GENESIS 21:9-19

GENESIS 21:9-19 MALCLBSI

സാറായുടെ ദാസി ഈജിപ്തുകാരി ഹാഗാറിൽ അബ്രഹാമിനു ജനിച്ച പുത്രൻ തന്റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം കളിക്കുന്നതു സാറാ കണ്ടു. അതുകൊണ്ട് അവൾ അബ്രഹാമിനോടു പറഞ്ഞു: “ഈ അടിമപ്പെണ്ണിനെയും പുത്രനെയും പുറത്താക്കുക. ഇവളുടെ പുത്രൻ എന്റെ പുത്രനായ ഇസ്ഹാക്കിനോടൊപ്പം അവകാശി ആയിക്കൂടാ.” ഇശ്മായേലും തന്റെ പുത്രനാകയാൽ സാറായുടെ വാക്കുകൾ അബ്രഹാമിനെ ദുഃഖിപ്പിച്ചു. ദൈവം അബ്രഹാമിനോടു പറഞ്ഞു: “ബാലനെക്കുറിച്ചും നിന്റെ ദാസിയെക്കുറിച്ചും നീ ദുഃഖിക്കേണ്ടാ; സാറാ പറഞ്ഞതുപോലെ ചെയ്യുക; ഇസ്ഹാക്കിലൂടെ ആയിരിക്കും നിന്റെ സന്താനപരമ്പര അറിയപ്പെടുക. അടിമപ്പെണ്ണിലുള്ള നിന്റെ മകനെയും ഞാൻ ഒരു വലിയ ജനതയാക്കും. അവനും നിന്റെ സന്തതി ആണല്ലോ.” അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോൽസഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവർ ബേർ-ശേബാ മരുഭൂമിയിൽ അലഞ്ഞുനടന്നു. തോൽസഞ്ചിയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ അവൾ അവനെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. ‘കുഞ്ഞു മരിക്കുന്നതു കാണാൻ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവൾ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിർവശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു; ദൈവത്തിന്റെ ഒരു ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ചു ചോദിച്ചു: “ഹാഗാറേ, നീ എന്തിനു വിഷമിക്കുന്നു? ഭയപ്പെടേണ്ടാ; കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുക: നീ ചെന്ന് അവനെ മാറിലണച്ച് ആശ്വസിപ്പിക്കുക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും.” ദൈവം അവളുടെ കണ്ണുകൾ തുറന്നു; അവൾ ഒരു നീരുറവ കണ്ടു; അവൾ ചെന്നു തോൽസഞ്ചിയിൽ വെള്ളം നിറച്ചു ബാലനു കുടിക്കാൻ കൊടുത്തു.

GENESIS 21 വായിക്കുക

GENESIS 21:9-19 - നുള്ള വീഡിയോ