GENESIS 32:1-12

GENESIS 32:1-12 MALCLBSI

യാക്കോബു യാത്ര തുടർന്നു; വഴിയിൽവച്ചു ദൈവത്തിന്റെ ദൂതന്മാർ യാക്കോബിനു പ്രത്യക്ഷപ്പെട്ടു. അവരെ കണ്ടപ്പോൾ യാക്കോബു പറഞ്ഞു: “ഇതു ദൈവത്തിന്റെ സേനയാകുന്നു. അദ്ദേഹം ആ സ്ഥലത്തിനു ‘മഹനയീം’ എന്നു പേരിട്ടു. യാക്കോബ് ഏദോമിൽ സേയിർദേശത്തു വസിച്ചിരുന്ന ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ പറഞ്ഞയച്ചു: “അങ്ങയുടെ ദാസനായ ഞാൻ ഇത്രയും കാലം ലാബാന്റെ വീട്ടിൽ പാർക്കുകയായിരുന്നു. എനിക്കു ധാരാളം കാളകളും കഴുതകളും ആട്ടിൻപറ്റങ്ങളും ദാസീദാസന്മാരും ഉണ്ട്; അങ്ങ് എന്നിൽ പ്രസാദിക്കുന്നതിനായി ഞാൻ ഇവരെ അയയ്‍ക്കുന്നു.” ദൂതന്മാർ മടങ്ങിവന്നു യാക്കോബിനോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയിരുന്നു; അങ്ങയെ എതിരേല്‌ക്കാൻ നാനൂറുപേരോടുകൂടി അദ്ദേഹം വരുന്നുണ്ട്.” അതു കേട്ട് യാക്കോബു പരിഭ്രാന്തനും ഭയപരവശനുമായി. തന്റെ ആളുകളെയും കന്നുകാലിക്കൂട്ടത്തെയും ആട്ടിൻപറ്റത്തെയും ഒട്ടകങ്ങളെയും രണ്ടായി തിരിച്ചു. “ഒരു കൂട്ടത്തെ ഏശാവ് ആക്രമിച്ചു നശിപ്പിച്ചാൽ മറ്റേകൂട്ടം രക്ഷപെടുമല്ലോ” എന്നദ്ദേഹം കരുതി. യാക്കോബ് ഇങ്ങനെ പ്രാർഥിച്ചു: “എന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ദൈവമേ, നിന്റെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുക്കലേക്കും പോകുക; ഞാൻ നിനക്കു നന്മചെയ്യും എന്ന് അരുളിച്ചെയ്ത സർവേശ്വരാ, അവിടുന്ന് ഈ ദാസനോടു കാണിച്ചിട്ടുള്ള സുസ്ഥിരസ്നേഹവും വിശ്വസ്തതയും അടിയൻ അർഹിക്കുന്നതിനപ്പുറമാണ്; ഞാൻ യോർദ്ദാൻ കടന്നുപോകുമ്പോൾ ഒരു വടി മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളൂ; ഇപ്പോൾ ഞാൻ രണ്ടു വലിയ സംഘങ്ങളായി വളർന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമേ. ഞങ്ങളെ എല്ലാവരെയും മക്കളെയും അവരുടെ അമ്മമാരെയും അദ്ദേഹം നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു. എന്നാൽ അവിടുന്നു, ‘ഞാൻ നിനക്കു നന്മചെയ്യും; നിന്റെ സന്തതികളെ കടൽപ്പുറത്തെ മണൽപോലെ എണ്ണിക്കൂടാത്തവിധം അസംഖ്യമാക്കും’ എന്നു കല്പിച്ചുവല്ലോ.”

GENESIS 32 വായിക്കുക

GENESIS 32:1-12 - നുള്ള വീഡിയോ