ആദാം ഹവ്വായെ പ്രാപിച്ചു. അവൾ ഗർഭിണിയായി കയീനെ പ്രസവിച്ചു: “സർവേശ്വരന്റെ സഹായത്താൽ ഒരു മകനെ എനിക്കു ലഭിച്ചു” എന്ന് അവൾ പറഞ്ഞു. ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെൽ എന്നായിരുന്നു അവന്റെ പേര്. ഹാബെൽ ആട്ടിടയനും കയീൻ കർഷകനുമായിത്തീർന്നു. കുറെക്കാലം കഴിഞ്ഞ് കയീൻ തന്റെ നിലത്തിലെ വിളവുകളിൽനിന്ന് സർവേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെൽ ആട്ടിൻകൂട്ടത്തിൽ കടിഞ്ഞൂൽകുട്ടികളിൽ ഒന്നിന്റെ മേദസ്സുള്ള ഭാഗങ്ങൾ സർവേശ്വരന് അർപ്പിച്ചു. ഹാബെലിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീൻ കുപിതനായി. അവന്റെ മുഖഭാവം മാറി. സർവേശ്വരൻ കയീനോടു ചോദിച്ചു: “നീ എന്തിനു കോപിക്കുന്നു? നിന്റെ മുഖഭാവം മാറിയതെന്ത്? നല്ലതു ചെയ്തിരുന്നെങ്കിൽ നിന്നിലും ഞാൻ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവർത്തിക്കുന്നില്ലെങ്കിൽ പാപം നിന്റെ വാതില്ക്കൽ പതിയിരിക്കും. അതിന്റെ ദൃഷ്ടി നിന്റെമേൽ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.” “നമുക്കു വയലിലേക്കു പോകാം” എന്നു കയീൻ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലിൽവച്ച് കയീൻ സഹോദരനെ ആക്രമിച്ചു കൊന്നു. “നിന്റെ സഹോദരനായ ഹാബെൽ എവിടെ” എന്നു സർവേശ്വരൻ കയീനോടു ചോദിച്ചു. അവൻ പറഞ്ഞു: “എനിക്കറിഞ്ഞുകൂടാ; ഞാൻ എന്റെ സഹോദരന്റെ കാവല്ക്കാരനോ?” “നീ എന്താണു ചെയ്തത്?” സർവേശ്വരൻ ചോദിച്ചു. “നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു. നിന്റെ കരങ്ങൾ ചൊരിഞ്ഞ സഹോദരരക്തം സ്വീകരിക്കാൻ വായ് തുറന്ന മണ്ണിൽ നീ ശാപഗ്രസ്തനായിരിക്കും. നീ അധ്വാനിച്ചാലും മണ്ണ് അതിന്റെ വീര്യം നിനക്കു നല്കുകയില്ല. നീ ഭൂമിയിൽ എങ്ങും അലഞ്ഞു നടക്കും.”
GENESIS 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 4:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ