HEBRAI 8

8
യേശു നമ്മുടെ മഹാപുരോഹിതൻ
1നാം പറയുന്നതിന്റെ സാരം ഇതാണ്; സ്വർഗത്തിൽ ദൈവത്തിന്റെ തേജോമയമായ സിംഹാസനത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്ന ഒരു മഹാപുരോഹിതൻ നമുക്കുണ്ട്. 2മനുഷ്യനിർമിതമല്ലാത്തതും, സർവേശ്വരൻ സ്ഥാപിച്ചതുമായ സത്യകൂടാരമാകുന്ന അതിവിശുദ്ധസ്ഥലത്ത് അവിടുന്നു ശുശ്രൂഷ ചെയ്യുന്നു.
3ഏതു മഹാപുരോഹിതനും നിയോഗിക്കപ്പെടുന്നത് വഴിപാടുകളും ബലികളും അർപ്പിക്കുവാനാണ്. അതുകൊണ്ട് ഈ മഹാപുരോഹിതനും അർപ്പിക്കുവാൻ എന്തെങ്കിലും ഉണ്ടായിരിക്കേണ്ടതാണല്ലോ. 4അവിടുന്നു ഭൂമിയിലായിരുന്നെങ്കിൽ ഒരിക്കലും ഒരു പുരോഹിതൻ ആകുമായിരുന്നില്ല. യെഹൂദനിയമപ്രകാരം വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ ഇവിടെയുണ്ടല്ലോ. 5അവർ ഇവിടെ ചെയ്യുന്ന ശുശ്രൂഷ സ്വർഗത്തിൽ ചെയ്യുന്നതിന്റെ പ്രതിബിംബവും നിഴലും മാത്രമാണ്. മോശ കൂടാരം നിർമിക്കുവാൻ ഭാവിച്ചപ്പോൾ ‘പർവതത്തിൽവച്ചു നിനക്കു കാണിച്ചുതന്ന മാതൃകപ്രകാരം സകലവും ചെയ്യുവാൻ നീ ശ്രദ്ധിക്കുക’ എന്നു ദൈവം അരുളിച്ചെയ്തു. 6ശ്രേഷ്ഠമായ വാഗ്ദാനങ്ങളിൽ അധിഷ്ഠിതമായ മികച്ച ഉടമ്പടിയുടെ മധ്യസ്ഥനാണ് യേശു. അതിനാൽ അതിന്റെ വൈശിഷ്ട്യത്തിനൊത്തവണ്ണം അതിവിശിഷ്ടമായ ശുശ്രൂഷയത്രേ യേശുവിനു ലഭിച്ചിരിക്കുന്നത്.
7ആദ്യത്തെ ഉടമ്പടി അന്യൂനമായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരികയില്ലായിരുന്നു. 8എന്നാൽ ജനങ്ങൾ കുറവുള്ളവരായിരുന്നതുകൊണ്ട് വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു:
സർവേശ്വരൻ അരുൾചെയ്യുന്നു:
“ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും
ഒരു പുതിയ ഉടമ്പടിചെയ്യുന്ന ദിവസങ്ങൾ വരുന്നു. 9ഞാൻ അവരുടെ പൂർവികരുടെ കൈക്കുപിടിച്ച് ഈജിപ്തിൽ നിന്നു കൊണ്ടുവന്ന നാളിൽ അവരോടു ചെയ്തതുപോലെയുള്ള ഉടമ്പടിയല്ല അത്.”
എന്തെന്നാൽ സർവേശ്വരൻ പറയുന്നു:
“ആ ഉടമ്പടിയോട് അവർ വിശ്വസ്തത പാലിച്ചില്ല; അതുകൊണ്ട് ഞാൻ അവരെ ശ്രദ്ധിച്ചുമില്ല.”
10സർവേശ്വരൻ ഇങ്ങനെ അരുൾചെയ്യുന്നു:
“വരുംകാലത്ത് ഇസ്രായേൽജനത്തോടു ഞാൻ ചെയ്യുവാനിരിക്കുന്ന ഉടമ്പടി ഇതാകുന്നു:
എന്റെ നിയമങ്ങൾ അവരുടെ മനസ്സിൽ ഞാൻ നല്‌കും;
അവരുടെ ഹൃദയങ്ങളിൽ അവ ആലേഖനം ചെയ്യും.
ഞാൻ അവരുടെ ദൈവമായിരിക്കും;
അവർ എന്റെ ജനവുമായിരിക്കും.
11സർവേശ്വരനെ അറിയുക എന്ന് അവരിലാർക്കും തന്റെ സഹപൗരനെയോ സഹോദരനെയോ പറഞ്ഞു പഠിപ്പിക്കേണ്ടിവരികയില്ല;
എന്തെന്നാൽ ഏറ്റവും എളിയവൻതൊട്ട് ഏറ്റവും വലിയവൻവരെ എല്ലാവരും എന്നെ അറിയും;
12അവരുടെ അധർമം ഞാൻ പൊറുക്കും; അവരുടെ പാപങ്ങൾ ഒരിക്കലും ഓർക്കുകയുമില്ല.”
13ഒരു പുതിയ ഉടമ്പടി എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ ദൈവം കാലഹരണപ്പെടുത്തിയിരിക്കുന്നു; പഴകുന്നതും ജീർണിക്കുന്നതുമായവ എന്തും ക്ഷണം അപ്രത്യക്ഷമാകും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HEBRAI 8: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

HEBRAI 8 - നുള്ള വീഡിയോ