GENESIS 45:3-11

GENESIS 45:3-11 MALCLBSI

യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “ഞാൻ യോസേഫ് ആണ്; എന്റെ പിതാവിനു സുഖം തന്നെയോ?” അതു കേട്ട് ഞെട്ടിപ്പോയ സഹോദരന്മാർക്ക് മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല. യോസേഫ് അവരോട് അടുത്തുചെല്ലാൻ പറഞ്ഞു. അവർ അടുത്തുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ. നിങ്ങൾ എന്നെ ഇവിടേക്കു വിറ്റതിൽ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടി ദൈവമാണ് എന്നെ മുൻകൂട്ടി ഇവിടേക്കയച്ചത്. ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനി വരാനിരിക്കുന്നു. നിങ്ങളുടെ സന്തതി ഭൂമിയിൽ അവശേഷിക്കാനും നിങ്ങൾക്ക് അദ്ഭുതകരമായ രക്ഷ നല്‌കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അതുകൊണ്ട് യഥാർഥത്തിൽ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്‍ക്ക് പിതാവും അദ്ദേഹത്തിന്റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു. നിങ്ങൾ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്റെ മുഴുവൻ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പൻ എന്റെ അടുക്കൽ എത്തണം. അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്റെ അടുത്തുതന്നെയുള്ള ഗോശെൻ ദേശത്തു വന്നു പാർക്കണം. ക്ഷാമം ഇനിയും അഞ്ചു വർഷംകൂടി നീണ്ടുനില്‌ക്കും. എന്നാൽ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാൻ സംരക്ഷിച്ചുകൊള്ളാം.

GENESIS 45 വായിക്കുക

GENESIS 45:3-11 - നുള്ള വീഡിയോ