എന്റെ സാന്നിധ്യത്തിൽ ഇവയുമായി വന്ന് എന്റെ അങ്കണം ചവുട്ടിമെതിക്കാൻ ആരു നിങ്ങളോടാവശ്യപ്പെട്ടു? വ്യർഥമായ വഴിപാടുകൾ ഇനി കൊണ്ടുവരരുത്; ധൂപം ഞാൻ വെറുക്കുന്നു; നിങ്ങളുടെ അമാവാസിയും ശബത്തും സമ്മേളനങ്ങളും നിങ്ങളുടെ അധാർമികത നിറഞ്ഞ ഉത്സവങ്ങളും എനിക്ക് അസഹ്യമാണ്. നിങ്ങളുടെ അമാവാസി ആഘോഷങ്ങളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്ക് അസഹ്യം. നിങ്ങൾ കൈ ഉയർത്തി പ്രാർഥിക്കുമ്പോൾ ഞാൻ മുഖം തിരിച്ചുകളയും. നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ ശ്രദ്ധിക്കുകയില്ല; നിങ്ങളുടെ കരങ്ങൾ രക്തപങ്കിലമാണ്. നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ കൺമുമ്പിൽനിന്നു നീക്കിക്കളയുവിൻ; ദുർവൃത്തിയിൽനിന്നു വിരമിക്കുവിൻ. നന്മ ചെയ്യാൻ പരിശീലിക്കുവിൻ; നീതി ഉറപ്പു വരുത്തുവിൻ; മർദിതനു സഹായം ചെയ്യുവിൻ; അനാഥനു സംരക്ഷണം നല്‌കുവിൻ; വിധവയ്‍ക്കുവേണ്ടി വാദിക്കുവിൻ. “വരൂ, നമുക്കു രമ്യതപ്പെടാം ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പാണെങ്കിലും ഹിമംപോലെ വെൺമയുള്ളവയായിത്തീരും. അവ രക്താംബരംപോലെ കടുംചുവപ്പാണെങ്കിലും പഞ്ഞിപോലെ വെൺമയുള്ളതാകും.
ISAIA 1 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 1:12-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ