GENESIS 24:28-67

GENESIS 24:28-67 MALCLBSI

ആ പെൺകുട്ടി അമ്മയുടെ അടുക്കലേക്ക് ഓടി, വിവരമെല്ലാം അവിടെയുള്ളവരോടു പറഞ്ഞു; റിബേക്കായ്‍ക്കു ലാബാൻ എന്നൊരു സഹോദരൻ ഉണ്ടായിരുന്നു. റിബേക്കാ ധരിച്ചിരുന്ന മൂക്കുത്തിയും വളകളും കാണുകയും ആ ദാസൻ പറഞ്ഞത് അവളിൽനിന്നു കേൾക്കുകയും ചെയ്തപ്പോൾ അയാളുടെ അടുക്കലേക്കു ലാബാൻ ഓടിച്ചെന്നു. ആ മനുഷ്യൻ അപ്പോഴും നീരുറവയ്‍ക്കു സമീപം ഒട്ടകങ്ങളുടെ അടുക്കൽ നില്‌ക്കുകയായിരുന്നു. ലാബാൻ പറഞ്ഞു: “സർവേശ്വരനാൽ അനുഗ്രഹിക്കപ്പെട്ടവനേ വരിക; എന്തിനു പുറത്തു നില്‌ക്കുന്നു? ഞാൻ വീടും ഒട്ടകങ്ങൾക്കുള്ള ഇടവും ഒരുക്കിയിട്ടുണ്ട്.” ഇതു കേട്ട് അയാൾ വീട്ടിലേക്കു ചെന്നു. ലാബാൻ ഒട്ടകങ്ങളുടെ പുറത്തുനിന്നു ഭാരം ഇറക്കിയശേഷം അവയ്‍ക്കു തിന്നാൻ തീറ്റയും വയ്‍ക്കോലും കൊടുത്തു. ദാസനും കൂടെയുള്ളവർക്കും കാൽ കഴുകാൻ വെള്ളവും നല്‌കി. പിന്നീട് അവർക്കു ഭക്ഷണം വിളമ്പി. അപ്പോൾ ദാസൻ പറഞ്ഞു: “ഞാൻ വന്നകാര്യം പറയുന്നതിനുമുമ്പ് ഭക്ഷണം കഴിക്കുകയില്ല”. “പറഞ്ഞാലും” ലാബാൻ പ്രതിവചിച്ചു. അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ അബ്രഹാമിന്റെ ദാസനാണ്; സർവേശ്വരന്റെ അനുഗ്രഹത്താൽ എന്റെ യജമാനൻ സമ്പന്നനായിരിക്കുന്നു; ആടുമാടുകൾ, സ്വർണം, വെള്ളി, ഒട്ടകങ്ങൾ, കഴുതകൾ എന്നിവ കൂടാതെ ദാസീദാസന്മാരെയും അവിടുന്ന് അദ്ദേഹത്തിനു സമൃദ്ധമായി നല്‌കിയിട്ടുണ്ട്. യജമാനന്റെ ഭാര്യ സാറാ വാർധക്യത്തിൽ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചു; തനിക്കുള്ളതെല്ലാം യജമാനൻ അവനു നല്‌കിയിരിക്കുന്നു. ‘ഞാൻ ഇപ്പോൾ നിവസിക്കുന്ന കനാന്യരുടെ ദേശത്തുനിന്ന് എന്റെ മകനു ഭാര്യയെ തിരഞ്ഞെടുക്കരുത്. എന്റെ പിതൃഭവനത്തിലുള്ള എന്റെ ചാർച്ചക്കാരുടെ അടുത്തുതന്നെ പോയി എന്റെ മകന് ഒരു ഭാര്യയെ കണ്ടെത്തണം’ എന്നു പറഞ്ഞ് യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിരിക്കുന്നു. ‘പെൺകുട്ടി എന്റെ കൂടെ വരാതിരുന്നാലോ’ എന്നു ഞാൻ എന്റെ യജമാനനോടു ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ഞാൻ ആരാധിക്കുന്ന സർവേശ്വരൻ തന്റെ ദൂതനെ നിന്റെകൂടെ അയയ്‍ക്കുകയും നിന്റെ ദൗത്യം സഫലമാക്കുകയും ചെയ്യും; എന്റെ പിതൃഭവനത്തിൽ എന്റെ ചാർച്ചക്കാരുടെ ഇടയിൽ നിന്നുതന്നെ എന്റെ മകനു ഭാര്യയെ നീ കണ്ടെത്തും. എന്നാൽ നീ എന്റെ ചാർച്ചക്കാരുടെ അടുക്കൽ ചെല്ലുകയും, അവർ അവളെ നിന്റെകൂടെ അയയ്‍ക്കാതിരിക്കുകയും ചെയ്താൽ നിന്റെ പ്രതിജ്ഞയിൽനിന്നു നീ വിമുക്തനായിരിക്കും.’ ഞാൻ നീരുറവയുടെ അടുക്കൽ എത്തിയപ്പോൾ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ സർവേശ്വരാ, എന്റെ ദൗത്യം അങ്ങ് സഫലമാക്കുന്നെങ്കിൽ’ ഞാൻ ഈ നീരുറവയ്‍ക്കരികിൽ നില്‌ക്കുമ്പോൾ ഇവിടെ വെള്ളം കോരാൻ ഒരു പെൺകുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാൻ നിന്റെ കുടത്തിൽനിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാൻ ചോദിക്കുകയും ചെയ്യുമ്പോൾ ‘അങ്ങേക്കു മാത്രമല്ല, അങ്ങയുടെ ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിത്തരാം’ എന്ന് അവൾ മറുപടി പറയുകയും ചെയ്യുന്നെങ്കിൽ എന്റെ യജമാനന്റെ പുത്രനുവേണ്ടി സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്ന ഭാര്യ അവളായിരിക്കട്ടെ.’ എന്റെ പ്രാർഥന തീരുന്നതിനു മുമ്പുതന്നെ റിബേക്കാ ചുമലിൽ കുടവുമായി വരുന്നതു ഞാൻ കണ്ടു; അവൾ നീരുറവയിൽനിന്നു വെള്ളം കൊണ്ടുവന്നപ്പോൾ ‘എനിക്കു കുടിക്കാൻ അല്പം വെള്ളം തരുമോ’ എന്നു ചോദിച്ചു. അവൾ ഉടൻതന്നെ പാത്രം ഇറക്കിവച്ചിട്ട്, ‘കുടിച്ചാലും, ഒട്ടകങ്ങൾക്കും ഞാൻ വെള്ളം കോരിത്തരാം’ എന്നു പറഞ്ഞു. ഞാൻ കുടിച്ചു; ഒട്ടകങ്ങൾക്കും കുടിക്കാൻ കൊടുത്തു. അതിനുശേഷം, ‘നീ ആരുടെ മകളാണ്’ എന്നു ഞാൻ ചോദിച്ചു. ‘ഞാൻ നാഹോരിന്റെയും മിൽക്കായുടെയും പുത്രനായ ബെഥൂവേലിന്റെ മകളാണ്’ എന്നവൾ പറഞ്ഞു. അപ്പോൾ ഞാൻ മൂക്കുത്തിയും വളകളും അവളെ ധരിപ്പിച്ചു. ഞാൻ തലകുനിച്ചു സർവേശ്വരനെ നമിച്ചു. എന്റെ യജമാനന്റെ മകനു ചാർച്ചക്കാരുടെ ഇടയിൽനിന്നു തന്നെ ഭാര്യയെ കണ്ടുപിടിക്കാൻ ഇടവരുത്തിയ എന്റെ യജമാനന്റെ ദൈവമായ സർവേശ്വരനെ സ്തുതിക്കുകയും ചെയ്തു. എന്റെ യജമാനനോടു നിങ്ങൾ കൂറും വിശ്വസ്തതയും പുലർത്തുന്നെങ്കിൽ ആ വിവരം പറയുക; അല്ലെങ്കിൽ മറ്റുവഴി നോക്കണമല്ലോ.” “ഇതു സർവേശ്വരന്റെ ഇഷ്ടമാണല്ലോ; ഞങ്ങൾ ഇതിനെപ്പറ്റി മറ്റെന്താണു പറയുക എന്നു ലാബാനും ബെഥൂവേലും ഉത്തരം പറഞ്ഞു. അവർ തുടർന്നു: “റിബേക്കാ ഇതാ നിന്റെ മുമ്പിൽ നില്‌ക്കുന്നു. അവളെ കൂട്ടിക്കൊണ്ടു പൊയ്‍ക്കൊള്ളുക. സർവേശ്വരൻ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയായിത്തീരട്ടെ.” അവർ പറഞ്ഞതു കേട്ട് അബ്രഹാമിന്റെ ദാസൻ സാഷ്ടാംഗം വീണു സർവേശ്വരനെ വന്ദിച്ചു. വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും അയാൾ റിബേക്കായ്‍ക്കു കൊടുത്തു. കൂടാതെ അവളുടെ സഹോദരനും അമ്മയ്‍ക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നല്‌കി. അയാളും കൂടെയുള്ളവരും ഭക്ഷണം കഴിച്ചശേഷം അവിടെ രാപാർത്തു. രാവിലെ എഴുന്നേറ്റ് അയാൾ പറഞ്ഞു: “എന്നെ യജമാനന്റെ അടുക്കലേക്കു പോകാൻ അനുവദിച്ചാലും.” “ഒരു പത്തു ദിവസമെങ്കിലും പെൺകുട്ടി ഇവിടെ ഞങ്ങളുടെകൂടെ നില്‌ക്കട്ടെ; അതിനുശേഷം അവൾ പൊയ്‍ക്കൊള്ളട്ടെ” എന്ന് അവളുടെ അമ്മയും സഹോദരനും പറഞ്ഞു. അപ്പോൾ ദാസൻ പറഞ്ഞു: “സർവേശ്വരൻ എന്റെ ശ്രമം സഫലമാക്കിയിരിക്കുന്നുവല്ലോ; ഇനിയും എന്നെ താമസിപ്പിക്കരുതേ, യജമാനന്റെ അടുക്കലേക്കു പോകാൻ എന്നെ അനുവദിച്ചാലും.” അവർ പറഞ്ഞു: “നമുക്കു പെൺകുട്ടിയെ വിളിച്ചു ചോദിക്കാം.” അവർ റിബേക്കായെ വിളിച്ചു ചോദിച്ചു: “ഈ ആളിന്റെകൂടെ പോകുന്നുവോ?” “പോകുന്നു” എന്ന് അവൾ മറുപടി പറഞ്ഞു. അങ്ങനെ അവർ റിബേക്കായെ അവളുടെ പരിചാരികയോടൊപ്പം അബ്രഹാമിന്റെ ദാസന്റെയും അനുയായികളുടെയുംകൂടെ യാത്രയാക്കി. തത്സമയം അവർ റിബേക്കായെ അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞു: “സഹോദരീ, നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും മാതാവായിത്തീരട്ടെ; നിന്റെ സന്താനപരമ്പരകൾ ശത്രുക്കളുടെ പട്ടണവാതിലുകൾ കൈവശപ്പെടുത്തട്ടെ.” പിന്നെ റിബേക്കായും ദാസിമാരും ഒട്ടകപ്പുറത്തു കയറി ആ മനുഷ്യനെ അനുഗമിച്ചു; അങ്ങനെ അബ്രഹാമിന്റെ ദാസൻ റിബേക്കായെ കൂട്ടിക്കൊണ്ടു യാത്രയായി. ഇസ്ഹാക്ക് ആ ഇടയ്‍ക്ക് ബേർ-ലഹയീരോയീയിൽനിന്നു വന്നു നെഗെബിൽ താമസിച്ചു. ഒരു സന്ധ്യാസമയത്ത് ഇസ്ഹാക്ക് ചിന്താമഗ്നനായി വിജനസ്ഥലത്ത് ഇരിക്കുകയായിരുന്നു. അയാൾ നോക്കിയപ്പോൾ ഒട്ടകങ്ങൾ വരുന്നതു കണ്ടു. റിബേക്കായും ഇസ്ഹാക്കിനെ കണ്ടു, ഉടനെ അവൾ ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി: “നമുക്ക് അഭിമുഖമായി വരുന്ന ആ മനുഷ്യൻ ആരാണ്” എന്നു ദാസനോടു ചോദിച്ചു. “അതാണ് എന്റെ യജമാനൻ” എന്ന് അയാൾ പ്രതിവചിച്ചു. അപ്പോൾ അവൾ മൂടുപടമെടുത്തു മുഖം മൂടി. താൻ ചെയ്തതെല്ലാം ദാസൻ ഇസ്ഹാക്കിനോടു വിവരിച്ചു. ഇസ്ഹാക്ക് അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അയാൾ അവളെ തന്റെ ഭാര്യയായി സ്വീകരിച്ചു; അയാൾ അവളെ സ്നേഹിച്ചു. അമ്മ മരിച്ച ദുഃഖത്തിന് അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം ലഭിച്ചു.

GENESIS 24 വായിക്കുക

GENESIS 24:28-67 - നുള്ള വീഡിയോ