സർവേശ്വരൻ നോഹയോട് അരുളിച്ചെയ്തു: “ഈ തലമുറയിൽ നിന്നെമാത്രം ഞാൻ നീതിനിഷ്ഠനായി കാണുന്നു. അതുകൊണ്ടു നീയും നിന്റെ കുടുംബവും പെട്ടകത്തിൽ പ്രവേശിക്കുക. വംശനാശം സംഭവിക്കാതിരിക്കാൻ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും ശുദ്ധിയില്ലാത്തവയിൽനിന്ന് ആണും പെണ്ണുമായി ഒരു ഇണയും പറവകളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും നിന്റെകൂടെ പെട്ടകത്തിൽ പ്രവേശിപ്പിക്കുക. ഏഴു ദിവസം കഴിഞ്ഞാൽ നാല്പതു ദിനരാത്രങ്ങൾ ഇടവിടാതെ പെയ്യുന്ന മഴ ഞാൻ ഭൂമിയിലേക്ക് അയയ്‍ക്കും. ഞാൻ സൃഷ്‍ടിച്ച എല്ലാ ജീവജാലങ്ങളെയും ഭൂമിയിൽനിന്നു ഞാൻ നീക്കിക്കളയും.” ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു. ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്‍ക്ക് അറുനൂറു വയസ്സായിരുന്നു. നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപെടാൻ പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഇണകളായി നോഹയോടുകൂടെ പെട്ടകത്തിൽ കടന്നു. ഏഴു ദിവസം കഴിഞ്ഞപ്പോൾ പ്രളയജലം ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി. നോഹയ്‍ക്ക് അറുനൂറു വയസ്സു പൂർത്തിയായ വർഷത്തിന്റെ രണ്ടാം മാസം പതിനേഴാം ദിവസം അത്യഗാധത്തിലെ നീരുറവകളും ആകാശത്തിലെ വാതായനങ്ങളും തുറന്നു. നാല്പതു ദിനരാത്രങ്ങൾ ഭൂമിയിൽ തുടർച്ചയായി മഴ പെയ്തു. നോഹയും പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരും നോഹയുടെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കയറി. അവരോടൊത്ത് എല്ലാ ഇനം വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ഇഴജന്തുക്കളും പറവകളും ഉൾപ്പെടെ എല്ലാ ജീവികളിൽനിന്നും രണ്ടു വീതം പെട്ടകത്തിൽ പ്രവേശിച്ചു. ദൈവം കല്പിച്ചതുപോലെ എല്ലാ ജന്തുക്കളെയും ആണും പെണ്ണുമായിട്ടാണ് പ്രവേശിപ്പിച്ചത്. അതിനുശേഷം സർവേശ്വരൻ വാതിൽ അടച്ചു.
GENESIS 7 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 7:1-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ