ഈ നിർദ്ദേശം നല്ലതാണെന്നു ഫറവോയ്‍ക്കും ഉദ്യോഗസ്ഥപ്രമുഖർക്കും തോന്നി. ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താൻ കഴിയുമോ?” ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാൽ നിന്നെക്കാൾ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല. നീ എന്റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്റെ പ്രജകളെല്ലാം നിന്റെ ആജ്ഞയനുസരിച്ചു പ്രവർത്തിച്ചുകൊള്ളും; സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.” അതിനുശേഷം ഫറവോ യോസേഫിനെ ഈജിപ്തിന്റെ ഭരണാധികാരിയായി നിയമിച്ചു. ഫറവോ തന്റെ മുദ്രമോതിരം ഊരി യോസേഫിന്റെ വിരലിൽ അണിയിച്ചു. മേൽത്തരം വസ്ത്രം ധരിപ്പിക്കുകയും സ്വർണമാല അണിയിക്കുകയും ചെയ്തു. ഫറവോ തന്റെ രണ്ടാം രാജകീയരഥത്തിൽ യോസേഫിനെ ഇരുത്തി നഗരത്തിൽ പ്രദക്ഷിണം നടത്തിച്ചു. യോസേഫിനെ വണങ്ങാൻ ഘോഷകർ ജനത്തോടു വിളിച്ചുപറഞ്ഞു. അങ്ങനെ ഫറവോ അദ്ദേഹത്തെ ഈജിപ്തിന്റെ മുഴുവൻ മേലധികാരിയാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഫറവോ ആകുന്നു. നിന്റെ അനുവാദം കൂടാതെ ഈജിപ്തിൽ യാതൊരുവനും കൈയോ കാലോ ഉയർത്തുകയില്ല. ഫറവോ യോസേഫിനു ‘സാപ്നത് പനേഹ്’ എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിനെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെങ്ങും സഞ്ചരിച്ചു. ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തിൽ പ്രവേശിക്കുമ്പോൾ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു. സുഭിക്ഷതയുടെ ഏഴു വർഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി. യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തിൽ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിൽ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തിൽത്തന്നെ സംഭരിച്ചു. അങ്ങനെ കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാൽ അളവുതന്നെ വേണ്ടെന്നുവച്ചു. ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. “എന്റെ സകല ദുരിതങ്ങളും എന്റെ പിതൃഭവനവും ഞാൻ മറക്കാൻ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂൽപുത്രന് മനശ്ശെ എന്നു പേരിട്ടു.” കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു. ഈജിപ്തിലെ സമൃദ്ധിയുള്ള ഏഴു വർഷങ്ങൾ അവസാനിച്ചു; യോസേഫ് പറഞ്ഞതുപോലെ ഏഴു വർഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലം ആരംഭിക്കുകയും ചെയ്തു. മറ്റെല്ലാ രാജ്യങ്ങളെയും ക്ഷാമം ബാധിച്ചു. പക്ഷേ ഈജിപ്തിൽ എല്ലായിടത്തും ധാന്യം ലഭ്യമായിരുന്നു. ഈജിപ്തിലും ക്ഷാമം അനുഭവപ്പെട്ടപ്പോൾ ജനം ഫറവോയോടു ഭക്ഷണത്തിനുവേണ്ടി അപേക്ഷിച്ചു. “യോസേഫിന്റെ അടുക്കൽ ചെല്ലുക; അയാൾ പറയുന്നതുപോലെ ചെയ്യുവിൻ” എന്നു ഫറവോ അവരോടു കല്പിച്ചു. ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞപ്പോൾ യോസേഫ് സംഭരണശാലകൾ തുറന്ന് ഈജിപ്തുകാർക്കു ധാന്യം വിൽക്കാൻ തുടങ്ങി. ഈജിപ്തിൽ ക്ഷാമം കഠിനമായിരുന്നു. ഭൂമിയിൽ ആകെ ക്ഷാമം രൂക്ഷമായതിനാൽ മറ്റു ദേശങ്ങളിൽനിന്നും ജനങ്ങൾ ഭക്ഷണസാധനങ്ങൾ വാങ്ങാൻ യോസേഫിനെ സമീപിച്ചു.
GENESIS 41 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 41:37-57
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ