GENESIS 41:25-40

GENESIS 41:25-40 MALCLBSI

യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങൾക്കും അർഥം ഒന്നുതന്നെ. ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഏഴു നല്ല പശുക്കൾ ഏഴു സംവത്സരം; ഏഴു പുഷ്‍ടിയുള്ള കതിരുകളും ഏഴു വർഷം തന്നെ. രണ്ടും ഒരേ അർഥമുള്ള സ്വപ്നങ്ങളാണ്. അവയ്‍ക്കു പിന്നാലെ വന്ന മെലിഞ്ഞ ഏഴു പശുക്കളും, കിഴക്കൻ കാറ്റേറ്റ് ഉണങ്ങിയ ഏഴു കതിരുകളും ക്ഷാമമുള്ള ഏഴു വർഷങ്ങളാണ്. ഞാൻ പറഞ്ഞതുപോലെ ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. ഈജിപ്തു മുഴുവനും സുഭിക്ഷതയും സമൃദ്ധിയുമുള്ള ഏഴു വർഷങ്ങളുണ്ടാകും. എന്നാൽ അവയ്‍ക്കു പിന്നാലെ കടുത്ത ക്ഷാമമുള്ള ഏഴു വർഷങ്ങളും വരും. സുഭിക്ഷതയുടെ കാലം മറന്നുപോകത്തക്കവിധം ക്ഷാമം കഠിനമായിരിക്കും; അതു രാജ്യത്തെ ഗ്രസിച്ചുകളയും. ആ ക്ഷാമം അത്ര രൂക്ഷമായിരിക്കുന്നതുകൊണ്ട് സമൃദ്ധിയുടെ കാലം ഓർമയിൽപോലും അവശേഷിക്കുകയില്ല. സ്വപ്നം രണ്ടു പ്രാവശ്യം ആവർത്തിക്കപ്പെട്ടതിന്റെ അർഥം ദൈവം ഇക്കാര്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതുടനെ സംഭവിക്കുമെന്നുമാണ്. അതുകൊണ്ട് അങ്ങ് ഇപ്പോൾത്തന്നെ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള ഒരാളിനെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ മേലധികാരിയായി നിയമിക്കണം. സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാൻ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. ഈ സമൃദ്ധിയുള്ള വർഷങ്ങളിലുണ്ടാകുന്ന വിളവുകൾ അവർ രാജാവിന്റെ പേരിൽ നഗരങ്ങളിൽ സംഭരിച്ചുവയ്‍ക്കട്ടെ. ഏഴു വർഷം നീണ്ടുനില്‌ക്കുന്ന ക്ഷാമകാലത്ത് ഇതു കരുതൽധാന്യമായി പ്രയോജനപ്പെടും; അങ്ങനെ ചെയ്താൽ രാജ്യം ക്ഷാമംകൊണ്ടു നശിച്ചുപോകയില്ല. ഈ നിർദ്ദേശം നല്ലതാണെന്നു ഫറവോയ്‍ക്കും ഉദ്യോഗസ്ഥപ്രമുഖർക്കും തോന്നി. ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താൻ കഴിയുമോ?” ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാൽ നിന്നെക്കാൾ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല. നീ എന്റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്റെ പ്രജകളെല്ലാം നിന്റെ ആജ്ഞയനുസരിച്ചു പ്രവർത്തിച്ചുകൊള്ളും; സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.”

GENESIS 41 വായിക്കുക

GENESIS 41:25-40 - നുള്ള വീഡിയോ