GENESIS 42:18-38

GENESIS 42:18-38 MALCLBSI

മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞു: “ഞാൻ ദൈവഭയമുള്ളവനാണ്. ഞാൻ ഒരു കാര്യം ചെയ്യാം; അങ്ങനെ നിങ്ങളുടെ ജീവൻ രക്ഷിക്കുക. നിങ്ങളിൽ ഒരാൾ തടവിൽ കഴിയട്ടെ; മറ്റുള്ളവർ വീട്ടിലെ പട്ടിണി അകറ്റാൻ ധാന്യവുമായി പൊയ്‍ക്കൊള്ളുക. പക്ഷേ നിങ്ങളുടെ ഇളയസഹോദരനെ ഇവിടെ കൊണ്ടുവരണം. അപ്പോൾ നിങ്ങൾ പറയുന്നതു സത്യമെന്നു ഞാൻ ഗ്രഹിക്കും; നിങ്ങളെ കൊല്ലുകയുമില്ല.” അതവർ സമ്മതിച്ചു. അവർ അന്യോന്യം പറഞ്ഞു: “അന്ന് നമ്മുടെ സഹോദരനോടു ചെയ്ത കുറ്റത്തിന്റെ ഫലമാണ് ഈ ദുരിതമെല്ലാം. കരുണയ്‍ക്കായി അവൻ കേണപേക്ഷിച്ചിട്ടും നാം കൂട്ടാക്കിയില്ല. ഇതെല്ലാം നാം അനുഭവിക്കേണ്ടതു തന്നെ.” രൂബേൻ പറഞ്ഞു: “ബാലനെ ഉപദ്രവിക്കരുതെന്ന് അന്ന് ഞാൻ പറഞ്ഞതല്ലേ? നിങ്ങൾ അതു ശ്രദ്ധിച്ചില്ല. ഇപ്പോൾ അവന്റെ രക്തത്തിനു നാം കണക്കു പറയേണ്ടിവന്നിരിക്കുന്നു.” തങ്ങൾ പരസ്പരം പറയുന്നതു യോസേഫ് ഗ്രഹിച്ചെന്ന് അവർ മനസ്സിലാക്കിയില്ല. ദ്വിഭാഷിയുടെ സഹായത്തോടെയാണ് അവർ സംസാരിച്ചിരുന്നത്. യോസേഫ് അവരുടെ അടുത്തുനിന്നു മാറിപ്പോയി കരഞ്ഞു. പിന്നെയും അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ചു; അവർ കാൺകെ ശിമെയോനെ ബന്ധനസ്ഥനാക്കുകയും ചെയ്തു. ഓരോരുത്തരുടെയും ചാക്കുകളിൽ ധാന്യം നിറച്ചിട്ട് അവരുടെ പണം അവരവരുടെ ചാക്കിൽതന്നെ വയ്‍ക്കാനും യാത്രയ്‍ക്കാവശ്യമായ ഭക്ഷണസാധനങ്ങൾ കൊടുക്കാനും യോസേഫ് കല്പന കൊടുത്തു. ഭൃത്യന്മാർ അങ്ങനെ ചെയ്തു. ധാന്യം കഴുതപ്പുറത്തു കയറ്റി അവർ യാത്ര തിരിച്ചു. വഴിയമ്പലത്തിൽവച്ചു കഴുതയ്‍ക്ക് ആഹാരം കൊടുക്കുന്നതിന് അവരിൽ ഒരാൾ ചാക്കഴിച്ചപ്പോൾ പണം ചാക്കിന്റെ വായ്‍ക്കൽ തന്നെയിരിക്കുന്നതു കണ്ടു. “എന്റെ പണം ചാക്കിന്റെ വായ്‍ക്കൽതന്നെ ഇരിപ്പുണ്ട്” എന്ന് അവൻ സഹോദരന്മാരോടു പറഞ്ഞു. അതു കേട്ടപ്പോൾ അവർ പരിഭ്രമിച്ചു. അവർ വിറച്ചുകൊണ്ട് അന്യോന്യം പറഞ്ഞു: “ദൈവം എന്താണു നമ്മോട് ഇങ്ങനെ ചെയ്തത്?” അവർ കനാനിൽ പിതാവിന്റെ അടുക്കൽ തിരിച്ചെത്തിയപ്പോൾ സംഭവിച്ചതെല്ലാം വിവരിച്ചുപറഞ്ഞു: “ദേശാധിപതിയായ ഉദ്യോഗസ്ഥൻ ഞങ്ങൾ ചാരന്മാരാണെന്നു പറഞ്ഞു ഞങ്ങളോടു പരുഷമായിട്ടാണു സംസാരിച്ചത്. എന്നാൽ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾ ചാരന്മാരല്ല ഞങ്ങൾ പറയുന്നതു വാസ്തവമാണ് ഒരേ പിതാവിന്റെ പുത്രന്മാരായ പന്ത്രണ്ടു സഹോദരന്മാരാണു ഞങ്ങൾ; ഒരാൾ മരിച്ചുപോയി; ഏറ്റവും ഇളയ സഹോദരൻ പിതാവിന്റെകൂടെ കനാൻദേശത്തു പാർക്കുന്നു.’ ദേശാധിപതി അപ്പോൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരാണ് പറയുന്നതെന്ന് എങ്ങനെ അറിയും? നിങ്ങളുടെ സഹോദരന്മാരിൽ ഒരാൾ ഇവിടെ നില്‌ക്കട്ടെ. പട്ടിണി കിടക്കുന്ന നിങ്ങളുടെ കുടുംബങ്ങൾക്കാവശ്യമായ ധാന്യവുംകൊണ്ടു മറ്റുള്ളവർക്കു പോകാം. നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരിക; അപ്പോൾ നിങ്ങൾ ചാരന്മാരല്ലെന്നും നിങ്ങൾ പറഞ്ഞതു നേരാണെന്നും ഞാൻ ഗ്രഹിക്കും. പിന്നീടു നിങ്ങളുടെ സഹോദരനെ വിട്ടുതരാം. നിങ്ങൾക്ക് ഇവിടെ വ്യാപാരംചെയ്തു പാർക്കുകയും ആകാം.’ ” ചാക്കുകളുടെ കെട്ടഴിച്ചപ്പോൾ ഓരോരുത്തനും കൊടുത്ത പണം അവരവരുടെ ചാക്കിൽത്തന്നെ ഇരിക്കുന്നതു കണ്ടു. അവരും പിതാവും ഈ പണം കണ്ടപ്പോൾ ഭയംകൊണ്ടു വിറച്ചു. പിതാവ് അവരോടു പറഞ്ഞു: “നിങ്ങൾ എനിക്കു പുത്രദുഃഖം വരുത്തുന്നു. യോസേഫ് പോയി; ശിമെയോനും പോയി; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകുന്നു. ഇതെല്ലാം എനിക്ക് അനുഭവിക്കേണ്ടിവന്നല്ലോ.” അപ്പോൾ രൂബേൻ പിതാവിനോടു പറഞ്ഞു: “ഞാൻ അവനെ തിരിച്ചു കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ രണ്ടു പുത്രന്മാരെയും കൊന്നുകളയുക; അവനെ എന്റെ കൈയിൽ ഏല്പിക്കുക; ഞാൻ അവനെ തിരിച്ചുകൊണ്ടുവരാം.” എന്നാൽ യാക്കോബു പറഞ്ഞു: “എന്റെ മകനെ കൊണ്ടുപോകാൻ ഞാൻ അനുവദിക്കുകയില്ല; അവന്റെ സഹോദരൻ മരിച്ചുപോയി; അവൻ മാത്രം ശേഷിച്ചിരിക്കുന്നു. വഴിയിൽവച്ച് അവന് എന്തെങ്കിലും സംഭവിച്ചാൽ വാർധക്യത്തിലെത്തിയ എനിക്കു ദുഃഖത്തോടുകൂടി പാതാളത്തിലേക്കു പോകേണ്ടിവരും.”

GENESIS 42 വായിക്കുക

GENESIS 42:18-38 - നുള്ള വീഡിയോ