GENESIS 27:1-29

GENESIS 27:1-29 MALCLBSI

ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാൻ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു. ഇസ്ഹാക്ക് പറഞ്ഞു: “നോക്കൂ, ഞാൻ വൃദ്ധനായി; എപ്പോൾ മരിക്കുമെന്നു ഞാൻ അറിയുന്നില്ല. നിന്റെ അമ്പും വില്ലുമെടുത്തു കാട്ടിൽ പോയി എനിക്കുവേണ്ടി ഏതെങ്കിലും മൃഗത്തെ ഉടനെതന്നെ വേട്ടയാടുക. വേട്ടയിറച്ചികൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരിക. മരിക്കുംമുമ്പ് അതു ഭക്ഷിച്ച് ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. “ഇസ്ഹാക്കും ഏശാവും തമ്മിലുള്ള സംഭാഷണം റിബേക്കാ കേട്ടു. ഏശാവ് വേട്ടയ്‍ക്കായി പോയപ്പോൾ അവൾ യാക്കോബിനോടു പറഞ്ഞു: “നീ വേട്ടയ്‍ക്കു പോയി രുചിയുള്ള ഭക്ഷണം പാകം ചെയ്തുതരിക. ഞാൻ മരിക്കുംമുമ്പ് അതു ഭക്ഷിച്ചു സർവേശ്വരന്റെ സന്നിധിയിൽ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു നിന്റെ പിതാവ് നിന്റെ സഹോദരനോടു പറയുന്നതു ഞാൻ കേട്ടു. അതുകൊണ്ട് എന്റെ മകനേ, ഞാൻ പറയുന്നതു നീ അനുസരിക്കുക. ആട്ടിൻകൂട്ടത്തിൽനിന്നു നല്ല രണ്ട് ആട്ടിൻകുട്ടികളെ പിടിച്ചു കൊണ്ടുവരിക. നിന്റെ പിതാവ് ഇഷ്ടപ്പെടുന്ന വിധത്തിൽ ഞാൻ അതു പാകം ചെയ്തുതരാം. അതു നീ പിതാവിനു കൊണ്ടുചെന്നു കൊടുക്കണം. അങ്ങനെ അപ്പൻ മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കട്ടെ.” യാക്കോബ് അമ്മയോടു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവിന്റെ ദേഹം മുഴുവൻ രോമമുണ്ടല്ലോ. എന്റെ ദേഹമാകട്ടെ മിനുസ്സമുള്ളതും. ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോൾ ഞാൻ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.” അമ്മ പറഞ്ഞു: “മകനേ, ആ ശാപം ഞാൻ ഏറ്റുകൊള്ളാം. ഞാൻ പറയുന്നതു നീ കേൾക്കൂ. നീ പോയി ആട്ടിൻകുട്ടികളെ കൊണ്ടുവരിക.” അങ്ങനെ യാക്കോബ് ചെന്ന് ആട്ടിൻകുട്ടികളെ പിടിച്ചുകൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു; പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം അമ്മ തയ്യാറാക്കി. പിന്നെ റിബേക്കാ ഏശാവിന്റെ വകയായി താൻ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു. ആട്ടിൻ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. പിന്നീട് താൻ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു. “ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സർവേശ്വരൻ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകൻ ഏശാവു തന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ.” യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിൻറേതാണ്. എന്നാൽ കൈകൾ ഏശാവിൻറേതുപോലെ.” രോമത്തിൽ പൊതിഞ്ഞ യാക്കോബിന്റെ കൈകൾ ഏശാവിൻറേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാൻ ഭാവിച്ചു. ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയോ?” “ഞാൻതന്നെ” എന്ന് യാക്കോബു പറഞ്ഞു. ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകർന്നുകൊടുത്തു. ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ പിതാവിനെ ചുംബിച്ചു. അവന്റെ വസ്ത്രത്തിന്റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു: “ഹാ, എന്റെ മകന്റെ മണം! അതു സർവേശ്വരൻ അനുഗ്രഹിച്ച വയലിന്റെ മണംപോലെ തന്നെ. ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ. ജനതകൾ നിന്നെ സേവിക്കും, രാജ്യങ്ങൾ നിന്നെ വണങ്ങും, നിന്റെ സ്വന്തക്കാർക്കു നീ യജമാനനാകും. നിന്റെ അമ്മയുടെ തന്നെ മക്കൾ നിന്റെ മുമ്പിൽ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.”

GENESIS 27 വായിക്കുക

GENESIS 27:1-29 - നുള്ള വീഡിയോ