നോഹയുടെ വംശപാരമ്പര്യം: നോഹ തന്റെ തലമുറയിലെ നീതിനിഷ്ഠനും നിഷ്കളങ്കനുമായ വ്യക്തിയായിരുന്നു. നോഹ ദൈവസാന്നിധ്യത്തിൽ ജീവിച്ചു. ശേം, ഹാം, യാഫെത്ത് എന്നിങ്ങനെ മൂന്നു പുത്രന്മാർ നോഹയ്‍ക്കുണ്ടായിരുന്നു. സർവേശ്വരന്റെ ദൃഷ്‍ടിയിൽ ഭൂമി അശുദ്ധമായിരുന്നു; അത് അക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയുടെ അവസ്ഥ ദർശിച്ചു; അതു സർവത്ര വഷളായിരുന്നു. മനുഷ്യരെല്ലാം ദുർമാർഗികളായിത്തീർന്നിരുന്നു. ദൈവം നോഹയോടു പറഞ്ഞു: “ഞാൻ മനുഷ്യവർഗത്തെ മുഴുവൻ നശിപ്പിക്കാൻ പോകുന്നു. അവർ നിമിത്തം ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു. ഭൂമിയോടൊപ്പം ഞാൻ അവരെ നശിപ്പിക്കും. ഗോഫർമരംകൊണ്ടു നീ ഒരു പെട്ടകം ഉണ്ടാക്കി അതിനകത്ത് അറകൾ പണിയുക. പെട്ടകത്തിന്റെ അകത്തും പുറത്തും കീൽ തേക്കണം. അതു പണിയേണ്ടത് ഇങ്ങനെയാണ്: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പതു മുഴവും ആയിരിക്കണം. വശങ്ങളിൽനിന്ന് ഒരു മുഴം ഉയരത്തിൽ അതിനു മേല്‌ക്കൂര പണിയണം. മൂന്നു തട്ടുകളായി വേണം പെട്ടകം നിർമ്മിക്കാൻ. വശത്തു വാതിലും ഉണ്ടായിരിക്കണം. ജീവജാലമാകെ നശിക്കാൻ ഇടവരുത്തുന്ന വലിയ ഒരു ജലപ്രളയം ഞാൻ ഭൂമിയിൽ ഉണ്ടാക്കും. ഭൂമിയിലുള്ള സകലതും നശിക്കും. എന്നാൽ നീയുമായി ഞാൻ ഒരു ഉടമ്പടി ചെയ്യും. നിന്റെ ഭാര്യ, പുത്രന്മാർ, പുത്രഭാര്യമാർ എന്നിവരോടൊപ്പം നീ പെട്ടകത്തിൽ പ്രവേശിക്കണം.
GENESIS 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 6:9-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ