HEBRAI 6:13-20

HEBRAI 6:13-20 MALCLBSI

ദൈവം അബ്രഹാമിനോടു വാഗ്ദാനം ചെയ്തപ്പോൾ, അവിടുത്തെക്കാൾ വലിയവനായി ആരും ഇല്ലാതിരുന്നതുകൊണ്ട് സ്വന്തം നാമത്തിൽതന്നെ സത്യംചെയ്തു. ‘ഞാൻ നിന്നെ നിശ്ചയമായും അനുഗ്രഹിക്കുകയും നിനക്ക് അനവധി സന്തതികളെ നല്‌കുകയും ചെയ്യും’ എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു. അബ്രഹാം ക്ഷമയോടെ കാത്തിരുന്നു. ദൈവം വാഗ്ദാനം ചെയ്തത് അബ്രഹാമിനു ലഭിക്കുകയും ചെയ്തു. മനുഷ്യർ സാധാരണ ശപഥം ചെയ്യുമ്പോൾ തങ്ങളെക്കാൾ വലിയവനായ ഒരാളിന്റെ നാമത്തിലായിരിക്കുമല്ലോ അപ്രകാരം ചെയ്യുന്നത്. എല്ലാകാര്യങ്ങൾക്കും തന്മൂലം ഉറപ്പുവരുത്തുന്നു. അവിടുത്തെ ഉദ്ദേശ്യത്തിന് ഒരിക്കലും മാറ്റമില്ലെന്ന്, വാഗ്ദാനത്തിന്റെ അവകാശികൾക്കു സ്പഷ്ടമാക്കിക്കൊടുക്കുവാൻ ദൈവം സ്വന്തം ശപഥത്താൽ ഉറപ്പു നല്‌കി. മാറ്റുവാൻ കഴിയാത്ത ഈ രണ്ടു കാര്യങ്ങളിലും ദൈവത്തിന്റെ വാക്ക് വ്യാജമാണെന്നു തെളിയിക്കുവാൻ സാധ്യമല്ല. അതുകൊണ്ട് ദൈവത്തിൽ ശരണം കണ്ടെത്തിയ നമ്മുടെ മുമ്പിൽ വയ്‍ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിക്കുവാൻ ശക്തമായ പ്രോത്സാഹനം നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന് ഒരു നങ്കൂരമാണ് ഈ പ്രത്യാശ. ഇത് സുരക്ഷിതവും സുനിശ്ചിതവും, തിരശ്ശീലയ്‍ക്കപ്പുറത്തുള്ള അതിവിശുദ്ധസ്ഥലത്തേക്കു കടന്നുചെല്ലുന്നതുമാകുന്നു. യേശു നമുക്കുവേണ്ടി, നമുക്കുമുമ്പായി അവിടെ പ്രവേശിക്കുകയും മെല്‌ക്കിസെദേക്കിനെപ്പോലെ എന്നേക്കും മഹാപുരോഹിതനാകുകയും ചെയ്തിരിക്കുന്നു.

HEBRAI 6 വായിക്കുക