ദൈവം യാക്കോബിനോടു പറഞ്ഞു: “നീ ബേഥേലിൽ ചെന്ന് അവിടെ പാർക്കുക. നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയണം.” യാക്കോബ് കുടുംബാംഗങ്ങളോടും, കൂടെ ഉണ്ടായിരുന്ന മറ്റെല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ ഉപേക്ഷിക്കുവിൻ; നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു നിർമ്മലവസ്ത്രം ധരിക്കുവിൻ. എന്റെ വിഷമസന്ധിയിൽ എന്നെ സഹായിക്കുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെ ഉണ്ടായിരിക്കുകയും ചെയ്ത ദൈവത്തിന് ഒരു യാഗപീഠം പണിയുന്നതിനു നമുക്കു ബേഥേലിലേക്കു പോകാം.” അവരുടെ കൈയിലുണ്ടായിരുന്ന ദേവവിഗ്രഹങ്ങളും മൂക്കുത്തികളും അവർ യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് അവയെല്ലാം ശെഖേമിനടുത്ത് ഒരു കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു. അവരുടെ യാത്രാവേളയിൽ ചുറ്റുമുണ്ടായിരുന്ന നഗരങ്ങളിൽ ദൈവം ഉഗ്രമായ ഭീതി ഉളവാക്കി. അതുകൊണ്ട് അവർ യാക്കോബിന്റെ പുത്രന്മാരെ അനുധാവനം ചെയ്തില്ല. യാക്കോബും സംഘവും കനാൻദേശത്തു ലൂസ് അഥവാ ബേഥേലിൽ എത്തി. യാക്കോബ് അവിടെ ഒരു യാഗപീഠം പണിതു; സഹോദരന്റെ സന്നിധിയിൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം തനിക്കു പ്രത്യക്ഷനായ സ്ഥലം ആയതുകൊണ്ട് എൽ-ബേഥേൽ എന്ന് അതിനു പേരിട്ടു. റിബേക്കായുടെ ധാത്രിയായ ദെബോറാ അവിടെവച്ചു മരിച്ചു; ബേഥേലിന്റെ താഴ്‌വരയിൽ ഒരു കരുവേലകത്തിന്റെ ചുവട്ടിൽ അവളെ സംസ്കരിച്ചു. അതിനു അല്ലോൻ-ബാഖൂത്ത് അഥവാ വിലാപവൃക്ഷം എന്നു പേരിട്ടു.
GENESIS 35 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 35:1-8
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ