GENESIS 42:1-13

GENESIS 42:1-13 MALCLBSI

ഈജിപ്തിൽ ഭക്ഷണസാധനങ്ങളുണ്ടെന്നു കേട്ട് യാക്കോബ് പുത്രന്മാരോടു പറഞ്ഞു: “നിങ്ങൾ വെറുതെ നോക്കി നില്‌ക്കുന്നത് എന്ത്? ഈജിപ്തിൽ ധാന്യങ്ങൾ ഉണ്ടെന്നു കേൾക്കുന്നു. അവിടെ ചെന്ന് നമുക്കുവേണ്ടി ധാന്യം വാങ്ങുവിൻ, പട്ടിണികിടന്ന് മരിക്കാതെ കഴിയാമല്ലോ.” അങ്ങനെ ധാന്യങ്ങൾ വാങ്ങാൻ യോസേഫിന്റെ പത്തു സഹോദരന്മാരും ഈജിപ്തിലേക്കു പോയി. യോസേഫിന്റെ സഹോദരനായ ബെന്യാമീനെ മാത്രം യാക്കോബ് അയച്ചില്ല. അവന് ആപത്തു പിണഞ്ഞാലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. കനാൻദേശത്തെല്ലാം ക്ഷാമമായിരുന്നതിനാൽ യാക്കോബിന്റെ പുത്രന്മാരും മറ്റുള്ളവരോടൊപ്പം ധാന്യം വാങ്ങാൻ ചെന്നു. ദേശാധിപതിയായ യോസേഫ് തന്നെയായിരുന്നു ധാന്യവില്പനയുടെ ചുമതല വഹിച്ചിരുന്നത്. യോസേഫിന്റെ സഹോദരന്മാർ അവിടെച്ചെന്ന് അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു. യോസേഫ് അവരെ തിരിച്ചറിഞ്ഞെങ്കിലും അപരിചിതരോടെന്നപോലെയാണു പെരുമാറിയത്. അദ്ദേഹം അവരോടു ചോദിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” “ഞങ്ങൾ കനാൻദേശത്തുനിന്നു ധാന്യം വാങ്ങാൻ വന്നവരാണ്.” അവർ മറുപടി പറഞ്ഞു. യോസേഫ് അവരെ മനസ്സിലാക്കിയെങ്കിലും അവർ യോസേഫിനെ തിരിച്ചറിഞ്ഞില്ല. താൻ പണ്ടു കണ്ട സ്വപ്നങ്ങൾ യോസേഫ് ഓർത്തു; അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്; രാജ്യത്തിന്റെ ദൗർബല്യം കണ്ടുപിടിക്കാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്?” സഹോദരന്മാർ പറഞ്ഞു: “അല്ല യജമാനനേ! അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ധാന്യം വാങ്ങാൻവേണ്ടി മാത്രം വന്നവരാണ്. ഞങ്ങളെല്ലാവരും ഒരപ്പന്റെ മക്കളാണ്; ഞങ്ങൾ പറയുന്നതു നേരാണ്. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ചാരന്മാരല്ല.” യോസേഫ് പറഞ്ഞു: “അങ്ങനെയല്ല; നിങ്ങൾ രാജ്യത്തിന്റെ ദൗർബല്യം കണ്ടുപിടിക്കാൻ വന്നവർ തന്നെ.” അവർ പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങൾ പന്ത്രണ്ടു സഹോദരന്മാരാകുന്നു. ഞങ്ങളെല്ലാവരും കനാൻദേശത്തുള്ള ഒരു പിതാവിന്റെ മക്കളാണ്; ഇളയവൻ പിതാവിന്റെ അടുക്കലുണ്ട്; ഒരാൾ മരിച്ചുപോയി.”

GENESIS 42 വായിക്കുക

GENESIS 42:1-13 - നുള്ള വീഡിയോ