അതുകൊണ്ട് സഹോദരരേ, യേശുവിന്റെ രക്തം ചിന്തിയുള്ള മരണം മുഖേന അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുവാൻ നമുക്ക് ആത്മധൈര്യം ഉണ്ട്. ക്രിസ്തു ജീവന്റെ ഒരു നവീനമാർഗം നമുക്കു തുറന്നുതന്നു; അവിടുത്തെ തിരുശരീരം എന്ന തിരശ്ശീലയിൽ കൂടിത്തന്നെ. ദൈവഭവനത്തിന്റെമേൽ അധികാരമുള്ള ഒരു ശ്രേഷ്ഠപുരോഹിതൻ നമുക്കുണ്ട്. അതിനാൽ ആത്മാർഥഹൃദയത്തോടും പൂർണവിശ്വാസത്തോടും കുറ്റബോധം അകറ്റി ശുദ്ധീകരിക്കപ്പെട്ട മനസ്സോടും ശുദ്ധജലത്തിൽ കഴുകപ്പെട്ട ശരീരത്തോടുംകൂടി ദൈവത്തിന്റെ അടുക്കലേക്കു നമുക്കു ചെല്ലാം. നാം ഏറ്റുപറയുന്ന പ്രത്യാശയെ മുറുകെ പിടിച്ചുകൊള്ളുക. അതിൽനിന്നു വ്യതിചലിക്കരുത്. വാഗ്ദാനം ചെയ്ത ദൈവം വിശ്വസ്തൻ! സ്നേഹിക്കുന്നതിനും സൽപ്രവൃത്തികൾ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതിൽ ജാഗരൂകരായിരിക്കുക. ചിലർ ചെയ്യുന്നതുപോലെ സഭായോഗങ്ങളിൽനിന്നു മാറിനില്‌ക്കരുത്; കർത്താവിന്റെ ദിവസം സമീപിച്ചിരിക്കുന്നതിനാൽ അക്കാര്യത്തിൽ അന്യോന്യം അധികം പ്രോത്സാഹിപ്പിക്കുകയും വേണം. സത്യത്തെക്കുറിച്ചുള്ള അറിവു നമുക്കു ലഭിച്ചശേഷവും നാം മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ പാപപരിഹാരാർഥമുള്ള ഒരു ബലിയും ഇനി അവശേഷിച്ചിട്ടില്ല. മറിച്ച്, വരുവാനുള്ള ന്യായവിധിയെയും ദൈവത്തെ എതിർക്കുന്നവരെ നിശ്ശേഷം നശിപ്പിക്കുന്ന ഭയാനകമായ അഗ്നിയെയും നേരിടേണ്ടിവരും. മോശയുടെ നിയമം ലംഘിക്കുന്ന ഏതൊരുവനെയും, രണ്ടോ മൂന്നോ സാക്ഷികൾ നല്‌കുന്ന തെളിവിന്മേൽ നിഷ്കരുണം വധശിക്ഷയ്‍ക്കു വിധിക്കുന്നു. അങ്ങനെയെങ്കിൽ, ദൈവപുത്രനെ നിന്ദിച്ചു തള്ളിക്കളയുകയും, പാപത്തിൽനിന്നു മനുഷ്യനെ ശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തം നിസ്സാരമായി എണ്ണുകയും കൃപയുടെ ആത്മാവിനെ അധിക്ഷേപിക്കുകയും ചെയ്യുന്നവന് അർഹിക്കുന്ന ശിക്ഷ എത്ര ഭയങ്കരമായിരിക്കുമെന്ന് ഓർത്തുനോക്കുക. “പ്രതികാരം എനിക്കുള്ളത്, ഞാൻ പകരം വീട്ടും” എന്നും “സർവേശ്വരൻ തന്റെ ജനത്തെ വിധിക്കും” എന്നും അരുൾചെയ്തിട്ടുള്ളത് നമുക്കറിയാമല്ലോ. ജീവിക്കുന്നവനായ ദൈവത്തിന്റെ കൈകളിൽ നിപതിക്കുന്നത് എത്ര ഭയങ്കരം! നിങ്ങളുടെ പൂർവകാലത്തെക്കുറിച്ച് ഓർത്തുനോക്കൂ. നിങ്ങൾക്ക് ദിവ്യപ്രകാശം ലഭിച്ചശേഷം നിങ്ങൾ അനേകം കഷ്ടതകളെ നേരിട്ടു ചെറുത്തുനിന്നു. പലപ്പോഴും നിങ്ങൾ പരസ്യമായ നിന്ദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരാക്കപ്പെടുകയും ചെയ്തു. ചില സന്ദർഭങ്ങളിൽ നിങ്ങൾ ഇപ്രകാരം പീഡിപ്പിക്കപ്പെടുന്നവരുടെ കൂട്ടാളികളായിത്തീർന്നിട്ടുമുണ്ട്. തടവിൽ കിടന്നവരുടെ വേദനകളിൽ നിങ്ങൾ പങ്കുചേർന്നു. നിങ്ങളുടെ വസ്തുവകകൾ അപഹരിക്കപ്പെട്ടപ്പോൾ നിങ്ങൾക്കു നിലനിൽക്കുന്ന ഉത്തമസമ്പത്തുണ്ടെന്നറിഞ്ഞ് അതും സന്തോഷപൂർവം നിങ്ങൾ സഹിച്ചു. ആത്മധൈര്യം പരിത്യജിക്കരുത്. എന്തെന്നാൽ അതിനു വലിയ പ്രതിഫലമുണ്ട്. ദൈവം വാഗ്ദാനം ചെയ്യുന്നത് പ്രാപിക്കുന്നതിനും അവിടുത്തെ തിരുഹിതം നിറവേറ്റുന്നതിനുംവേണ്ടി നിങ്ങൾക്കു നിരന്തരക്ഷമ ആവശ്യമാണ്. വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ, ഇനി അല്പകാലംകൂടി മാത്രമേയുള്ളൂ, വരുവാനുള്ളവൻ വരികതന്നെ ചെയ്യും; അവിടുന്നു വരാൻ വൈകുകയില്ല. എന്നാൽ എന്റെ മുമ്പിൽ നീതിമാനായിരിക്കുന്നവൻ വിശ്വാസത്താൽ ജീവിക്കും; ആരെങ്കിലും പിന്തിരിഞ്ഞുപോയാൽ അവനിൽ ഞാൻ പ്രസാദിക്കുകയില്ല. നാമാകട്ടെ, പിന്തിരിഞ്ഞു നശിച്ചു പോകുന്നവരുടെ കൂട്ടത്തിലല്ല; പ്രത്യുത, വിശ്വസിച്ചു ജീവൻ പ്രാപിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.
HEBRAI 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: HEBRAI 10:19-39
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ