യോസേഫ് ഫറവോയുടെ അടുക്കൽ ചെന്നു പറഞ്ഞു: “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകല സമ്പാദ്യങ്ങളുമായി കനാൻദേശത്തുനിന്നു വന്നിട്ടുണ്ട്. അവർ ഇപ്പോൾ ഗോശെൻപ്രദേശത്തുണ്ട്.” സഹോദരന്മാരിൽ അഞ്ചു പേരെ യോസേഫ് ഫറവോയുടെ സന്നിധിയിൽ കൊണ്ടുവന്നു നിർത്തി. “നിങ്ങളുടെ തൊഴിൽ എന്താണ്?” എന്നു രാജാവ് അവരോടു ചോദിച്ചു. അവർ ഫറവോയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” അവർ തുടർന്നു പറഞ്ഞു: “കനാൻദേശത്തു ക്ഷാമം അതിരൂക്ഷമായിരിക്കുകയാൽ ഞങ്ങളുടെ ആടുമാടുകൾക്കു മേച്ചിൽപ്പുറങ്ങൾപോലും ഇല്ല. അതുകൊണ്ട് കുറെക്കാലം പാർക്കുന്നതിനു ഞങ്ങൾ ഇവിടെ വന്നിരിക്കുകയാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഗോശെൻദേശത്തു പാർക്കാൻ അനുവദിച്ചാലും.” ഫറവോ യോസേഫിനോടു പറഞ്ഞു: “നിന്റെ പിതാവും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു. ഈജിപ്തുദേശം നിന്റെ അധീനതയിലുണ്ടല്ലോ; ഇവിടെയുള്ളതിൽ ഏറ്റവും നല്ല സ്ഥലത്തു നിന്റെ പിതാവിനെയും സഹോദരന്മാരെയും പാർപ്പിക്കുക; ഗോശെൻദേശത്തുതന്നെ അവർ പാർക്കട്ടെ; അവരുടെ കൂട്ടത്തിൽ സമർഥരായ ആളുകളുണ്ടെങ്കിൽ അവരെ എന്റെ ആടുമാടുകളുടെ ചുമതലക്കാരായി നിയമിക്കുക.” പിന്നീട് യോസേഫ് പിതാവായ യാക്കോബിനെ ഫറവോയുടെ സന്നിധിയിൽ കൊണ്ടുചെന്നു. യാക്കോബ് ഫറവോയെ അനുഗ്രഹിച്ചു. “അങ്ങേക്ക് എത്ര വയസ്സുണ്ട്” എന്നു ഫറവോ ചോദിച്ചപ്പോൾ, യാക്കോബു പറഞ്ഞു: “എനിക്ക് നൂറ്റിമുപ്പതു വയസ്സായിരിക്കുന്നു. അതു പിതാക്കന്മാരുടെ ജീവിതകാലംപോലെ ദീർഘമല്ല; കൂടാതെ ദുരിതപൂർണവുമായിരുന്നു.” യാക്കോബ് ഫറവോയെ വീണ്ടും അനുഗ്രഹിച്ചശേഷം അവിടെനിന്നു പോയി. ഫറവോ കല്പിച്ചതുപോലെ ഈജിപ്തിൽ രമെസേസ്പ്രദേശത്ത് ഏറ്റവും ഫലപുഷ്‍ടിയുള്ള സ്ഥലം യോസേഫ് അവർക്കു നല്‌കി. അവിടെ പിതാവിനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു. യോസേഫ് പിതാവിനും സഹോദരന്മാർക്കും മറ്റു കുടുംബാംഗങ്ങൾക്കും ശിശുക്കളുടെ എണ്ണംപോലും കണക്കാക്കി ആഹാരസാധനങ്ങൾ നല്‌കി സംരക്ഷിച്ചു. ക്ഷാമം അതിരൂക്ഷമായി തീർന്നതുകൊണ്ട് ദേശത്തൊരിടത്തും ഭക്ഷണപദാർഥങ്ങൾ ലഭ്യമല്ലാതെയായി. ഈജിപ്തും കനാൻദേശവും ക്ഷാമം നിമിത്തം വലഞ്ഞു. ധാന്യം വാങ്ങാൻ ഈജിപ്തിലെയും കനാനിലെയും ആളുകൾ തങ്ങളുടെ പണം മുഴുവൻ ചെലവിട്ടു. യോസേഫ് ഈ പണമെല്ലാം സംഭരിച്ച് ഫറവോയുടെ കൊട്ടാരത്തിൽ ഏല്പിച്ചു. കനാൻദേശത്തും ഈജിപ്തിലുമുള്ള ആളുകളുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീർന്നപ്പോൾ ഈജിപ്തുകാർ യോസേഫിന്റെ അടുക്കൽ വന്നു പറഞ്ഞു: “ഞങ്ങൾക്കു ഭക്ഷണം തരിക. അങ്ങയുടെ മുമ്പിൽവച്ചുതന്നെ ഞങ്ങൾ മരിക്കാൻ ഇടയാകരുത്. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം മുഴുവൻ തീർന്നുപോയി.” യോസേഫ് പറഞ്ഞു: “നിങ്ങളുടെ പണമെല്ലാം തീർന്നുപോയെങ്കിൽ നിങ്ങളുടെ കന്നുകാലികളെ കൊണ്ടുവരിക; അവയ്‍ക്കു പകരമായി ഞാൻ നിങ്ങൾക്കു ധാന്യം നല്‌കാം.” അവർ അവരുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടുമാടുകൾ, കഴുത എന്നിവയ്‍ക്കു പകരം യോസേഫ് അവർക്കു ഭക്ഷണസാധനങ്ങൾ നല്‌കി. ആ വർഷം മുഴുവൻ അങ്ങനെ തുടർന്നു. അടുത്ത വർഷം ജനങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “ഞങ്ങളുടെ പണമെല്ലാം തീർന്നു. ഞങ്ങളുടെ കന്നുകാലികളും അങ്ങയുടെ വകയായിക്കഴിഞ്ഞു. ഞങ്ങളുടെ ശരീരങ്ങളും നിലവുമല്ലാതെ അങ്ങേക്കു തരാൻ ഇനി ഒന്നും ശേഷിച്ചിട്ടില്ല. ഇക്കാര്യങ്ങളൊന്നും അങ്ങയിൽനിന്നു ഞങ്ങൾ മറച്ചുവയ്‍ക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും അങ്ങയുടെ കൺമുമ്പിൽവച്ചുതന്നെ നശിക്കുന്നതെന്തിന്? ഞങ്ങളുടെ നിലം വിലയ്‍ക്കെടുത്തു ഞങ്ങൾക്ക് ആഹാരം നല്‌കിയാലും. അതോടൊപ്പം ഞങ്ങൾ അങ്ങയുടെ അടിമകളായിരുന്നുകൊള്ളാം. ഞങ്ങൾക്കു വിത്തു തരിക; അങ്ങനെ നിലം ശൂന്യമാകാതെയും ഞങ്ങൾ നശിക്കാതെയും ഇരിക്കട്ടെ. ഈജിപ്തിലെ നിലം മുഴുവൻ യോസേഫ് ഫറവോയുടെ പേരിൽ വാങ്ങി. ക്ഷാമം അതികഠിനമായിരുന്നതിനാൽ ഈജിപ്തുകാരെല്ലാം തങ്ങളുടെ നിലം വിറ്റു. അങ്ങനെ നിലം മുഴുവൻ ഫറവോയുടേതായിത്തീർന്നു. ഈജിപ്തിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ ജനങ്ങളെയെല്ലാം അടിമകളാക്കുകയും ചെയ്തു. പുരോഹിതന്മാരുടെ നിലം മാത്രം യോസേഫ് വിലയ്‍ക്കു വാങ്ങിയില്ല; ഫറവോ പുരോഹിതന്മാരുടെ ഉപജീവനത്തിനായി അവർക്കു നിശ്ചിത വിഹിതം നല്‌കിയിരുന്നതിനാൽ നിലം അവർക്കു വിൽക്കേണ്ടിവന്നില്ല. യോസേഫ് ജനങ്ങളോടു പറഞ്ഞു: “നിങ്ങളെ നിങ്ങളുടെ നിലങ്ങളോടൊപ്പം രാജാവിനുവേണ്ടി ഞാൻ വാങ്ങിയിരിക്കുകയാണ്. ഇതാ, വിതയ്‍ക്കുന്നതിനുള്ള വിത്ത്; നിങ്ങൾ കൊണ്ടുപോയി വിതച്ചു കൃഷി ചെയ്യണം. കൊയ്ത്തുകാലത്തു വിളവിന്റെ അഞ്ചിലൊരു ഭാഗം രാജാവിനു നല്‌കണം. ശേഷമുള്ളതു നിങ്ങളുടേതായിരിക്കും. അതു വിത്തിനായും നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ആഹാരത്തിനായും എടുത്തുകൊള്ളുക.” അവർ പറഞ്ഞു: “ഞങ്ങളുടെ ജീവൻ അങ്ങു രക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ഇഷ്ടംപോലെ ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.” ഇതനുസരിച്ച് യോസേഫ് ഈജിപ്തിൽ ഒരു ഭൂനിയമം ഉണ്ടാക്കി. വിളവിന്റെ അഞ്ചിലൊരു ഭാഗം ഫറവോയുടേതായിരിക്കും എന്നതായിരുന്നു ആ നിയമം. അത് ഇന്നും നിലവിലിരിക്കുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോയുടേതായില്ല. ഈജിപ്തിൽ ഗോശെൻദേശത്ത് ഇസ്രായേല്യർ പാർത്തു; ആ സ്ഥലത്തിന്റെ കൈവശാവകാശം അവർക്കു ലഭിച്ചു; അവർക്ക് അവിടെ സന്താനസമൃദ്ധിയും സമ്പദ്സമൃദ്ധിയും ഉണ്ടായി.
GENESIS 47 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 47:1-27
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ