GENESIS 22:2-14

GENESIS 22:2-14 MALCLBSI

ദൈവം അരുളിച്ചെയ്തു: “നീ സ്നേഹിക്കുന്ന നിന്റെ ഏകപുത്രനായ ഇസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോറിയാദേശത്തേക്കു പോകുക. അവിടെ ഞാൻ കല്പിക്കുന്ന മലയിൽ ചെന്ന് അവനെ എനിക്കു ഹോമയാഗമായി അർപ്പിക്കുക.” അബ്രഹാം അതിരാവിലെ എഴുന്നേറ്റ് കഴുതയ്‍ക്കു കോപ്പിട്ട് ഒരുക്കി, ഹോമയാഗത്തിനുള്ള വിറക് തയ്യാറാക്കി, ഇസ്ഹാക്കിനെയും രണ്ടു ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അബ്രഹാം ദൂരത്തായി ആ മല കണ്ടു. അപ്പോൾ അദ്ദേഹം ഭൃത്യന്മാരോടു പറഞ്ഞു: “നിങ്ങൾ ഇവിടെ കഴുതയുമായി കാത്തുനില്‌ക്കുക; ഞാനും ബാലനും ആ മലയിൽ ചെന്ന് ആരാധിച്ചതിനുശേഷം തിരിച്ചുവരാം.” അബ്രഹാം ഹോമയാഗത്തിനുള്ള വിറക് ഇസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻതന്നെ എടുത്തു; അവർ ഇരുവരും ഒരുമിച്ചു യാത്രയായി. വഴിയിൽവച്ചു ഇസ്ഹാക്ക് അപ്പനോടു ചോദിച്ചു: “അപ്പാ, വിറകും തീയും നാം കൊണ്ടുവന്നിട്ടുണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” അബ്രഹാം പറഞ്ഞു: “മകനേ, ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവം കരുതിക്കൊള്ളും.” അവർ ഒന്നിച്ചു വീണ്ടും യാത്ര തുടർന്നു. ദൈവം കല്പിച്ച സ്ഥലത്ത് അവർ എത്തി. അബ്രഹാം അവിടെ ഒരു യാഗപീഠം ഒരുക്കി; അതിൽ വിറകും അടുക്കിവച്ചു. പിന്നീട് ഇസ്ഹാക്കിനെ ബന്ധിച്ച് യാഗപീഠത്തിന്മേൽ വിറകിനു മീതെ കിടത്തി. അതിനുശേഷം മകനെ കൊല്ലാൻ അബ്രഹാം കത്തിയെടുത്തു. തൽക്ഷണം ഒരു ദൈവദൂതൻ ആകാശത്തുനിന്ന് “അബ്രഹാമേ, അബ്രഹാമേ” എന്നു വിളിച്ചു. “അടിയൻ ഇതാ” അബ്രഹാം മറുപടി പറഞ്ഞു. ദൂതൻ പറഞ്ഞു: “ബാലന്റെമേൽ കൈവയ്‍ക്കരുത്; അവനെ ഒന്നും ചെയ്യരുത്. നിന്റെ ഭക്തി എനിക്കു ബോധ്യമായിരിക്കുന്നു. ഏകപുത്രനെ തരാൻ നീ മടിച്ചില്ലല്ലോ.” അബ്രഹാം ചുറ്റും നോക്കിയപ്പോൾ, കുറ്റിക്കാട്ടിൽ കൊമ്പ് കുരുങ്ങിക്കിടക്കുന്ന ഒരു മുട്ടാടിനെ കണ്ടു; അദ്ദേഹം അതിനെ കൊണ്ടുവന്നു മകനു പകരം ഹോമയാഗമായി അർപ്പിച്ചു. അബ്രഹാം ആ സ്ഥലത്തിനു യാഹ്‍വേയിരെ എന്നു പേരിട്ടു. “സർവേശ്വരന്റെ പർവതത്തിൽ അവിടുന്നു ദർശനം അരുളും എന്ന് ഒരു ചൊല്ല് ഇങ്ങനെയുണ്ടായി.

GENESIS 22 വായിക്കുക

GENESIS 22:2-14 - നുള്ള വീഡിയോ