടിൽ ഈ ദർശനം ഉണ്ടായി. 29ഫെലിസ്ത്യദേശമേ, നിന്നെ അടിച്ച വടി ഒടിഞ്ഞുപോയതിനാൽ നീ ആഹ്ലാദിക്കേണ്ടാ. പാമ്പിൽനിന്നു വിഷസർപ്പവും അതിൽനിന്നു പറക്കുന്ന അഗ്നിസർപ്പവും പുറത്തുവരും. 30അവിടുന്നു തന്റെ ജനത്തിൽ ദരിദ്രരായവരുടെ ആദ്യജാതന്മാരെ പോറ്റിപ്പുലർത്തും. എളിയവർ സുരക്ഷിതരായി പാർക്കും. എന്നാൽ ഫെലിസ്ത്യദേശമേ, ക്ഷാമംകൊണ്ട് ഞാൻ നിന്നെ നിർമൂലമാക്കും. നിന്നിൽ അവശേഷിക്കുന്നവരെ ഞാൻ വധിക്കും. 31ഗോപുരങ്ങളേ, വിലപിക്കൂ! നഗരങ്ങളേ, നിലവിളിക്കൂ, ഫെലിസ്ത്യരേ, നിങ്ങൾ ഭയംകൊണ്ട് ഉരുകുവിൻ; വടക്കുനിന്ന് ഒരു പുക പടലം വരുന്നു. അണിമുറിയാത്ത ഒരു സൈന്യം! 32ആ ജനതയുടെ സന്ദേശവാഹകർക്ക് ലഭിക്കുന്ന മറുപടി എന്താണ്? സർവേശ്വരൻ സീയോന്റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന ജനം അവിടെ അഭയം കണ്ടെത്തും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 14: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.