GENESIS 41:1-16

GENESIS 41:1-16 MALCLBSI

രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫറവോ ഒരു സ്വപ്നം കണ്ടു. അദ്ദേഹം നൈൽനദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു. അപ്പോൾ തടിച്ചുകൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്ന് ഞാങ്ങണയ്‍ക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ മെലിഞ്ഞ് എല്ലുന്തിയ വേറെ ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്നു. മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്ത പശുക്കളുടെ അടുത്തുവന്ന് അവയെ തിന്നുകളഞ്ഞു; ഉടനെ ഫറവോ ഉണർന്നു. അദ്ദേഹം വീണ്ടും ഉറങ്ങിയപ്പോൾ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ ധാന്യമണികൾ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു കതിരുകൾ നില്‌ക്കുന്നു. അവയുടെ പിന്നാലെ ശുഷ്കിച്ചതും കിഴക്കൻകാറ്റിൽ ഉണങ്ങിയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. ഉണങ്ങിയ കതിരുകൾ പുഷ്‍ടിയുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ ഉണർന്നപ്പോൾ അതൊരു സ്വപ്നമായിരുന്നുവെന്നു മനസ്സിലാക്കി. രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തിൽ വരുത്തി അവരോടു തന്റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാൽ അതു ഫറവോയ്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. അപ്പോൾ പാനീയമേൽവിചാരകൻ ഫറവോയോടു പറഞ്ഞു: “ഞാൻ ഒരു അപരാധം ചെയ്തുപോയത് ഇപ്പോൾ ഓർക്കുന്നു. അങ്ങ് ഒരിക്കൽ കോപിച്ച് പാചകമേൽവിചാരകനെയും എന്നെയും അകമ്പടിസേനാനായകന്റെ ഭവനത്തിൽ തടവിലാക്കിയിരുന്നല്ലോ. ഒരു രാത്രിയിൽ വ്യത്യസ്ത അർഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങൾ രണ്ടു പേരും കണ്ടു. അകമ്പടിസേനാനായകന്റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവിൽ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങൾ അവനോടു പറഞ്ഞപ്പോൾ അവൻ അവയുടെ അർഥം വ്യാഖ്യാനിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും പാചകമേൽവിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.” ഫറവോ യോസേഫിനെ കൊണ്ടുവരാൻ ആളയച്ചു; തടവറയിൽനിന്ന് ഉടൻതന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയിൽ ഹാജരാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാൻ ആർക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാൻ അറിഞ്ഞു.” യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്‌കും.”

GENESIS 41 വായിക്കുക

GENESIS 41:1-16 - നുള്ള വീഡിയോ